ബി.ആർ.പി: നഷ്ടമായത് മനുഷ്യാവകാശ രംഗത്തെ പോരാളിയെ

കോഴിക്കോട് : ബി.ആർ.പി. ഭാസ്കർ എന്ന ബാബു രാജേന്ദ്ര പ്രസാദ് ഭാസ്കർ വിടപറയുമ്പോൾ കേരളത്തിന് നഷ്ടമായത് മനുഷ്യാവകാശ രംഗത്തെ പോരാളിയെയാണ്. ഇന്ത്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളിലും പത്രാധിപരായി സേവനമനുഷ്ഠിച്ച ബി.ആർ.പി കേരളത്തിൽ വലിയ ഇടപെടൽ നടത്തിയത് മനുഷ്യാവകാശ പ്രവർത്തകൻ എന്ന നിലയിലാണ്.

അടിയന്തരാവസ്ഥക്കുശേഷം കേരളം കണ്ട ഏറ്റവും വലിയ പൊലീസ് മർദനവും നരനായാട്ടും നടന്നത് വർക്കലയിൽ ദലിത് സംഘടനയായ ഡി.എച്ച്.ആർ.എം പ്രവർത്തകർക്കുനേരെയാണ്. ദലിത് സംഘടനയായതിനാൽ കേളത്തിലെ പലരും ഇതിന് നേരെ മുഖം തിരിച്ചുനിന്നപ്പോൾ ബി.ആർ.പിയാണ് രംഗത്തിറങ്ങിയത്.വർക്കലയിൽ നടന്ന ഒരു കൊലപാതക ആരോപണത്തിൻറെ പേരിൽ ഗുണ്ടകളും പൊലീസും  മർദിക്കുകയും ദലിത് കുടുംബങ്ങളിലെ പുരുഷന്മാരെയും സ്ത്രീകളെയും ഗർഭിണികളെ അടക്കം ലോക്കപ്പിൽ കൊണ്ടുപോയി ദിവസങ്ങളോളം ക്രൂരമായി തല്ലിച്ചതക്കുകയും ചെയ്‌ത സംഭവിമറിഞ്ഞ് ബി.ആർ.പി വർക്കലയിലെ ദലിത് കോളനിയിലെത്തി വസ്തുതാന്വേഷണം നടത്തി.

മുഖ്യാധാര രാഷ്ട്രീയ പാർട്ടികളോ മറ്റു സംഘടനകളോ അതിൽ ഇടപെടാനോ പ്രതിഷേധിക്കാൻ പോലുമോ തയാറാവാതെ മാറിനിക്കുകയായിരുന്നു. ദിലതരായ കോളനിക്കാരുടെ മനുഷ്യാവകാശത്തിനുവേണ്ടി അവരോടൊപ്പം നിന്ന ജനാധിപത്യവാദികളായ ഒരുകൂട്ടം ചെറുപ്പക്കാർക്ക് പ്രചോദനം നൽകിയത് ചെയ്‌തത്‌ ബി.ആർ.പി ആയിരുന്നു. മനുഷ്യവകാശ സംഘത്തോടൊപ്പം പോയ ഒരു മാധ്യമ പ്രവർത്തകനെ പൊലീസ് ജീപ്പിൽ കയറ്റാൻ ശ്രമിച്ചപ്പോൾ ബി.ആർ.പി ധാരമായി അതിനെ എതിർത്തു. പൊലീസിന് ഒടുവിൽ മാധ്യമ പ്രവർത്തകനെ വിട്ടയക്കേണ്ടിവന്നു. രാഷ്ട്രീയ കേരളത്തിന് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരിടപെടലായിരുന്നു വിർക്കലയിലേത്.

തുടർന്ന് ദലിത് സംഘടകൾ കേളത്തിലുയർത്തിയ പല പ്രശ്നങ്ങളിലും ബി.ആർ.പി മുന്നിൽനിന്നു. 2001 ൽ സെക്രട്ടേറിയറ്റിന് മുന്നിൽ സി.കെ ജാനുവിന്റെ നേതൃത്വത്തിൽ കുടിൽകെട്ടി സമരം നടത്തുമ്പോൾ എല്ലാ ദിവസവും സമരപ്പന്തലിലെത്തി സമരസഹായ സമിതിയെ മുന്നോട്ട് നയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണിയെ നേരിട്ട് കണ്ട് ആദിവാസി ഭൂപ്രശ്നം എന്താണെന്ന ബോധ്യപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ബി.ആർ.പിയാണ്. സമരത്തെ സാമ്പത്തികമായും ബി.ആർ.പി സഹായിച്ചു. മുത്തങ്ങ വെടുവെയ്പിൽ പ്രതിഷേധിക്കുന്നതില്ലൽ തിരുവനന്തപുരത്ത് ബി.ആർ.പി മുന്നിരയിലുണ്ടായി. ഗോത്രമഹാസഭയുടെ പ്രവർത്തനങ്ങൾക്ക് ഇക്കാലത്ത് അദ്ദേഹം നൽകിയ പിന്തുണ വിലമതിക്കാനാവില്ല. ആദിവാസികളെ തീവ്രവാദികളായി മുദ്രകുത്താനുള്ള ഭരണകൂട നീക്കത്തെ പ്രതിരോധിച്ചതും ബി.ആർ.പി ആണ്. . 

