കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നടൻ ദിലീപ് അടക്കം 10 പ്രതികൾ ക്കെതിരെ കോടതി കുറ്റം ചുമത്തി. വേങ്ങൂർ നെടുവേലിക്കുടിയിൽ എൻ.എസ്. സുനിൽ എന്ന പൾസർ സുനി (30), കൊരട്ടി തിരുമുടിക്കുന്ന് പാവതുശ്ശേരിയില് മാര്ട്ടിന് ആൻറണി (26), തമ്മനം മണപ്പാട്ടിപ്പറമ്പിൽ ബി.മണികണ്ഠൻ (30), തലശ്ശേരി കതിരൂർ മംഗലശ്ശേരി വീട്ടിൽ വി.പി. വിജേഷ് (31), ഇടപ്പള്ളി കുന്നുംപുറം പള്ളിക്കപ്പറമ്പിൽ സലിം എന്ന വടിവാൾ സുനി (23), തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ പ്രദീപ് (24), കണ്ണൂർ ഇരിട്ടി പൂപ്പിള്ളിൽ ചാർലി തോമസ് (44), നടൻ ഗോപാലകൃഷ്ണൻ എന്ന ദിലീപ് (50), പത്തനംതിട്ട കോഴഞ്ചേരി സ്നേഹ ഭവനിൽ സനിൽ കുമാർ എന്ന മേസ്തിരി സനിൽ (42), കാക്കനാട് ചെമ്പ്മുക്ക് സ്വദേശി വിഷ്ണു (40) എന്നിവർക്കെതിരെയാണ് എറണാകുളം അഡീഷനൽ സെഷൻസ് ജഡ്ജി ഹണി എം.വർഗീസ് കുറ്റം ചുമത്തിയത്. അടച്ചിട്ട കോടതി മുറിയിൽ ഒരു മണിക്കൂറെടുത്താണ് പ്രതികൾക്കെതിരെ കുറ്റങ്ങൾ ചുമത്തിയത്. തിങ്കളാഴ്ച രാവിലെ 11.10 ഓടെയാണ് കോടതി നടപടികൾ ആരംഭിച്ചത്. കേസിലെ എട്ടാം പ്രതി ദിലീപ് 11 മണിക്ക് തന്നെ കോടതിയിൽ ഹാജരായിരുന്നു.
സാക്ഷി വിസ്താരം എന്ന് തുടങ്ങണമെന്ന കാര്യത്തിൽ ചൊവ്വാഴ്ച തീരുമാനമെടുക്കും. വിസ്താരം തുടങ്ങുന്നതിന് പ്രോസിക്യൂഷൻ ഈമാസം 27ഉം പൾസർ സുനിയുടെ അഭിഭാഷകൻ 28ഉം ദിലീപിെൻറ അഭിഭാഷകൻ 29ാം തീയതിയുമാണ് നിർദേശിച്ചത്. തീയതി സംബന്ധിച്ച് പ്രതിഭാഗവും പ്രോസിക്യൂഷനും വിവിധ അഭിപ്രായങ്ങൾ പറഞ്ഞതോടെയാണ് തീരുമാനം ഇന്നത്തേക്ക് മാറ്റിയത്. വിസ്തരിക്കേണ്ട സാക്ഷികളുടെ പട്ടിക ഇന്നുതന്നെ കൈമാറാൻ പ്രോസിക്യൂഷന് േകാടതി നിർദേശം നൽകിയിട്ടുണ്ട്.
പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 359 സാക്ഷികളാണുള്ളത്. ഇതിൽ ഏതാനും പേരെ വിചാരണയുടെ തുടക്കത്തിൽ തന്നെ വിസ്തരിക്കുന്നതിൽനിന്ന് ഒഴിവാക്കും. ശേഷിക്കുന്നവരെയാവും വിസ്തരിക്കുക. 616 രേഖകളും 250 തൊണ്ടികളും പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കും.
2017 ഫെബ്രുവരി 17നാണ് തൃശൂരിൽനിന്ന് ഷൂട്ടിങ് കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങുകയായിരുന്ന യുവ നടിയെ നെടുമ്പാശ്ശേരിക്ക് സമീപത്തുവെച്ച് തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയത്.
ദിലീപ് അതേ വർഷം ജൂലൈ 10നാണ് അറസ്റ്റിലായത്. കേസിൽ ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കാനാണ് സുപ്രീംകോടതി നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.