സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തു

തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. മാധ്യമപ്രവര്‍ത്തകര്‍ മാര്‍ഗതടസം സൃഷ്ടിച്ചെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. സുരക്ഷാ ഉദ്യോഗസ്ഥന്‍റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. മൂന്നു ചാനലുകളിലെ മാധ്യമപ്രവർത്തകർക്കെതിരെയാണ് കേസ്. സുരക്ഷാ ഉദ്യോഗസ്ഥൻ വിഷ്ണുരാജിനെ ഭീഷണിപ്പെടുത്തി, തള്ളി മാറ്റി, കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളിൽ ഭാരതീയ ന്യായ് സംഹിതയിലെ 329 (3), 126 (2), 132 എന്നീ വകുപ്പുകളാണ് ചുമത്തിയത്.

27ന് തൃശൂർ രാമനിലയം ഗസ്റ്റ് ഹൗസിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണം ആരാഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ബി.ജെ.പിയുടേത് വിരുദ്ധ അഭിപ്രായമാണെന്ന ചോദ്യത്തോടാണ് ക്ഷുഭിതനായത്. കാറിനു സമീപത്ത് നിന്ന ദൃശ്യ മാധ്യമപ്രവർത്തകരെ തള്ളിമാറ്റിയാണ് സുരേഷ് ഗോപി മടങ്ങിയത്. മാധ്യമപ്രവർത്തകരെ തള്ളിമാറ്റിയ അദ്ദേഹം മൈക്കും തട്ടിക്കളഞ്ഞു. ജനങ്ങൾക്കറിയാനുള്ള ചോദ്യമാണ് തങ്ങൾ ഉന്നയിക്കുന്നത് എന്ന് പറഞ്ഞപ്പോൾ ‘സൗകര്യമില്ല’ എന്നായിരുന്നു മറുപടി. തുടർന്ന് കാറിൽ കയറി വാതിലടച്ചു.

അതേസമയം, മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്ത സംഭവത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണത്തിന് നിർദേശമുണ്ട്. മുൻ എം.എൽ.എ അനിൽ അക്കരയുടെ പരാതിയിലാണ് പ്രാഥമിക അന്വേഷണത്തിന് തൃശൂർ സിറ്റി എ.സി.പിക്ക് കമീഷണർ നിർദേശം നൽകിയത്. ആവശ്യമെങ്കിൽ മാധ്യമപ്രവർത്തകരിൽനിന്ന് മൊഴിയെടുക്കുമെന്ന് എ.സി.പി അറിയിച്ചു. അതേസമയം, കയ്യേറ്റം ചെയ്ത സംഭവത്തിൽ മാധ്യമപ്രവർത്തകർ ഇന്ന് സുരേഷ്ഗോപിക്ക് എതിരെ പരാതി നൽകും. 

Tags:    
News Summary - case registered against journalists on the complaint of Suresh Gopi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.