കോഴിക്കോട്: സ്വകാര്യവ്യക്തികളുമായി ഗൂഢാലോചന നടത്തി 40 കോടിയോളം വിലയുള്ള കെട്ടിടം 9.18 കോടിരൂപക്ക് ലേലത്തിൽ വിറ്റുവെന്ന പരാതിയിൽ കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെ.എഫ്.സി) മുന്‍ മാനേജിങ് ഡയക്ടര്‍ ഡി.ജി.പി. ടോമിന് ജെ.തച്ചങ്കരിയടക്കം ഒമ്പതു പേര്‍ക്കെതിരെ പ്രാഥമികാന്വേഷണം നടത്താൻ വിജിലൻസ് പ്രത്യേക കോടതി ഉത്തരവ്. മേയ് 16നകം പ്രാഥമിക അന്വേഷണം നടത്തി വിജിലന്‍സ് കോഴിക്കോട് യൂനിറ്റ് ഡിവൈ.എസ്.പി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ജഡ്ജി ടി. മധുസൂദനന്റെ നിർദേശം.
മൊഫ്യൂസില്‍ ബസ് സ്റ്റാൻഡിനടുത്തെ പേള്‍ഹില്‍ ബില്‍ഡേഴ്സ് കെട്ടിടത്തിന്റെ വായ്പയിൽ കുടിശ്ശിക വരുത്തിയതിന് ലേലത്തിൽ വിറ്റത് അഴിമതിയാണെന്ന് കാണിച്ച് പേള്‍ ഹില്‍ ബില്‍ഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് മാനേജിങ് ഡയറക്ടര്‍ പി.പി. അബ്ദുൽനാസര്‍ അഡ്വ. ഡി. മോഹൻദാസ് കല്ലായി മുഖേന നല്കിയ സ്വകാര്യ ഹരജിയിലാണ് നടപടി.
40.06 സെന്റ് സ്ഥലത്ത് 48.197ചതുരശ്ര അടിയിൽ പണിത കെട്ടിടം വിലകുറച്ച് വിറ്റെന്നാണ് ആരോപണം. വിപണിയിൽ ഒരു സെന്റിന് 75ലക്ഷം രൂപ കിട്ടും. ഇതുവഴി സ്ഥലത്തിനു തന്നെ 30കോടിയോളം വിലയുണ്ട്. കെട്ടിടത്തിന് ചതുരശ്ര അടിക്ക് 2000 രൂപയുണ്ട്. അതു പ്രകാരം10 കോടിയെങ്കിലും കിട്ടും. അന്നത്തെ കെ.എഫ്.സി. ജനറല്‍ മാനേജർ പ്രേംനാഥ് രവീന്ദ്രനാഥ്, കോഴിക്കോട് ബ്രാഞ്ച് ചീഫ് മാനേജർ സി. അബ്ദുല്‍ മനാഫ് എന്നിവരും ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തി പൊതുസ്വത്ത് നഷ്ടപ്പെടുത്തിയെന്നാണ് പരാതി.
4.89 കോടിരൂപ കെ.എഫ്.സിയില്‍ നിന്ന് വായ്പയെടുത്താണ് നാസര്‍ 2014ല്‍ കെട്ടിടമുണ്ടാക്കിയത്. കാലാവധിയായ അഞ്ചുകൊല്ലത്തിനകം 2.60 കോടിരൂപ തിരിച്ചടച്ചെങ്കിലും കുടിശ്ശിക ഒമ്പതു കോടിയായി. തിരിച്ചടവിൽ വീഴ്ചയാരോപിച്ച് 2021 മാര്‍ച്ചില്‍ കെട്ടിടം ലേലത്തില്‍ വിറ്റു. ഇ-ടെൻഡറിൽ ലേലം നടത്തിയെങ്കിലും ഉടമക്ക് വിവരം കൊടുത്തില്ല.
കൊല്ലത്തുള്ളയാൾ ലേലത്തിലെടുത്തെങ്കിലും ലേലത്തില്‍ നിന്ന് പിന്വാങ്ങിയയാളുടെ മകന്റെയടക്കം പേരിലാണ് രജിസ്റ്റര്‍ ചെയ്തത് 9.18 കോടിക്ക് ലേലത്തിനെടുത്തിട്ടും ഇതുവരെ 4.18 കോടിയെ കൊടുത്തിട്ടുള്ളൂ. ബാക്കി അഞ്ചു കോടി വായ്പയായി കൊടുക്കുകയും ചെയ്തു. വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും അദ്ദേഹം നടപടി സ്വീകരിക്കാത്തതിനാലാണ് കോടതിയിൽ സ്വകാര്യ അന്യായം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.