പന്തീരാങ്കാവ്: ഒഡിഷയിൽനിന്ന് വന്ന ലോറിയിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പൊലീസ് പിടികൂടി. പന്തീരാങ്കാവ് ബൈപാസിൽ കൊടൽ നടക്കാവിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിയോടെ സിറ്റി പൊലീസ് നാർകോട്ടിക് അസിസ്റ്റൻറ് കമീഷണർ ഇ. സുനിൽകുമാറിെൻറ നേതൃത്വത്തിലുള്ള സംഘമാണ് വിപണിയിൽ കോടികൾ വില വരുന്ന 125 കിലോ കഞ്ചാവുമായി വന്ന ലോറി പിടികൂടിയത്. ലോറി ഡ്രൈവർ തിരൂർ ഒഴൂർ മങ്ങാട്ട് വീട്ടിൽ പ്രദീപി (43)നെ അറസ്റ്റ് ചെയ്തു.
ഒഡിഷയിലെ റായ്ഗഢിൽ നിന്ന് വന്ന ലോറി മലപ്പുറത്ത് ചരക്കിറക്കിയ ശേഷം കോഴിക്കോടേക്കുള്ള യാത്രയിൽ പൊലീസും നാർക്കോട്ടിക്ക് വിഭാഗവും ചേർന്ന് പിടികൂടുകയായിരുന്നു. പാക്കറ്റുകളിലാക്കി ലോറിയിൽ പ്ലാസ്റ്റിക് പായയിട്ട് മൂടിയ നിലയിലായിരുന്നു. സിറ്റി പൊലീസിന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് പൊലീസ് ലോറി പിടികൂടിയത്.കോഴിക്കോട് രജിസ്ട്രേഷനുള്ള വണ്ടി മൈസൂരുവിൽ നിന്ന് വിശാഖപട്ടണത്തേക്ക് ചരക്കുമായി പോയതാണ്. അവിടെ നിന്നാണ് ഒഡിഷയിലേക്കുപോയി കഞ്ചാവ് കയറ്റിയത്. പന്തീരാങ്കാവ് ഇൻസ്പെക്ടർ ബൈജു കെ. ജോസ്, എസ്.ഐമാരായ എം.കെ. രഞ്ജിത്ത്, സി. വിനായകൻ, സ്പെഷൽ ബ്രാഞ്ച് എസ്.ഐ വിജയൻ, സിറ്റി പൊലീസ് കമീഷണറുടെ കീഴിലുള്ള 'ഡാൻസഫ്' സ്ക്വാഡിലെ എം. മുഹമ്മദ് ഷാഫി, എം. സജി, കെ. അഖിലേഷ്, കെ.എ. ജോമോൻ, എം. ജിനേഷ്, എ.വി. സുമേഷ്, പി. ശ്രീജിത്ത്, പി.ടി. സഹീർ എന്നിവരാണ് കഞ്ചാവ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
നഗരത്തിലെ വലിയ കഞ്ചാവ് വേട്ട
പന്തീരാങ്കാവ്: കോഴിക്കോട് സിറ്റി പൊലീസ് പരിധിയിൽ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് ചൊവ്വാഴ്ച പന്തീരാങ്കാവിൽ നടന്നത്. ജില്ലയിൽ എക്സൈസും പൊലീസും നടത്തിയ റെയ്ഡുകളിൽ 10 മുതൽ 50 കിലോ വരെയാണ് ഇതുവരെ പിടികൂടിയത്. എന്നാൽ, മറ്റു ചരക്കുകളൊന്നുമില്ലാതെ 125 കിലോ കഞ്ചാവ് ലോറിയിൽ കടത്തിക്കൊണ്ടുവന്നത് പുതിയ സംഭവമായി.
ലോക്ഡൗൺ തുടങ്ങിയതോടെ കഞ്ചാവ് വിൽപനയും ഉപയോഗവും വർധിച്ചിട്ടുണ്ട്. മുമ്പ് ഉണ്ടായിരുന്നതിനെക്കാൾ പതിന്മടങ്ങാണ് ഇപ്പോൾ കഞ്ചാവിന് വിപണി വില. ട്രെയിനിലൂടെ കടത്താനുള്ള സാഹചര്യം കുറഞ്ഞതോടെയാണ് ചരക്ക് ലോറികൾ വഴി വലിയ അളവിൽ കഞ്ചാവ് കടത്ത് കൂടിയത്.
ആന്ധ്ര, ഒഡിഷ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് കേരളത്തിലേക്ക് കടത്തിയിരുന്ന കഞ്ചാവ് നിലവധി തവണ പൊലീസ് പിടികൂടിയിരുന്നു. റായ്ഘട്ടിലെ രഹസ്യകേന്ദ്രത്തെകുറിച്ച് കോഴിക്കോട് ഡിസ്ട്രിക്റ്റ് ആൻറി നാർകോട്ടിക് സ്പെഷൽ ഫോഴ്സ്ന് ലഭിച്ച വിവരത്തെ തുടർന്നാണ് പൊലീസ് ലോറി പിടികൂടിയത്. ഇതരസംസ്ഥാനങ്ങളിൽ ചരക്ക് നീക്കം നടത്തുന്ന ലോറികളെ നിരീക്ഷിക്കാൻ കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമീഷണർ സുജിത്ത്ദാസ് നാർകോട്ടിക് സെൽ എ.സി.പി സുനിൽകുമാറിന് നിർദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് സ്പെഷൽ സ്ക്വാഡ് 'ഡൻസാഫ്' ദൗത്യം ഏറ്റെടുത്തത്. മറ്റു സംസ്ഥാനങ്ങളുമായി വിവരകൈമാറ്റം നടത്തിയാണ് പൊലീസ് വാഹനങ്ങൾ നിരീക്ഷിച്ചത്.
കുടകിൽനിന്ന് ചെന്നൈയിലേക്ക് ഇഞ്ചിയുമായിപോയ ലോറി ചരക്കൊന്നുമില്ലാതെ തമിഴ്നാട് അതിർത്തി കടന്നവിവരം പൊലീസിെൻറ ശ്രദ്ധയിൽപെട്ടു. കുറച്ചുദിവസങ്ങളായി ലോറി ചരക്കെടുക്കാതെ കറങ്ങി നടന്നതാണ് സംശയത്തിനിടയായത്. തുടർന്ന്കോഴിക്കോട് സിറ്റി പൊലീസ് പരിധിയിൽ പ്രവേശിക്കുന്ന എല്ലാ ചരക്കുലോറികളും പരിശോധിക്കുന്നതിനിടയിലാണ് ലോറി പിടിയിലായത്.ശീലാബതി വിഭാഗത്തിൽ പെടുന്ന കഞ്ചാവാണ് പ്രതിയിൽനിന്ന് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു.
ആറു മാസത്തിനിടെ റെയിൽവേ സ്റ്റേഷൻ റോഡിൽനിന്ന് 10 കിലോ കഞ്ചാവുമായി കോഴിക്കോട് സ്വദേശിയും എട്ട് കിലോയുമായി യുവതിയും എക്സൈസ് പിടിയിലായിരുന്നു. പന്തീരാങ്കാവിൽ ഓട്ടോയിൽ കടത്തുന്നതിനിടെ 10 കിലോ കഞ്ചാവ് പിടികൂടിയത് ഈയിടെയാണ്. വരും ദിവസങ്ങളിലും വാഹന പരിശോധനയടക്കം ശക്തമായ നടപടികൾ കൈക്കൊള്ളാനാണ് പൊലീസ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.