പാവറട്ടി: തൃശൂർ വെന്മേനാട് ഒലക്കേങ്കിൽ ആൻറണി നാളെ 80ാം വയസിൽ കന്നിവോട്ട് ചെയ്ത് ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ഭാഗമാകും. ഇതിന്‍റെ ആവേശത്തിലും ആഹ്ലാദത്തിലുമാണ് ആന്‍റണി. സ്വാതന്ത്ര്യം കിട്ടുന്നതിനും ആറ് വർഷം മുമ്പ് 1941ലാണ് ആന്‍റണിയുടെ ജനനമെങ്കിലും ഇതുവരെ സമ്മതിദാന അവകാശം വിനിയോഗിക്കാനായിട്ടില്ല.
വളരെ ചെറുപ്പത്തിൽ ദുബൈയിൽ പ്രവാസ ജീവിതം ആരംഭിച്ചതിനാൽ വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചില്ല. 1980ൽ നാട്ടിൽ തിരിച്ചെത്തിയെങ്കിലും കച്ചവടവുമായി ബാംഗ്ലൂരിലേക്ക് പോയി. 15 വർഷത്തിന് ശേഷം 1995ൽ നാട്ടിൽ തിരിച്ചെത്തിയെങ്കിലും വോട്ട് ചെയ്യേണ്ടത് ഒരാവശ്യമാണന്ന് തോന്നിയിരുന്നില്ല. അതിനുപരി ഒരു രാഷ്ട്രീയക്കാരനും വോട്ട് ചേർക്കാൻ സമീപിച്ചുമില്ല. ആധാറും മറ്റ് രേഖകളും ഇല്ലാത്തതിനാൽ വോട്ടേഴ്സ് ഐ.ഡി കാർഡ് എടുക്കാനും കഴിഞ്ഞില്ല. രണ്ട് വർഷം മുൻമ്പാണ് രേഖകളല്ലാം ശരിയായത്.
എന്നിട്ടും വോട്ട് ചേർക്കാൻ ശ്രമിച്ചില്ല. ഇത്തവണ വീട്ടിലെത്തിയ ബി.എൽ.ഒ എൻ.ജെ. ജയിംസാണ് വോട്ട് ഉണ്ടോ എന്ന് ചോദിച്ചറിഞ്ഞത്. തുടർന്ന് പാവറട്ടി സി.എസ്.സിയിലേക്ക് പറഞ്ഞയച്ച് വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർത്ത് കാർഡ് കഴിഞ്ഞ ശനിയാഴ്ച നേരിട്ട് വീട്ടിലെത്തിക്കുകയും ചെയ്തു.
വെന്മേനാട് എം.എ.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലാണ് ആൻറണിക്ക് വോട്ട്. വോട്ട് ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ആൻറണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.