വിമാന പ്രതിഷേധത്തിൽ വധശ്രമക്കുറ്റം: പൊളിയുമോയെന്ന ആശങ്കയിൽ പൊലീസ്

തിരുവനന്തപുരം: ഭരണപക്ഷത്തെ പ്രമുഖരുടെ പ്രസ്താവനയുടെയും കേന്ദ്രസർക്കാറിന്‍റെ ഇടപെടലിന്‍റെയും അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തിയത് പൊളിയുമോയെന്ന ആശങ്കയിൽ പൊലീസ്.

അതിനാൽ എയർക്രാഫ്റ്റ് നിയമലംഘനത്തിൽ കൂടുതൽ കേന്ദ്രീകരിക്കാനുള്ള നീക്കവും പൊലീസ് ആരംഭിച്ചിട്ടുണ്ട്. തുടർന്നാണ് കോടതി മാറ്റിച്ചതും അക്കാര്യങ്ങൾ തിരുവനന്തപുരം പ്രിൻസിപ്പൽ കോടതിയെ അറിയിക്കാനുള്ള പൊലീസിന്‍റെ നീക്കവും.

പ്രതിഷേധമുണ്ടായപ്പോൾ മുഖ്യമന്ത്രി വിമാനത്തിലുണ്ടായിരുന്നെന്ന ഇൻഡിഗോ വിമാനക്കമ്പനി അധികൃതരുടെ റിപ്പോർട്ട് ഗുണം ചെയ്യുമെന്ന പ്രതീക്ഷയും പൊലീസിനുണ്ട്.

എന്നാൽ മുഖ്യമന്ത്രി വിമാനത്തിലുണ്ടായിരുന്നത് സംബന്ധിച്ച് വ്യക്തത വരുത്താൻ അന്വേഷണസംഘത്തിനും സാധിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. എന്നാൽ പ്രതിഷേധമുണ്ടായപ്പോൾ മുഖ്യമന്ത്രി വിമാനത്തിലുണ്ടായിരുന്നില്ലെന്നാണ് സംഭവം കഴിഞ്ഞ് അൽപസമയത്തിനുള്ളിൽ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പ്രതികരിച്ചത്. ഇത് പൊതുസമൂഹത്തിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് പൊലീസിന് ആശങ്കയുണ്ട്.

വിമാനത്തിലെ കാമറയും മറ്റും പരിശോധിക്കുമ്പോൾ പ്രതിഷേധിക്കുന്ന സമയത്ത് മുഖ്യമന്ത്രി വിമാനത്തിൽ ഇല്ലെന്ന് വ്യക്തമായാൽ വധശ്രമക്കുറ്റം നിലനിൽക്കില്ലെന്ന ആശങ്കയും അന്വേഷണസംഘത്തിനുണ്ട്. പ്രതിഷേധിക്കാനായി മൂന്നുപേര്‍ വിമാനത്തില്‍ കയറുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ നേരേത്ത അറിഞ്ഞിരുന്നതായുള്ള കോടിയേരിയുടെ പ്രതികരണവും പ്രതിഭാഗത്തിന് കോടതിയിൽ ചോദ്യം ചെയ്യാനാകുമെന്നാണ് നിയമവിദഗ്ധർ പറയുന്നത്.

ഇൻഡിഗോ റിപ്പോർട്ടിനെ ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തിയതും അതിന്‍റെ കൂടി അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി വ്യക്തമാക്കിയതും പുതിയൊരു ദിശയിലേക്ക് കേസിനെ കൊണ്ടുപോകുമെന്ന് വ്യക്തമാണ്.

Tags:    
News Summary - Attempted murder in air protest: Police worry about the charges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.