ആർത്തിരമ്പിയെത്തിയ കടൽവെള്ളത്തിനൊപ്പം കലങ്ങിയൊഴുകിയത് തീരദേശവാസികളുടെ കണ്ണീരുകൂടിയാണ്. കിടപ്പാടത്തിന്റെ അടിത്തറ ഇളക്കി തിര തീരം കടന്നപ്പോൾ അവർക്ക് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളു. രോഗികളെയും വയോധികരെയും കുഞ്ഞുമക്കളെയും ചേർത്തുപിടിച്ച് തകർന്നുവീഴാറായ കുഞ്ഞുവീടുകൾക്കുള്ളിൽ അവർ ഇരുന്നു. അവശേഷിക്കുന്ന വിലപ്പെട്ടതൊക്കെയും കാത്തുവെക്കാൻ മറ്റൊരിടമില്ല. ഓരോ വർഷവും മുടങ്ങാതെയെത്തുന്ന കടൽകയറ്റത്തിന്റെ നാളുകൾ നൊമ്പരക്കാഴ്ചയായി തീരത്ത് ബാക്കിയാകുമ്പോൾ അവർക്ക് ചോദിക്കാനുള്ളത് ഒന്നുമാത്രം. ‘ഇനിയെന്താണ് ഈ ജനതയുടെ ഭാവി...?’ കടൽകയറ്റം നാശം വിതച്ച ജില്ലയിലെ തീരപ്രദേശങ്ങളിലെ ജനങ്ങളുടെ പ്രയാസങ്ങളെക്കുറിച്ച് ‘മാധ്യമം’ നടത്തുന്ന അന്വേഷണം ‘കണ്ണീരിന്റെ കടലേറ്റം’ ഇന്ന് മുതൽ.
സമാധാനത്തോടെ എന്നുറങ്ങാനാകും...
വാഗ്ദാനങ്ങളിൽ വിശ്വാസമർപിച്ച് കാത്തിരിക്കാൻ ഇനിയും അവർക്കാകില്ല. കൃത്യമായ മറുപടിയും അടിയന്തിര പരിഹാരവുമാണ് അവരുടെ ആവശ്യം. കലിതുള്ളിയെത്തുന്ന കടൽജലം ഭയക്കാതെ വീടകത്ത് സമാധാനമായി ഉറങ്ങാനാകണം. ഭാവിയിൽ സ്വസ്ഥമായി തങ്ങളുടെ മക്കൾക്ക് ഈ തീരത്ത് അതിജീവിക്കാൻ കഴിയണം. ഇനിയും മുഖംതിരിക്കാതെ കടൽഭിത്തിയെന്ന പരിഹാരത്തിനായി സർക്കാർ ഇറങ്ങണം.
ന്യായമായ ഈ ആവശ്യങ്ങൾക്ക് നാടൊന്നാകെ ഒരുമിച്ച് നിൽക്കണമെന്നാണ് പ്രളയകാലത്ത് നാടുകാത്ത ‘കേരളത്തിന്റെ സൈന്യം’ അപേക്ഷിക്കുന്നത്. കാലവർഷം ശക്തിപ്രാപിച്ചപ്പോൾ മുതൽ തീരം ഭീതിയുടെ നാളുകളിലാണ്. ഇരമ്പിയെത്തിയ തിരമാലകൾ കടൽഭിത്തിയും മണൽവാടകളും കടന്ന് ജിയോബാഗുകൾ തകർത്ത് ഒഴുകിയപ്പോൾ കണ്ണമാലി, നായരമ്പലം വെളിയത്താംപറമ്പ്, എടവനക്കാട് പഴങ്ങാട്, അണിയിൽ, കുഴുപ്പിള്ളി മേഖലകളിലെ ജനങ്ങൾക്ക് നഷ്ടമായത് അവരുടെ ജീവിതത്തിലെ സന്തോഷങ്ങളാണ്. വീട്ടുപകരണങ്ങളും കൃഷിയുമൊക്കെ ഒഴുകി അകന്നു. നാശനഷ്ടങ്ങളുടെ കണക്കെടുക്കുന്ന കൂട്ടത്തിൽ സ്വൈര്യജീവിതത്തിന് വിലയിടാൻ ആർക്കാകുമെന്ന് അവർ അധികാരികളോട് ചോദിക്കുന്നു.
ദുരിതത്തിന്റെ നേർക്കാഴ്ച...
