കോഴിക്കോട്: കൈക്കൂലി ഉൾപ്പെടെ അഴിമതിക്കേസുകളിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരായ വകുപ്പുതല നടപടികൾ കർശനമാക്കി സർക്കാർ. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരുടെ എണ്ണം വൻതോതിൽ വർധിച്ചതായി വിവിധ കോണുകളിൽനിന്ന് വിമർശനമുയർന്നതോടെയാണിത്.
കൈക്കൂലി വാങ്ങുന്നത് സംബന്ധിച്ച പരാതി ലഭിച്ചാൽ വിജിലൻസ് ‘കെണി’യൊരുക്കി ഉദ്യോഗസ്ഥരെ തെളിവുസഹിതം പിടികൂടാറുണ്ട്. അറസ്റ്റ് രേഖപ്പെടുത്തുന്നതോടെ ഇവരെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്യുമെങ്കിലും ഭരണവകുപ്പുകൾ മറ്റു നടപടികൾ വൈകിപ്പിക്കുകയോ ഒഴിവാക്കുകയോ ആണ് പതിവ്. ഇനി ഇത് അനുവദിക്കില്ല. ഇക്കാര്യത്തിൽ പരിശോധനകളുണ്ടാകും.
കൈക്കൂലിക്കാർക്കെതിരായ നടപടികളിൽ വീഴ്ചയുണ്ടാകരുതെന്നു കാട്ടി അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഉത്തരവിറക്കി. കൈക്കൂലിക്കേസിൽ പിടിയിലാകുന്നവരുടെ വീട്ടിലും ബാങ്ക് അക്കൗണ്ടിലും ലക്ഷങ്ങളുടെ അനധികൃത സമ്പാദ്യം സമീപകാലത്ത് കണ്ടെത്തിയതോടെ ഇത്തരക്കാർക്കെതിരെ വകുപ്പുതല നടപടി ഉറപ്പാക്കണമെന്ന് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ വിഭാഗം സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കൈക്കൂലിക്കാരടക്കമുള്ള ഉദ്യോഗസ്ഥർ അറസ്റ്റിലാകുമ്പോൾതന്നെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്ത് 1960ലെ കേരള സിവിൽ സർവിസസ് ചട്ടപ്രകാരം ബന്ധപ്പെട്ട വകുപ്പ് അച്ചടക്ക നടപടി സ്വീകരിച്ച് കഠിനശിക്ഷ ഉറപ്പാക്കണം, ശിക്ഷിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ സർവിസിൽനിന്ന് നീക്കാൻ കാലതാമസമുണ്ടാകരുത്, ഒന്നിലധികം വിജിലൻസ് കേസുകളിൽ പെടുകയോ വിജിലൻസ് അന്വേഷണങ്ങളിൽ ആരോപണം നേരിടുകയോ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ നിർബന്ധമായും അച്ചടക്കനടപടി സ്വീകരിക്കണം, കേസിൽപെട്ട ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകുന്നതിന് 1988ലെ അഴിമതി നിരോധന നിയമത്തിലെ 19ാം വകുപ്പ് പ്രകാരം സമയബന്ധിതമായി തീരുമാനം കൈക്കൊള്ളണം എന്നിവയാണ് ബന്ധപ്പെട്ട വകുപ്പുകൾക്ക് സർക്കാർ നൽകിയ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.