ബി.ജെ.പി കൗൺസിലറെ മുഖംമൂടി സംഘം വെട്ടിപ്പരിക്കേൽപിച്ചു

തിരുവനന്തപുരം: ബൈക്കിലെത്തിയ മുഖംമൂടി സംഘം ബി.ജെ.പി കൗൺസിലറെ വെട്ടിപ്പരിക്കേൽപിച്ചു. ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറിയും തിരുവനന്തപുരം കോർപറേഷൻ മേലാങ്കോട് വാർഡ്​ കൗൺസിലറുമായ പാപ്പനംകോട് സജി എന്ന സനിൽകുമാറിനാണ്​ (36​) വെട്ടേറ്റത്. തലയിൽ ആഴത്തിൽ മുറിവേറ്റ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സജിക്കൊപ്പം യാത്ര ചെയ്ത ഏരിയ നേതാവ് പ്രകാശനും മർദനമേറ്റു. സംഭവത്തിൽ പ്രതിഷേധിച്ച്​ പാപ്പനംകോട്, നേമം മേഖലയിൽ കടകളടച്ച്​ ബി.ജെ.‌പി ഹർത്താൽ ആചരിച്ചു. അക്രമത്തിന്​ പിന്നിൽ സി.പി.എം ആണെന്ന്​ ബി.ജെ.പി ജില്ലാ പ്രസിഡൻറ്​ എസ്. സുരേഷ് ആരോപിച്ചു. 

വെള്ളിയാഴ്​ച രാവിലെ പത്തോടെ വള്ളക്കടവിലെ മരണാനന്തരചടങ്ങിൽ പങ്കെടുത്ത്​ മടങ്ങുംവഴി ശ്രീവരാഹത്തിന്​ സമീപത്തായിരുന്നു ആക്രമണം. മൂന്നു ബൈക്കുകളിലായി എത്തിയ ഏഴംഗസംഘം മാരകായുധങ്ങൾ ഉപയോഗിച്ച്​ വെട്ടുകയായിരുന്നു. തലയിലേറ്റ മുറിവിന്​ പത്ത്​ തുന്നലുണ്ട്. കഴുത്തിലും സാരമായി പരിക്കേറ്റു. മുഖം മറയ്ക്കാത്ത ചിലരും സംഘത്തിൽ ഉണ്ടായിരു​െന്നന്നാണ്​ സജിയുടെ മൊഴി. തുടർന്ന്​ സജിയെ കിള്ളിപ്പാലത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ്​ ബി.ജെ.പി പ്രവർത്തകർ ആശുപത്രി പരിസരത്ത്​ തടിച്ചുകൂടിയത്​ സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഫോർട്ട് അസി. കമീഷണർ ദിനിലി​​​െൻറ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും സ്ഥലത്തെത്തി. അക്രമത്തിൽ പ്രതിഷേധിച്ച്​ ബി.ജെ.പി പ്രവർത്തകർ കരമന മുതൽ പാപ്പനംകോട് വരെ പ്രകടനം നടത്തി. കരമനയിൽ നിർബന്ധിപ്പിച്ച്​ കടകളടപ്പിച്ചതിനെ ചൊല്ലിയും തർക്കമുണ്ടായി. 

സംഭവത്തിൽ ഫോർട്ട്​ എ.സിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. സജിയെ സംഘം ബൈക്കുകളിൽ പിന്തുടരുന്ന ദൃശ്യം പൊലീസിന്​ ലഭിച്ചു. ശ്രീവരാഹത്തിന്​ സമീപത്തെ വ്യാപാരസ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യമാണ്​ ലഭിച്ചത്. രണ്ടു ബൈക്കുകളാണ്​ ദൃശ്യത്തിലുള്ളത്. എന്നാൽ നമ്പറും  സഞ്ചരിച്ചിരുന്നവരുടെ മുഖവും വ്യക്തമല്ല. ഇക്കാര്യങ്ങൾ പൊലീസ്​ പരിശോധിച്ച്​ വരികയാണ്​. രാഷ്​ട്രീയ വൈരാഗ്യമാണോ മറ്റേതെങ്കിലും ക്വട്ടേഷനാണോ സംഭവത്തിന്​ പിന്നിലെന്ന്​ പറയാറായിട്ടില്ലെന്ന്​ ഫോർട്ട്​ എ.സി പറഞ്ഞു. എന്താണ്​ കാര്യമെന്ന്​ സജിക്കും ഉറപ്പില്ല. നേമത്ത്​ അടുത്തിടെ ഒരു പെൺകുട്ടി ഒളിച്ചോടിയതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അതി​​​െൻറ ഭാഗമായി അക്രമം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന്​ സജി സൂചന നൽകിയിട്ടുണ്ട്​. സംഭവത്തിൽ ഉൾപ്പെട്ടതായി സംശയിക്കുന്ന മൂന്നുപേരുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവിടാറായിട്ടില്ലെന്നും ദിനിൽ പറഞ്ഞു. 

മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന അക്രമമാണ്​ തലസ്ഥാനത്ത്​  നടന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. സി.പി.എം കേരളത്തിലുടനീളം അക്രമം അഴിച്ചുവിടുകയാണ്. ക്രമസമാധാനം തകർക്കുകയാണ് അവരുടെ ലക്ഷ്യം. ആയുധങ്ങൾ ശേഖരിച്ച്​ ആക്രമണം നടത്തുന്ന രീതി ഒരു പാർട്ടിക്കും ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കൗൺസിലർക്കുനേരെ നടന്ന അക്രമത്തിൽ സി.പി.എമ്മിന് പങ്കില്ലെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. കാര്യങ്ങൾ ആറിയാതെ അടിസ്ഥാനരഹിതമായ ആരോപണമാണ്​ കുമ്മനം ഉന്നയിക്കുന്നത്. അക്രമത്തെ അപലപിക്കു​െന്നന്നും അദ്ദേഹം പറഞ്ഞു.


 

Tags:    
News Summary - BJP Councilor Stabbed - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.