എടവനക്കാട് പഴങ്ങാട് കടപ്പുറത്തേക്കുള്ള വഴിയിൽ കടൽവെള്ളം ഒഴുകി ചാലുകൾ രൂപപ്പെട്ടിരിക്കുന്നു. തകർന്ന റോഡിൽ അടിഞ്ഞ മണൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കോരിക്കളയാൻ ശ്രമിക്കുകയാണ്. തിരമാലകൾ തീരവും പിന്നിട്ട് മണൽവാടയിലെ മണ്ണ് ഒഴുക്കി കരയിലേക്ക് പ്രവേശിക്കുന്നുണ്ട്. ഇതിനിടയിൽ, കടൽകയറ്റത്തിലുണ്ടായ നഷ്ടങ്ങളിൽ വിതുമ്പി ഒരു
കൂട്ടം ആളുകൾ അവശേഷിക്കുന്ന വീട്ടുസാധനങ്ങളും ചേർത്തുപിടിച്ചിരിപ്പാണ്. അധികം ദൂരയല്ലാതെ ശക്തിയിൽ അലയടിക്കുന്ന തിരമാലകളെ നോക്കി കാവുങ്കൽ മോഹനനെന്ന 76കാരൻ പറഞ്ഞു... ‘എല്ലാം കൂടി താങ്ങാനാകുന്നില്ല, എന്തായാലും മരണം വരെ ജീവിക്കാതെ പറ്റില്ലല്ലോ...’ പറഞ്ഞ് മുഴുവിപ്പിക്കും മുമ്പെ ആ വയോധികന്റെ കണ്ണുകൾ നിറഞ്ഞു, വാക്കുകൾ ഇടറി. കടൽകയറ്റത്തിൽ വീടിന്റെ തറനിരപ്പോളം മണൽ അടിഞ്ഞിരിക്കുകയാണ്. മുറ്റത്തുണ്ടായിരുന്ന ഇരിപ്പിടം മണലിൽ പൂണ്ടു. സാധനങ്ങളൊക്കെ വെള്ളംകയറി നശിച്ചു. കൃഷി ചെയ്തിരുന്ന പച്ചക്കറിയൊക്കെ നഷ്ടമായി.
ഈ തീരദേശ മണ്ണിലും വീട്ടുമുറ്റത്ത് താൻ മുന്തിരി വിളയിച്ചിരുന്നുവെന്ന് പറഞ്ഞ് അദ്ദേഹം അവശേഷിക്കുന്ന പടർപ്പുകളിലേക്ക് വിരൽചൂണ്ടി. പുലിമുട്ട് സ്ഥാപിച്ചാൽ അൽപമെങ്കിലും ആശ്വാസമാകുമായിരുന്നു. മത്സ്യതൊഴിലാളിയായിരുന്ന തനിക്ക് പ്രായത്തിന്റെ ബുദ്ധിമുകൾ കാരണം ഇപ്പോൾ പണിക്ക് പോകാനാകുന്നില്ല. താനും ഭാര്യയും ഭർത്താവ് മരിച്ച മകളുമാണ് ഇവിടെ താമസം. ആറു മാസം മുമ്പ് വാഹനാപകടത്തിലാണ് മകളുടെ ഭർത്താവ് മരിച്ചത്. വീട്ടിലെ പ്രാരാബ്ധങ്ങൾക്കൊപ്പം കടൽകയറ്റത്തിന്റെ ബുദ്ധിമുട്ടുകൾ കൂടി സഹിക്കാൻ കഴിയുന്നില്ല- അദ്ദേഹം പറഞ്ഞു. ദുരിതങ്ങൾ സഹിച്ച് ഇദ്ദേഹത്തെ പോലെ തീരത്ത് താമസിക്കുന്നത് നിരവധി വീട്ടുകാരാണ്.
മണൽ നിറഞ്ഞു, വീടിന്റെ പകുതിയോളം
കടൽക്ഷോഭത്തിൽ പകുതി ഭിത്തിയോളം മണൽ അടിഞ്ഞ് വീട് നശിച്ച സ്ഥിതിയിലാണ് വേണുവിന്റെ കുടുംബം. ഇനി താമസിക്കാൻ കഴിയാത്ത നിലയിൽ വീട് നശിച്ചിരിക്കുന്നു. മണൽ വന്ന് നിറഞ്ഞതിനാൽ വീടിനുള്ളിലേക്ക് കയറാൻ കഴിയില്ല. മറ്റൊരു വീട്ടിലാണ് ഇപ്പോൾ കുടുംബം താമസിക്കുന്നത്. ഒരുദിവസമെങ്കിലും സ്വസ്ഥമായി കിടന്നുറങ്ങാൻ കഴിയുമോയെന്ന ചോദ്യമാണ് അവർ ഉയർത്തുന്നത്.
എല്ലാ ദിവസവും വെള്ളം കോരി കളഞ്ഞ് വൃത്തിയാക്കിയിട്ട് വേണമായിരുന്നു ഇവിടെ കിടക്കാനെന്ന് വേണുവിന്റെ ഭാര്യ പറഞ്ഞു. വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം നഷ്ടപ്പെട്ടു. കടൽകയറുമ്പോൾ മാത്രമാണ് അധികൃതർ വരുന്നത്. എങ്ങനെയെങ്കിലും ഒരു കിടപ്പാടം കിട്ടിയാൽ മതിയെന്നാണ് അപേക്ഷ. ഇനിയും ജിയോബാഗ് സ്ഥാപിച്ചിട്ട് കാര്യമില്ല. 20 വർഷം മുമ്പ് സുനാമി വന്നപ്പോൾ മുതൽ ആരംഭിച്ചതാണ് ദുരിതമെന്നും അവർ പറഞ്ഞു.
