പാലക്കാട്: മീഡിയവണ്‍ വാര്‍ത്ത സംഘത്തിനുനേരെ ആക്രമണം. പാലക്കാട് റിപ്പോര്‍ട്ടര്‍ സാജിദ് അജ്മൽ, കാമറമാന്‍ വസീം മുഹമ്മദ്, ഡ്രൈവർ നാസര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജപ്തി നടപടി നേരിടുന്ന പെരുവെമ്പ് സി.എസ് സ്കൂളിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് മാനേജ്മെൻറിെൻറ പ്രതിനിധികള്‍ മർദിച്ചത്. മുമ്പ് ചെയ്തിരുന്ന വാര്‍ത്തയുടെ ഫോളോഅപ് റിപ്പോര്‍ട്ട് ചെയ്യാനായി സ്കൂളിെൻറ പുറത്തുനിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് പ്രകോപിതരായ മാനേജ്മെൻറ് പ്രതിനിധികള്‍ ചാനല്‍സംഘത്തെ അസഭ്യം പറയുകയും കാറില്‍നിന്ന് പുറത്തിറക്കി വലിച്ചിഴച്ച് മർദിക്കുകയും ചെയ്തത്. ക്ലാസ് റൂമില്‍ പൂട്ടിയിട്ടാണ് മര്‍ദിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.
പരിക്കേറ്റ മൂന്നുപേരെയും ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ സ്കൂൾ മാനേജർ ഉൾപ്പെടെ രണ്ടു പേർക്കെതിരെ പുതുനഗരം പൊലീസ് കേസെടുത്തു. പെരുവെമ്പ് സ്വദേശി ഹംസത്ത് അലിക്കും കണ്ടാലറിയുന്ന ഒരു വ്യക്തിക്കും എതിരെയാണ് കേസ്. സംഭവത്തെ കേരള പത്രപ്രവർത്തക യൂനിയൻ പാലക്കാട് ജില്ല കമ്മിറ്റി അപലപിച്ചു. മാധ്യമ പ്രവർത്തകർക്കുനേരെയുള്ള സ്കൂൾ മാനേജ്മെൻറ് ഗുണ്ടായിസം പ്രതിഷേധാർഹമാണെന്ന് ജില്ല പ്രസിഡൻറ് സി.കെ. ശിവാനന്ദനും സെക്രട്ടറി എൻ.എ.എം. ജാഫറും വാർത്തകുറിപ്പിൽ അറിയിച്ചു.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ജില്ല പൊലീസ് മേധാവിയോട് യൂനിയൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.