മുംബൈ: പീഡനക്കേസിൽ ബിനോയ് കോടിയേരിക്കെതിരായ തെളിവുകൾ പരാതിക്കാരി മുംബൈ പൊലീസിന് കൈമാറി. മൊഴി രേഖപ്പെടുത്തുന്നതിനായി പരാതിക്കാരി സഹോദരിക്കൊപ്പം മുംബൈ ഒഷിവാര പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് തെ ളിവുകൾ കൈമാറിയത്.
ബിനോയിയുമായി നടത്തിയ ഫോൺ സംഭാഷണത്തിന്‍റെ രേഖകളും ഫോട്ടോകളും 2015 വരെ പ്രതിമാ സം ചെലവിന് തുക അയച്ചതിന് തെളിവായി ബാങ്ക് സ്റ്റേറ്റ്മെന്‍റും പൊലീസിൽ ഹാജരാക്കിയതായി ടൈംസ് ഒാഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി മുംബൈ പൊലീസ് ബിനോയിയുടെ തലശേരിയിലെ വീട്ടിലെത്തി സമൻസ് കൈമാറിയിട്ടുണ്ട്. എന്നാൽ, ബിനോയിയുമായി ബന്ധപ്പെടാൻ മുംബൈ പൊലീസിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ബിനോയ് വിദേശത്തേക്ക് കടക്കാതിരിക്കാൻ വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
ഇതിനിടെ മുൻകൂർ ജാമ്യം തേടി ബിനോയ് മുംബൈ സെഷൻസ് കോടതിയെ ഇന്ന് സമീപിച്ചേക്കുമെന്നും വിവരമുണ്ട്.
ഇൗ മാസം 13നാണ് മുംബൈ ഒഷിവാര പൊലീസ് സ്റ്റേഷനിൽ ബിനോയ് കോടിയേരിക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും എട്ടു വയസ്സുള്ള കുട്ടിയുടെ പിതാവ് ബിനോയ് ആണെന്നുമാണ് മുംബൈയിൽ സ്ഥിരതാമസമാക്കിയ ബിഹാർ യുവതിയുടെ പരാതി.
കുഞ്ഞിന്റെ പിതാവ് ബിനോയ് ആണെന്ന് തെളിയിക്കാൻ ഡി.എൻ.എ പരിശോധനക്ക് തയാറാണെന്ന് പരാതിക്കാരി വ്യക്തമാക്കിയിരുന്നു. കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിലും പാസ്പോർട്ടിലും പിതാവിന്റെ പേര് ബിനോയിയുടേതാണെന്നും പരാതിക്കാരിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
അഞ്ചു കോടി ആവശ്യപ്പെട്ട് ബിനോയിെക്കതിരെ വക്കീൽ നോട്ടീസ് അയച്ച ശേഷമാണ് യുവതി പരാതി നൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ച പ്രഥമാന്വേഷണ റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.