കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ കബറടക്കം ഇന്ന് നടക്കും. കോട്ടയം ദേവലോകം അരമനയിലാണ് സംസ്കാര ശുശ്രൂഷകൾ.
മൂന്നിന് കബറടക്ക ശുശ്രൂഷ ആരംഭിക്കും. അഞ്ചിന് ദേവലോകം കാതോലിക്കേറ്റ് അരമനയുടെ ചാപ്പലിലെ കബറിടത്തില്‍ സംസ്കാരം നടക്കും. 5.30ന് ശുശ്രൂഷകൾ പൂർത്തിയാകും.
ഇന്നലെ പരുമല ആശുപത്രിയിൽനിന്ന് രാവിലെ 5.30ന് ഭൗതികശരീരം പരുമല പള്ളിയിൽ എത്തിച്ചു. ഡോ. ഗീവർഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയുടെ കുർബാനക്കുശേഷം പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ അേന്ത്യാപചാരമർപ്പിച്ചു. വിടവാങ്ങല്‍ പ്രാർഥനക്കുശേഷം വിലാപയാത്രയായി കാവുംഭാഗം, മുത്തൂര്‍, ചങ്ങനാശ്ശേരി വഴി രാത്രി ഒമ്പതോടെ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലെത്തിക്കുകയായിരുന്നു.
ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ ഖബറടക്ക ശുശ്രൂഷകളുമായി ബന്ധപ്പെട്ട് കോട്ടയം നഗരത്തില്‍ ചൊവ്വാഴ്ച രാവിലെ 6 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
1. കോട്ടയം ടൗണില്‍ നിന്നും കൊല്ലാട് ഭാഗത്തേക്ക് വൺ വേ ഗതാഗതം മാത്രം. കടുവാക്കുളം ഭാഗത്തുനിന്നും കഞ്ഞികുഴി, കോട്ടയം ടൗൺ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കടുവാക്കുളത്തുനിന്നും തിരിഞ്ഞ് ദിവാന് കവല, മണിപ്പുഴ വഴി പോകേണ്ടതാണ്.
2. കടുവാക്കുളം ഭാഗത്തു നിന്നും മണര്‍കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ നാല്ക്കവലയില് നിന്നും തിരിഞ്ഞ് പാറക്കല്‍ കടവ്, പുതുപ്പള്ളി വഴി പോകേണ്ടതാണ്.
3. സംസ്കാര ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ എത്തുന്ന വി.വി.ഐ.പി വാഹനങ്ങള്‍ക്ക് അരമനയുടെ കോമ്പൗണ്ടിൽ പാര്‍ക്കിങ് ക്രമീകരിച്ചിട്ടുണ്ട്. മറ്റുള്ള വാഹനങ്ങള്‍ മാര്‍ ബസേലിയസ് സ്കൂൾ ഗ്രൗണ്ടിലെത്തി പാര്‍ക്ക് ചെയ്യേണ്ടതും വാഹനങ്ങളില്‍ എത്തുന്നവരെ അവിടെനിന്നും സഭാ അധികൃതര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക വാഹനങ്ങളില്‍ അരമനയില്‍ എത്തിക്കുന്നതും തിരികെ സ്കൂള്‍ ഗ്രൗണ്ടില്‍ എത്തിക്കുന്നതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.