മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെ പ്രകടമായിത്തന്നെ ഓരോ ജാതിമത പ്രസ്ഥാനത്തിലെയും അധികാരി ചമഞ്ഞെത്തുന്നവർ ഭീഷണിപ്പെടുത്തുന്നതും നേതാക്കൾ വിരണ്ടുപോകുന്നതും സാധാരണമായിരിക്കുന്നു. ഭയം കളഞ്ഞ് സമുദായ സംഘടനകളെ നിയന്ത്രിക്കാൻ രാഷ്ട്രീയ പാർട്ടികൾ പരിശ്രമിക്കണം. ജാതി മത കക്ഷിരാഷ്ട്രീയം പറയുന്നതിന് പണ്ടൊക്കെ കുറച്ച് ഒളിയും മറ്റും ഉണ്ടായിരുന്നു. അതൊക്കെ പോയിരിക്കുന്നു.
കുറുക്കുവഴി തേടുന്ന തിരക്കിൽ നാം ഓർക്കേണ്ടതൊക്കെ മറക്കുന്നു
നമ്മുടെ മതേതര സമീപനങ്ങൾ അവസരവാദപരവും കപടതയുടെ പാറപ്പുറത്ത് ഉറങ്ങുന്ന ഓന്തുമാണ്. ജാതി ഉപബോധത്തിെൻറ നിരന്തര ആക്രമണത്തിൽനിന്ന് ഒരു മുഖ്യമന്ത്രിക്കുപോലും രക്ഷകിട്ടാത്ത നാടാണിത്. ഇന്ന് ജീവിക്കുന്നവരിൽ കേരളത്തിലെ ഏറ്റവും ആജ്ഞാശക്തിയുള്ള ഒരാൾ ആഭ്യന്തരവകുപ്പിൽ ഏറ്റവും ദുർബലനായിപ്പോകുന്ന സന്ദർഭങ്ങൾ എന്തുകൊണ്ട് സംഭവിച്ചു എന്ന് പരിശോധിക്കപ്പെട്ടിട്ടില്ല.
ഈ തെരഞ്ഞെടുപ്പ് വേളയിലും ഭരണ പ്രതിപക്ഷ ഭേദമന്യേ ഇക്കാര്യത്തിൽ നിശ്ശബ്ദത പാലിക്കും. കേരളത്തിെൻറ മതേതര സങ്കൽപങ്ങൾ നവോത്ഥാന പ്രസ്ഥാനങ്ങളുടെ സംഭാവനയാണ്. കള്ളു കുടിക്കരുത്, ചെത്തരുത്, വിൽക്കരുത് എന്ന മഹാനായ ശ്രീനാരായണ ഗുരുവിെൻറ പ്രസ്ഥാനത്തിെൻറ അമരക്കാരൻ ഒരു അബ്കാരി കോൺട്രാക്ടറാവുന്നതിെൻറ യുക്തിപോലും നമ്മെ അലട്ടുന്നില്ല. കുറുക്കുവഴികൾ തേടുന്ന തിരക്കിൽ നാം ഓർക്കേണ്ടതൊക്കെ മറക്കുകയും മറക്കേണ്ടതൊക്കെ ഓർക്കുകയും ചെയ്യും. തെരഞ്ഞെടുപ്പിൽ ജാതി മത സമവാക്യങ്ങൾ അപ്രത്യക്ഷമാവുമ്പോഴാണ് നീതിപുലരുന്ന തെരഞ്ഞെടുപ്പ് കാലം എന്നത് ഒരു യാഥാർഥ്യമാവുക.
