തിരുവനന്തപുരം: ശബരിമല സമരത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശബരിമലയിലേക്ക് സമരത്തിനായി നേതാക്കളെ നിയോഗിച്ച് ബി.ജെ.പി സർക്കുലർ പുറത്തിറക്കിയെന്നും കോടിയേരി ആരോപിച്ചു.
ശബരിമലയിൽ ഒാരോ ദിവസവും ഒാരോരുത്തർക്കും ചുമതല നൽകുന്ന സർക്കുലറാണ് പുറത്തുവന്നത്. ഒാരോ മണ്ഡലത്തിലുമുള്ള പരമാവധി പേർ ശബരിമലക്ക് പോയി സംഘർഷുണ്ടാക്കണം. കലാപത്തിന് നേതൃത്വം കൊടുക്കണമെന്നതിന്‍റെ തെളിവുകളാണ് സർക്കുലറിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സർക്കാർ ശബരിമലയിൽ യുവതികളെ കയറ്റാൻ തീരുമാനിച്ചിട്ടില്ല. കേരളത്തിലെ വലിയ സ്ത്രീ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷനും അണികൾക്ക് ഇത്തരം നിർദേശം നൽകിയിട്ടില്ല. ഇത് കൂടാതെ മണ്ഡല മകരവിളക്കിന് നടതുറന്ന ശേഷം യുവതികളാരും അവിടെ കയറിയിട്ടുമില്ല. പിന്നെന്തിനാണ് ശബരിമല കലാപഭൂമിയാക്കാൻ ശ്രമിക്കുന്നതെന്നും കോടിയേരി ചോദിച്ചു.
കേരളത്തിൽ കലാപം സൃഷ്ടിക്കാനാനുള്ള ആർ.എസിന്‍റെ ശ്രമങ്ങളാണിത്. സന്നിധാനവും നടപ്പന്തലും സമരഭൂമിയാക്കി മാറ്റരുത്. ഇവർ വിശ്വാസികളാണെങ്കിൽ വിശ്വാസികൾക്ക് സംരക്ഷണം നൽകുകയാണ് ചെയ്യേണ്ടത്. ഖാലിസ്ഥാൻ സിഖ് തീവ്രവാദികൾ സുവർണ ക്ഷേത്രം കൈയ്യടക്കി കലാപ ഭൂമിയാക്കാൻ ശ്രമിച്ചത് പോലെയാണ് ശബരിമലയിൽ ആർ.എസ്.എസിന്‍റെ നീക്കം.
ശബരിമല പിടിച്ചെടുക്കുക എന്ന ആർ.എസ്.എസ് തന്ത്രമാണ് പ്രയോഗിക്കുന്നത്. അതാണ് അജണ്ട. അത് മറനീക്കി പുറത്തുവന്നു. സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമാക്കിയുള്ള സമരത്തിനാണ് സംഘപരിവാർ ശ്രമിക്കുന്നത്. മതനിരപേക്ഷ ശക്തികൾ ഇത് തിരിച്ചറിയണമെന്നും കോടിയേരി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.