ഏഷ്യാനെറ്റ് ന്യൂസ് ഓഫിസിൽ അതിക്രമിച്ചു കയറിയ 30 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്

കൊച്ചി: ഏഷ്യാനെറ്റ് കൊച്ചി ഓഫിസിൽ അതിക്രമിച്ചുകയറി പ്രതിഷേധിച്ച സംഭവത്തിൽ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ എട്ടുപേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. പ്രതിഷേധത്തിൽ പങ്കെടുത്ത കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്.

ജില്ല പ്രസിഡന്‍റ്​ പ്രജിത് ബാബു, തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി ബ്രഹ്മദത്ത്, ജില്ല കമ്മിറ്റി അംഗം ശരത് തുടങ്ങി എട്ടുപേരാണ് കീഴടങ്ങിയത്. ശനിയാഴ്ച ഉച്ചയോടെയാണ് എട്ടുപേർ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പരാതിക്കൊപ്പം കൈമാറിയ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. പാലാരിവട്ടത്തെ ഏഷ്യാനെറ്റ്​ ഓഫിസിന് പൊലീസ്​ സംരക്ഷണം ഏർപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസ് റെസിഡന്‍റ്​ എഡിറ്റർ അഭിലാഷ് ജി. നായരുടെ പരാതിയിലാണ് നടപടി.

വ്യാജ വാർത്ത സംപ്രേഷണം ചെയ്തെന്ന് ആരോപിച്ചായിരുന്നു എസ്.എഫ്.ഐ പ്രവർത്തകരുടെ മാർച്ച്. വെള്ളിയാഴ്ച രാത്രി 7.45ഓടെ സംഘടിച്ചെത്തിയ എസ്.എഫ്.ഐ പ്രവർത്തകർ ഏഷ്യാനെറ്റിന്‍റെ ഓഫിസിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. ചാനൽ അധികൃതർ അറിയിച്ചതിനെ തുടർന്ന്​ സ്ഥലത്തെത്തിയ പൊലീസാണ് പ്രവർത്തകരെ നീക്കിയത്.

പിന്നാലെ ഏഷ്യാനെറ്റ് ന്യൂസ് ഓഫിസിനു മുന്നിൽ എസ്.എഫ്.ഐ പ്രവർത്തകർ ചാനലിനെ അധിക്ഷേപിക്കും വിധം ബാനറും കെട്ടി. ചാനലിന്‍റെ പ്രവർത്തനം തടസ്സപ്പെടുത്തിയെന്നും ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നും ഏഷ്യാനെറ്റ് ന്യൂസ് നൽകിയ പരാതിയിൽ പറയുന്നു. 

Tags:    
News Summary - Case against 30 SFI activists who trespassed in Asianet news office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.