തിരുവനന്തപുരം: മൽസ്യത്തൊഴിലാളി മേഖലകളിലെ സ്കൂളുകളിൽ ആധുനിക കമ്പ്യൂട്ടർ ലാബുകൾ വേണമെന്ന് നിയമസഭ സമിതി. പി.പി ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷനായ മൽസ്യത്തൊഴിലാളികളുടെയും അനുബന്ധത്തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയാണ് റിപ്പോർട്ട് നിൽകിയത്.
നിലവിലുള്ള അധ്യാപകരുടെയും വിദ്യാർഥികളുടെയും എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സ്കൂളുകളിൽ ആധുനിക സൗകര്യങ്ങളോടുകൂടി സയൻസ്, കമ്പ്യൂട്ടർ ലാബുകൾ, ലൈബ്രറികൾ എന്നിവ സജ്ജീകരിക്കണമെന്നും ടോയ് ലറ്റ് സൗകര്യം നിർബന്ധമായും ലഭ്യമാക്കണമെന്നും സമിതി ശിപാർശ ചെയ്തു.
മത്സ്യത്തൊഴിലാളികളുടെ കുട്ടികളുടെ പഠനത്തിനായി മത്സ്യ ബന്ധന വകുപ്പിനു കീഴിൽ ഫിഷറീസ് സ്കൂളുകളും ഫിഷറീസ് ടെക്നിക്കൽ സ്കൂളുകളും പ്രവർത്തിക്കുന്നുണ്ട്. എല്ലാ ഫിഷറീസ് ടെക്നിക്കൽ സ്കൂളുകളും ജില്ലാ പഞ്ചായത്തുകൾക്ക് കൈമാറിയിട്ടുണ്ടെങ്കിലും മുനിസിപ്പാലിറ്റി കോർപ്പറേഷൻ പ്രദേശങ്ങളിലെ സ്കൂളുകളുടെ കാര്യം ജില്ലാ പഞ്ചായത്തുകൾ പരിഗണിക്കുന്നില്ല. അതിനാൽ ഈ സ്കൂളുകളുടെ മെൽനോട്ട ചുമതല അതത് പ്രദേശങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളെ ഏല്പിക്കണമെന്നാണ് സമിതിയുടെ ശിപാർശ.
മത്സ്യവിപണനം നടത്തുന്ന സ്ത്രീകൾക്ക് വിപണന സ്ഥലത്ത് മത്സ്യം എത്തിക്കുന്നതിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച് ഫിഷ് ലാന്റിങ് സെന്ററുകളിൽ നിന്ന് അവർക്ക് പ്രത്യേകമായി വാഹന സൗകര്യം ഏർപ്പെടുത്തണമെന്നും സ്ത്രീകൾ കച്ചവടത്തിന് പോകുന്ന സമയത്ത് അവരുടെ കുട്ടികളെ സുരക്ഷിതമായി പാർപ്പിക്കുന്നതിന് ഡേ കെയർ സെന്ററുകൾ ആരംഭിക്കണമെന്നാണ് മറ്റൊരു ശിപാർശ.
മൽസ്യത്തൊഴിലാളി കോളനികളിലെ സാനിട്ടേഷനുവേണ്ടി മത്സ്യ ബന്ധന വകുപ്പ് ഓരോ വർഷവും ആവശ്യകതകളെക്കുറിച്ച് ചർച്ച നടത്തി ജില്ലകളെ തെരഞ്ഞെടുത്ത് ഫണ്ട് നൽകുന്നതായി സമിതി മനസിലാക്കുന്നു. അതിനാൽ സാനിറ്റേഷനുവേണ്ടി ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ള തുക വിനിയോഗിച്ച് അതുമായി ബന്ധപ്പെട്ട പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും സമിതി ശിപാർശ ചെയ്തു.
സാനിട്ടേഷൻ സൗകര്യം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങള പങ്കാളികളാക്കികൊണ്ട് എല്ലാ ഫിഷ് ലാന്റിങ് സെന്ററുകളിലും പബ്ലിക് ടോയ് ലറ്റുകൾ നിർമിച്ച് ടോട്ടൽ സാനിറ്റേഷൻ പദ്ധതി നടപ്പിലാക്കണം.
പുതിയ ഭവന നിർമാണ പദ്ധതികൾ നടപ്പിലാക്കുമ്പോൾ ഗുണഭോക്താക്കളുടെ പരാതി ഒഴിവാക്കുന്നതിനും പരാതികൾ വിജയകരമാക്കുന്നതിനുമായി ഗുണഭോക്താക്കളുടെ ഒരു വുഹിതം സംഭാവനയായി സ്വീകരിക്കുന്നതിനും, റോഡ് സൗകര്യം ഇല്ലാത്ത കോളനികളിലേക്ക് നിർമാണ സാമഗ്രികൾ ചുമന്നുകൊണ്ടുപോകേണ്ട സന്ദർഭങ്ങളിൽ ഗുണഭോക്താക്കളെ കൂടി ഉൾപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കണമെന്ന് സമിതി ശിപാർശ ചെയ്തു.
മത്സ്യത്തൊഴിലാളികൾ നേരിടുന്ന ഏറ്റവും ദുഃഖകരമായ കാര്യം അവരുടെ മൃതദേഹം മറവുചെയ്യാൻ സ്ഥലമില്ലെന്നതാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ കടൽത്തീരമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ സ്ഥിതി മാറേണ്ടതുണ്ട്. അതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടുകൂടി മത്സ്യത്തൊഴിലാളികൾക്കായി പൊതുശ്മശാനം സജ്ജമാക്കണമെന്ന് സമിതിയുടെ ശിപാർശ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.