നിലമ്പൂർ: എ.ടി.എം തട്ടിപ്പിലൂടെ ആദിവാസി യുവാവിന് 62,000 രൂപ നഷ്ടപ്പെട്ടു. വഴിക്കടവ് വനാന്തർഭാഗത്തെ പുഞ്ചക്കൊല്ലി കോളനിയിലെ ശബരീശനാണ് പണം നഷ്ടമായത്. പുഞ്ചക്കൊല്ലി ആദിവാസി വനസംരക്ഷണ സമിതിയുടെ പ്രസിഡൻറ് കൂടിയാണ് ശബരീശൻ.
ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. പാസ്വേഡ് അടിച്ചിട്ടും മൊബൈൽ ആപ്പ് തുറക്കാൻ കഴിയാതെ വന്നതോടെ ഗൂഗിളിൽ സേർച്ച് ചെയ്തപ്പോൾ കിട്ടിയ നമ്പറിൽ ബന്ധപ്പെട്ടു. ഫോണെടുത്താൾ യു.ടി.ഐ നമ്പറും പിന്നീട് അക്കൗണ്ട് നമ്പറും 16 അക്ക എ.ടി.എം നമ്പറും ആവശ്യപ്പെട്ടു. ഉടനെ ഫോണിലേക്ക് മൂന്നക്ക ഒ.ടി.പി നമ്പർ വരുമെന്നും ഈ നമ്പർ പറഞ്ഞുകൊടുക്കണമെന്നും ആവശ്യപ്പെട്ടു. ഒ.ടി.പി നമ്പർ പറഞ്ഞുകൊടുത്തതോടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 62,000 രൂപ പിൻവലിച്ചതായി മെസേജ് വന്നു. 62,500 രൂപയാണ് അക്കൗണ്ടിൽ ഉണ്ടായിരുന്നത്.
ജനവാസ കേന്ദ്രമായ ആനമറിയിൽനിന്ന് മൂന്നര കിലോമീറ്റർ ഉൾവനത്തിലാണ് കോളനിയുള്ളത്. കോളനിയിലേക്കുള്ള വനപാതയിലൂടെ ജീപ്പ് മാത്രമേ കടന്നുപോവുകയുള്ളൂ. കോളനിക്കാരുടെ ദുരിതയാത്രക്ക് ആശ്വാസമേകാൻ ജീപ്പ് വാങ്ങുന്നതിനാണ് ശബരീശൻ തെൻറ ഇത്രയും കാലത്തെ സമ്പാദ്യം സ്വരുക്കൂട്ടിയിരുന്നത്. ഇതാണ് തട്ടിപ്പിൽ നഷ്ടമായത്.ഹിന്ദിയും ഇംഗ്ലീഷും കലർന്ന ഭാഷയിലാണ് തട്ടിപ്പുകാരൻ സംസാരിച്ചിരുന്നതെന്ന് ശബരീശൻ പറഞ്ഞു. പുഞ്ചക്കൊല്ലി റബർ പ്ലാേൻറഷൻ കോർപറേഷനിലെ താൽക്കാലിക ജീവനക്കാരനാണ് ശബരീശൻ.
സംഭവവുമായി ബന്ധപ്പെട്ട് ജില്ല പൊലീസ് മേധാവിക്കും വഴിക്കടവ് പൊലീസിനും പരാതി നൽകിയിട്ടുണ്ട്. എടക്കര കനറാബാങ്കിലാണ് അക്കൗണ്ടുള്ളത്. ഓണത്തിന് ബാങ്ക് അവധിയായതിനാൽ ബാങ്ക് അധികൃതരെ അറിയിക്കാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.