അവകാശബോധം കേരളത്തെ വേറിട്ടുനിർത്തുന്നു
കേരളത്തിൽ സംഭവിച്ച വിവിധ തരം ആത്മീയ/രാഷ്ട്രീയ നവോത്ഥാന പ്രസ്ഥാനങ്ങൾ, ഏറ്റവും താഴെക്കിടയിലുള്ള മനുഷ്യർക്കു മുന്നിൽപോലും തുറന്നിട്ട സാക്ഷരത/വായനാ സംസ്കാരം, നിയമബോധം, വിദ്യാഭ്യാസ മുന്നേറ്റം, രാഷ്ട്രീയ സാക്ഷരത, എൺപതുകളോടെ ശക്തിപ്പെട്ട ഗൾഫ് സമ്പത്തിെൻറ സ്വാധീനം, ഇവ കൂടിച്ചേർന്ന് തുറന്നിട്ട മാനവിക-സാങ്കേതിക വിദ്യാഭ്യാസം, ആരോഗ്യകാര്യങ്ങളിലെ ജാഗ്രത, ഉത്തരവാദിത്തബോധം വേണ്ടത്ര അളവിൽ ഒപ്പം വളർന്നില്ലെങ്കിലും ആത്മബോധത്തിലധിഷ്ഠിതമായ അവകാശബോധം തുടങ്ങിയ വ്യത്യാസങ്ങൾ കേരളത്തെ വേറിട്ടുനിർത്തുന്നുണ്ട്. ആർക്കാണ് വോട്ടു ചെയ്യുന്നതെന്നോ തങ്ങളുടെ ശത്രു ആരെന്നോ പോലും അറിയാത്ത ഒട്ടുമിക്ക വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും ഏറെ വിഭിന്നമാണ് കേരളം.
വോട്ടർക്ക് ഓഡിറ്റ് ചെയ്യാൻ ഉത്തരവാദിത്തമുണ്ട്
പാർട്ടികളും നേതാക്കളും മാധ്യമങ്ങളും മുന്നോട്ടുവെക്കുന്ന അജണ്ടകളെക്കാൾ അത് നടപ്പിൽവരുത്തിയോ, വരുത്തിയെങ്കിൽ എത്രകണ്ട് ജനകീയമായി ഫലപ്രദമായിട്ടുണ്ട് ഇവയെല്ലാം പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇക്കാര്യത്തിൽ കഴിഞ്ഞ യു.ഡി.എഫ് മുന്നോട്ടുവെച്ച വാഗ്ദാനങ്ങളും ഇടതുപക്ഷം വെച്ച വാഗ്ദാനങ്ങളും നടപ്പാക്കിയതിെൻറ ശതമാനക്കണക്കെടുത്ത് പരിശോധിക്കുക.
പാവപ്പെട്ടവന്റെ നീതിക്കുതന്നെ മുൻഗണന
കഴിഞ്ഞ നാലഞ്ചു വർഷത്തിനകത്ത് കേരളം നേരിട്ടത് പ്രകൃതിദുരന്തങ്ങളും കോവിഡും അതിനോടനുബന്ധിച്ച് സംഭവിച്ച ചരിത്രത്തിലിന്നേവരെ ഉണ്ടായിട്ടില്ലാത്ത വമ്പിച്ച അരക്ഷിതാവസ്ഥകളുമാണ്. സംസ്ഥാന സർക്കാർ ജനങ്ങൾക്ക് മാനസികമായി രക്ഷാബോധം നൽകുന്ന കാര്യത്തിൽ വലിയ വിജയമായിരുന്നു എന്ന് പറയാതിരിക്കാനാവില്ല.
ഒരു സർക്കാർ രക്ഷിതാവിെൻറ റോളിൽ ഉയരുന്നത് നാം കണ്ടു. എന്നാൽ, കേന്ദ്ര സർക്കാറിെൻറ സാന്നിധ്യം ഉണ്ടായതായി ഇവിടത്തെ പൊതു സമൂഹമനസ്സിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല. 'മേൽഘടക'ത്തിലൊന്നും ഒരു പിടിയുമില്ലാത്ത സാധാരണക്കാർക്കും പാവപ്പെട്ടവർക്കും വിവിധ മണ്ഡലങ്ങളിൽ ലഭിക്കേണ്ട നീതിക്കുതന്നെയാവണം ജനാധിപത്യത്തിൽ മുൻഗണന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.