തിരുവനന്തപുരം: കിണറ്റിൽ വീണ കരടി മുങ്ങിച്ചാകാനിടയായ സംഭവം വിശദമായി അന്വേഷിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് ആർക്കെങ്കിലും വീഴ്ചയുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കും. എന്നാൽ ബോധപൂർവം വീഴ്ച വരുത്തിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ നൽകിയ മറുപടി. കരടിയെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. ഏതായാലും രണ്ടു ദിവസത്തിനകം വിശദ റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വെള്ളനാട്ട് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വ്യാഴാഴ്ച പുലർച്ചെ 12 മണിയോടെയാണ് കരടി വീണത്. വെള്ളത്തിൽ വീണ് എട്ട് മണിക്കൂറോളം ജീവനുവേണ്ടി പിടഞ്ഞ കരടിയെ വേണ്ടത്ര മുന്നൊരുക്കം നടത്താതെയാണ് മയക്കുവെടിവെച്ചത്. ഒരു മണിക്കൂറിലേറെ വെള്ളത്തില്‍ മുങ്ങിത്താണുകിടന്ന കരടിയെ പിന്നീട് അഗ്നിരക്ഷാസേന എത്തിയാണ് കരക്കെടുത്തത്.അപ്പോഴേക്കും അത് ചത്തിരുന്നു.
മാനദണ്ഡങ്ങൾ പാലിക്കാതെയാണ് രക്ഷാ ദൗത്യം നടത്തിയതെന്നാണ് ഡി.എഫ്.ഒയുടെ അടിയന്തര റിപ്പോർട്ട്. മയക്കുവെടിവെക്കുന്നതിനുള്ള നിരീക്ഷണത്തിലും പാളിച്ചയുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. മയക്കുവെടിയേറ്റ കരടി കിണറ്റില്‍ മുങ്ങിയതോടെ വെള്ളം വറ്റിക്കാന്‍ മോട്ടറുകളുമായി ഓടിയെത്തിയത് നാട്ടുകാരായിരുന്നു. മയക്കുവെടിയേറ്റ കരടി വെള്ളത്തിലേക്ക് വീഴാനുള്ള സാധ്യത വനം വകുപ്പ് പരിഗണിച്ചില്ലന്ന് നാട്ടുകാർ ആരോപിച്ചു. രക്ഷാ ദൗത്യത്തിന് അഗ്നി ശമന സേനയെ വിളിക്കുന്നതിലും വീഴ്ചയുണ്ടായതായി ആരോപണമുണ്ട്.
കിണറ്റിൽ വീണതിന്റെ പരിക്കുണ്ടെങ്കിലും കരടി വെള്ളത്തിൽ മുങ്ങിയതുമൂലമാണ് ചത്തതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.