സതീശന്​ വിമാനത്താവളത്തിൽ വൻ വരവേൽപ്പ്​; പാര്‍ട്ടിയില്‍ അസ്വാരസ്യം

തിരുവനന്തപുരം: തൃക്കാക്കര തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി തിരുവനന്തപുരത്തെത്തിയ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് വിമാനത്താവളത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ വൻ വരവേൽപ്പ്. തിരുവനന്തപുരം ഡി.സി.സിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ നൂറുകണക്കിന് പ്രവർത്തകരും നേതാക്കളും പങ്കെടുത്തു. അതേസമയം, തൃക്കാക്കര വിജയത്തിന്റെ ക്രെഡിറ്റ് ഒരാൾക്ക് മാത്രമായി ചിത്രീകരിക്കുന്നതിൽ പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങളും തലപൊക്കി.

സ്വീകരണത്തിന്‍റെ ഭാഗമായി കോൺഗ്രസ് അനുകൂല സംഘടനകളുടെ പേരിൽ സതീശനെ 'ലീഡർ'എന്ന് വിശേഷിപ്പിച്ച് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഫ്ലക്സുകൾ ഉയർത്തിയിരുന്നു. ഇതിനോട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും എ ഗ്രൂപ് നേതാവുമായ എൻ.എസ്. നുസൂർ കവിതയിലൂടെ പ്രതിഷേധിച്ചു.

ഫ്ലക്സ് സ്ഥാപിച്ചതിലും തൃക്കാക്കര ജയം സതീശന്‍റേത് മാത്രമായി ഉയർത്തിക്കാട്ടുന്നതിലും പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് ഉൾപ്പെടെ അതൃപ്തിയുണ്ട്. ഇക്കാര്യം തിരിച്ചറിഞ്ഞാണ് സ്വീകരണത്തിനിടെ സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. തൃക്കാക്കരയിലേത് യു.ഡി.എഫ് കൂട്ടായ്മയുടെ വിജയമാണെന്നും അതിനെ തന്നിലേക്ക് മാത്രം ഒതുക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഗ്രൂപ് സമവാക്യങ്ങൾ പൊളിച്ചെഴുതപ്പെട്ട സംസ്ഥാന കോൺഗ്രസിന്‍റെ നിയന്ത്രണം വി.ഡി. സതീശനിലേക്ക് ഒതുങ്ങുന്നതിൽ നേരേത്തതന്നെ നേതൃനിരയിൽ അതൃപ്തിയുണ്ട്. എന്നാൽ, തൃക്കാക്കരയിലെ വമ്പൻ വിജയം പാർട്ടിയിൽ അദ്ദേഹത്തിന്‍റെ കരുത്ത് വർധിപ്പിക്കുന്നു. അതിന് പിന്നാലെയാണ് തലസ്ഥാനത്ത് അനുയായികൾ സ്വീകരണം നൽകിയത്. 10 മണിയോടെ വിമാനത്താവളത്തിലെത്തിയ സതീശനെ നേതാക്കളും പ്രവർത്തകരും ഷാൾ അണിയിച്ചും മുദ്രാവാക്യം വിളിച്ചുമാണ് സ്വീകരിച്ചത്.

പ്രവർത്തകരിൽ ചിലർ എ.കെ. ആന്‍റണി ഉൾപ്പെടെ പാർട്ടിയിലെ മറ്റ് മുതിർന്ന നേതാക്കളുടെ പോസ്റ്ററുകളുമായാണ് എത്തിയത്. പ്രവർത്തകർ തോളിലേറ്റിയാണ് സതീശനെ പുറത്തെത്തിച്ചത്. ഡി.സി.സി പ്രസിഡന്‍റ് പാലോട് രവി, വി.എസ്. ശിവകുമാർ, കെ.പി.സി.സി ജന.സെക്രട്ടറി എം.എം. നസീർ തുടങ്ങിയവർ എത്തിയിരുന്നു. എന്നാൽ ജില്ലയിലെ മറ്റ് ഗ്രൂപ്പുകളിലെ പ്രധാന നേതാക്കളാരും എത്തിയില്ല. വിമാനത്താവളത്തിൽനിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഔദ്യോഗിക വസതിയായ കന്‍റോൺമെന്‍റ് ഹൗസിൽ പ്രതിപക്ഷനേതാവ് എത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.