അട്ടപ്പാടി: അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയവർക്കെതിരെ കോടതിയെ സമീപിച്ച് മധുവിന്റെ അമ്മ മല്ലി. പലരുടെയും സ്വാധീനത്തിന് വഴങ്ങിയാണ് സാക്ഷികൾ മൊഴിമാറ്റിയതെന്നും ഇക്കാര്യം അന്വേഷിക്കാൻ പൊലീസിന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് മണ്ണാർക്കാട് മുൻസിഫ് കോടതിയിൽ മല്ലി പരാതി നൽകിയത്.
രണ്ടു ദിവസം മുമ്പ് കേസിൽ ഒരു സാക്ഷി കൂടി കൂറുമാറിയത്. പതിനേഴാം സാക്ഷി ജോളിയാണ് കൂറ് മാറിയത്. പൊലിസ് നിർബന്ധ പ്രകാരമാണ് നേരത്തെ രഹസ്യമൊഴി നൽകിയതെന്ന് ജോളി പറഞ്ഞു. കേസിൽ ഏഴു സാക്ഷികൾ കൂറുമാറിയിരുന്നു.
കൂറുമാറിയ മുക്കാലി ഫോറസ്റ്റ് സെക്ഷൻ ഓഫീസിലെ അബ്ദുൽ റസാഖിനെയും വനം വകുപ്പ് വാച്ചർ അനിൽ കുമാറിനെയും പിരിച്ചുവിട്ടിരുന്നു.15ാം സാക്ഷി മെഹറുന്നീസയും കൂറുമാറിയിരുന്നു. പൊലീസിൽ താൻ ഇത് വരെ ഒരു മൊഴിയും നൽകിയിട്ടില്ലെന്ന് മെഹറുന്നീസ കോടതിയെ അറിയിച്ചു. പതിനാലാം സാക്ഷി ആനന്ദനും കുറുമാറിയിരുന്നു. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റങ്ങൾക്ക് ഇടയാക്കുന്നതെന്നാണ് മധുവിന്റെ കുടുംബം ആരോപിക്കുന്നത്.
സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യത്തിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. അഡ്വ. രാജേഷ് എം. മേനോനാണ് അട്ടപ്പാടി മധു കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. സി. രാജേന്ദ്രൻ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയായിരുന്നു നിയമനം.
രാജേന്ദ്രനെ നീക്കി പകരം, രാജേഷ് എം.മേനോനെ നിയമിക്കണമെന്ന് മധുവിന്റെ കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് അഡീ. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ആയിരുന്ന രാജേഷ് എം.മേനോനെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.