കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു 

ചതുപ്പിൽ നിന്ന് ലഭിച്ചത് പെൺകുഞ്ഞിന്‍റെ മൃതദേഹം; ഇരു കാൽപാദങ്ങളും നഷ്ടപ്പെട്ട നിലയിൽ

തിരുവല്ല: പത്തനംതിട്ട പുളിക്കീഴ് ജങ്ഷന് സമീപത്തെ ചതുപ്പിൽ നിന്നും ലഭിച്ച കുഞ്ഞിന്‍റെ മൃതദേഹം പെൺകുട്ടിയുടേതെന്ന് തിരിച്ചറിഞ്ഞു. ഇന്നലെ രാത്രി 12 മണിയോടെ ഫൊറൻസിക് സംഘം എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം ആറുമാസം പ്രായമുള്ള പെൺകുഞ്ഞിന്‍റേതാണെന്ന് തിരിച്ചറിഞ്ഞത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് ചതുപ്പ് നിലത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പുളിക്കീഴ് പൊലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം ഇന്ന് പുലർച്ചെ മൂന്നുമണിയോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച മൃതദേഹം ഉച്ചയോടെ പോസ്റ്റുമോർട്ടം ചെയ്യും.

മൃതദേഹത്തിന്‍റെ അരയിൽ ജപിച്ചു കെട്ടിയ കറുത്ത ചരടുണ്ട്. സ്‌നഗിയും ബനിയനും ധരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കമിഴ്ന്നു കിടന്നിരുന്ന നിലയിലുള്ള മൃതദേഹത്തിന്‍റെ മുഖമടക്കം അഴുകിയിരുന്നു. ഇരു കാൽപാദങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ചതുപ്പിൽ നിന്നും ദുർഗന്ധം വമിച്ചതോടെ സമീപത്ത് പ്രവർത്തിക്കുന്ന സ്ഥാപന ഉടമ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്നും പ്ലാസ്റ്റിക് ചാക്കും കണ്ടെടുത്തിരുന്നു.

 

ഇന്ന് രാവിലെ എട്ടുമണിയോടെ തിരുവല്ല ഡിവൈ.എസ്.പി എസ്. ആഷാദിന്‍റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് വീണ്ടും എത്തി വിശദ പരിശോധനകൾ നടത്തി. ഫൊറൻസിക് റിപ്പോർട്ടും പോസ്റ്റുമോർട്ടം റിപ്പോർട്ടും ലഭിച്ചാൽ മാത്രമേ മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമാകൂവെന്ന് ഡിവൈ.എസ്.പി പറഞ്ഞു. 

Tags:    
News Summary - body of the baby girl was found in the swamp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.