1932 മാർച്ച് 12 ന് തിരുവനന്തപുരം ജില്ലയിലെ കായിക്കരയിൽ ജനിച്ച അദ്ദേഹത്തിന്റെ പിതാവ് ഏ.കെ ഭാസ്കർ ആയിരുന്നു. ഏ.കെ ഭാസ്കർ ഈഴവനേതാവും സാമൂഹിക പരിവർത്തനവാദിയും ആയിരുന്നു. കൊല്ലം എസ്.എൻ കോളജിൽ ഒ.എൻ.വി കുറുപ്പ്, പുതിശ്ശേരി രാമചന്ദ്രൻ, ഒ,മാധവൻ എന്നിവർക്കൊപ്പമാണ് വിദ്യാർഥി സംഘനാ പ്രവർത്തനം നടത്തിയത്. സ്വന്തം പിതാവ് നടത്തിയിരുന്ന നവഭാരതം പത്രത്തിൽ എഴുതിയാണ് വിദ്യാർഥിയായിരുന്ന കാലത്ത് അദ്ദേഹം എഴുത്തിൻ്റെ ബാലപാഠങ്ങൾ സ്വയം അഭ്യസിച്ചു തുടങ്ങിയത്. 1951 ൽ കേരള സർവകലാശാലയിൽ നിന്ന് ബി.എസ്.സി യും 1959 ൽ യൂണിവേഴ്സിറ്റി ഓഫ് ദ് ഫിലിപ്പീൻസിൽ നിന്ന് എം.എ. ബിരുദവും കരസ്ഥമാക്കി.

1952 മുതൽ 14 വർഷം ദ ഹിന്ദു സഹപത്രാധിപർ (1953-1958), സ്റ്റേറ്റ്സ്‌മാൻ ഉപപത്രാധിപർ (1959-1963), പാട്രിയറ്റിന്റെ സഹപത്രാധിപർ എന്നിങ്ങനെ ജോലിചെയ്‌തു. 1966ൽ വാർത്ത ഏജൻസിയായ യു.എൻ.ഐയിൽ 1963 മുതൽ 1965 വരെ പ്രവർത്തിച്ചു. ഇക്കാലത്ത് വാർത്തകളുടെ ആഗോളസ്‌പന്ദനങ്ങൾ അദ്ദേഹം തൊട്ടറിഞ്ഞു. 1984 മുതൽ 91 വരെ ബാംഗ്ലൂരിൽ ഡെക്കാൻ ഹെറാൾഡിൽ അസോസിയേറ്റ് പത്രാധിപരായി. 1995ൽ ഏഷ്യാനെറ്റ്ന്യൂസ് നിലവിൽവന്നപ്പോൾ അതിന്റെ ഭാഗമായി.

ഈ കാലയളവിനുള്ളിൽ തൻ്റെ 'പത്രവിശേഷം' എന്ന പംക്തിയിലൂടെ കേരളത്തിന് അതുവരെ പരിചയമില്ലാതിരുന്ന മാധ്യമ വിമർശനം എന്ന അതിപ്രധാനമായ സാമൂഹിക ഇടപെടലിന് അദ്ദേഹം രൂപവും ഭാവവും നൽകി. ചില മുൻനിര പത്രങ്ങളെപ്പോലും ആത്മവിമർശനപരമായി സ്വന്തം തെറ്റുകൾ ഏറ്റുപറയുന്ന കോളങ്ങൾ തുടങ്ങാൻ നിർബന്ധിതരാക്കിയത് പത്രവിശേഷമെന്ന ആ പംക്തി ആയിരുന്നു. ഇതിന്റെ തുടർച്ചയെന്ന നിലയിൽ സ്വദേശഭിമാനി രാമകൃഷ്ണപിള്ള അയ്യൻകാളിക്കെതിരെ നടത്തിയ വിമർശനങ്ങൾ വിവാദമായിപ്പോൾ ബി.ആർ.പി വ്യക്തമായ നിലപാട് സ്വീകരിച്ചു. അദ്ദേഹം രാമകൃഷിണപിള്ള സവർണ നിലപാടിനെ തുറന്ന് കാട്ടി. സാമൂഹിക പ്രവർത്തകരോട് വളരെ സ്നേഹത്തോടെ ആദരവോടെ ഇടപെട്ടു. വീട്ടിലത്തുന്ന എല്ലാവരും രണ്ട് കൈയും നീട്ടി സ്വീകരിച്ചു. അദ്ദേഹത്തിന്റെ കർമനിരതവും സത്യസന്ധവും അപരസ്നേഹപരവുമായ ജീവിതപ്പാത പിന്തുടരുക അസാധ്യമാണ്.  

Tags:    
News Summary - BRP: A human rights activist has been lost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.