സുരക്ഷിതമാക്കണം, തീരം
വീട്ടുമുറ്റത്തും സമീപത്തുള്ള കുടുംബക്ഷേത്രത്തിലും വെള്ളം കയറി ബുദ്ധിമുട്ടിലായതിന്റെ കഥയാണ് പരുത്തിയേഴത്ത് വീട്ടിൽ സജീവിന് പറയാനുണ്ടായിരുന്നത്. മൂന്നു നാലു മാസം മുമ്പ് പ്രതിരോധ നടപടികൾ കൈക്കൊള്ളേണ്ടതായിരുന്നു. കടൽക്ഷോഭമുണ്ടായ ദിവസം മുട്ടിന് മുകളിൽ വെള്ളത്തിൽ നീന്തിയാണ് ആളുകൾ വീട്ടിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. മക്കളെ വാടക വീട്ടിലേക്കും മറ്റും താൽകാലികമായി മാറ്റി സുരക്ഷിതരാക്കി സ്വന്തം വീട് സംരക്ഷിക്കാൻ തീരത്ത് നിൽക്കുകയാണ് സനൽകുമാറിന്റെ കുടുംബം. വീടിന്റെ അകത്തേക്ക് മൂന്ന് ദിവസം അടുപ്പിച്ച് വെള്ളം കയറിയപ്പോൾ താമസിക്കാൻ ഒരുതരത്തിലും കഴിയാതെയായെന്ന് കുടുംബം പറഞ്ഞു. നിരവധി വീട്ടുകാരാണ് സമാനദുരിതം അനുഭവിക്കുന്നത്. പല വീടുകളിലും ചെറിയ കുട്ടികളും വയോധികരുമൊക്കെയുണ്ടെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
സുനാമിക്കുശേഷം അറ്റകുറ്റപ്പണികൾ ഉണ്ടായില്ല
20 വർഷം മുമ്പുണ്ടായ സുനാമി തീരത്തെ കവർന്നിരുന്നു. അതിന് ശേഷം കാര്യമായ ഒരു അറ്റകുറ്റപണികളുമുണ്ടാകാതിരുന്നതാണ് ഇത്രയും ദുരിതത്തിന് കാരണമായതെന്ന് ജനങ്ങൾ പറഞ്ഞു. തീരത്തെ വഴിയിൽ മണൽ വന്ന് അടിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. ഓഖിയും ഓരോ വർഷവുമുണ്ടാകുന്ന കടൽക്ഷോഭവും പ്രശ്നങ്ങൾ ഇരട്ടിയാക്കുകയാണ്. ജിയോബാഗുകൾ സ്ഥാപിക്കുന്നതുകൊണ്ട് മാത്രം ഇവിടെ പരിഹാരമുണ്ടാകുകയില്ലെന്ന് അവർ പറഞ്ഞു. മുമ്പൊക്കെ കടൽവെള്ളം വരുന്നത് തീരത്തെ തോട്ടിലൂടെ ഒഴുകി പോയിരുന്നു. എന്നാൽ മണൽവാട തകർന്ന് തോടും നാശത്തിന്റെ വക്കിലായതോടെ വെള്ളം ഒഴുകാനും സ്ഥലമില്ലാതായി.
കുടിവെള്ളം, വെളിച്ചം... പ്രശ്നങ്ങൾ നിരവധി
കുടിവെള്ളക്ഷാമം മുതൽ വൈദ്യുതി തടസ്സം വരെയുള്ള നിരവധി പ്രശ്നങ്ങൾ തീരമേഖലയെ കടൽകയറ്റവുമായി ബന്ധപ്പെട്ട് അലട്ടുന്നുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. കുടിവെള്ള പൈപ്പ് പൊട്ടിയത് ശുദ്ധജലത്തിന് പ്രയാസമുണ്ടാക്കി. വൈദ്യുതി തടസ്സവും വഴിവിളക്കുകളുടെ അപര്യാപ്തതയും കാരണം വൈകിട്ട് പുറത്തിറങ്ങാനാകാത്ത സ്ഥിതിയുണ്ടാകുന്നുണ്ട്. മാനദണ്ഡങ്ങൾ പാലിക്കാതെ 300 മീറ്ററോളം നീളത്തിലാണ് ഇവിടെ കെ.എസ്.ഇ.ബി സർവിസ് വയർ വലിച്ചിരിക്കുന്നതെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.
ഇടക്ക് പോസ്റ്റ് പോലുമില്ല. ആളുകൾ മരക്കൊമ്പുകളും മറ്റു വെച്ചാണ് താങ്ങി നിർത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പരാതി നൽകി മൂന്നര വർഷമായി കാത്തിരിക്കുകയാണ്. ഇനിയും നടപടിയുണ്ടായിട്ടില്ല. വെള്ളം കയറുന്ന സമയത്ത് കാറ്റടിച്ച് പൊട്ടിവീണാൽ വൻദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നേക്കാമെന്ന മുന്നറിയിപ്പും അവർ നൽകുന്നു.
(തുടരും...)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.