തിരുവനന്തപുരം: കേന്ദ്ര സർക്കാറിെൻറ കശാപ്പ് നിരോധന തീരുമാനത്തിനെതിരെ ഉറച്ച നിലപാടുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൗരവത്തിലാണ് സർക്കാർ ഇക്കാര്യം എടുത്തിരിക്കുന്നത്. മുഖ്യമന്ത്രി വിളിച്ച മുസ്ലിം സംഘടനകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം പ്രശ്നമായി ഇത് ഉന്നയിക്കുന്നത് ശരിയല്ലെന്ന് സംഘടന നേതാക്കൾ അറിയിച്ചു. മലയാളികളുടെ ഭക്ഷണ പ്രശ്നം എന്ന നിലയിലാണ് സർക്കാർ പരിഗണിക്കുന്നതെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി മേഖലയിൽ തൊഴിലെടുക്കുന്നരുടെ താൽപര്യവും സർക്കാറിന് സംരക്ഷിക്കേണ്ടതുണ്ടെന്ന് അറിയിച്ചു.
മലബാർ മേഖലയിൽ പ്ലസ്വൺ പ്രവേശനത്തിന് ആവശ്യമായ സീറ്റുകളില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. വിജയിച്ച കുട്ടികളുടെ എണ്ണത്തിനനുസരിച്ച് സീറ്റില്ല. പുതിയ ഡിവിഷനുകളടക്കം പരിഹാരം വേണം. വിഷത്തിൽ ആവശ്യമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആരാധനാലയങ്ങൾ നിർമിക്കുന്നതിലെ വിഷമതകളും യോഗത്തിൽ ഉയർന്നു. വ്യവസ്ഥകൾ ലഘൂകരിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. അയവു വരുത്താനും സുതാര്യമാക്കാനും നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാറിെൻറ ന്യൂനപക്ഷവിരുദ്ധ സമീപനത്തിലെ ആശങ്ക സംഘടന നേതാക്കൾ ഉന്നയിച്ചു.
മതനിരപേക്ഷതയോട് പ്രതിബദ്ധത പുലർത്തുന്ന സർക്കാർ ആ നിലയിൽ മുന്നോട്ടുപോകുമെന്ന ഉറപ്പ് മുഖ്യമന്ത്രി നൽകി. വഖഫ് ബോർഡിന് എല്ലാ പിന്തുണയും സർക്കാർ നൽകും. അറബിക് സർവകലാശാല യാഥാർഥ്യമാക്കണമെന്ന ആവശ്യവും യോഗത്തിലുയർന്നു. പാലോളി കമ്മിറ്റി റിപ്പോർട്ടിൽ നടപ്പാക്കാൻ ബാക്കിയുള്ളത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാലനീതി നിയമം ഉണ്ടാക്കുന്ന പ്രയാസങ്ങളും സ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോകുന്നതിെല വിഷമതകളും നേതാക്കൾ അറിയിച്ചു. സംസ്ഥാനത്തിെൻറ പരിധിയിൽനിന്ന് ചെയ്യാവുന്നത് ചെയ്യുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ഹജ്ജ് എംബാർക്കേഷൻ ഇക്കൊല്ലം കരിപ്പൂരിൽ പുനരാരംഭിക്കാൻ പരിശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചെറിയ വിമാനങ്ങളിൽ സർവിസ് നടത്താനാണ് ശ്രമം. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ആദ്യം സ്വീകരിച്ചിരുന്ന കടുത്ത നിലപാടിൽ അയവ് വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. മദ്യനയം പുനഃപരിശോധിക്കണമെന്ന ആവശ്യം മിക്ക സംഘടന പ്രതിനിധികളും ഉന്നയിെച്ചങ്കിലും മറുപടിയിൽ മുഖ്യമന്ത്രി വിഷയം പരിഗണിച്ചില്ല. മന്ത്രി ഡോ. കെ.ടി. ജലീൽ, ബഹാവുദ്ദീൻ നദ്വി (സമസ്ത ഇ.കെ. വിഭാഗം) കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ (സമസ്ത), ടി.പി. അബ്ദുല്ലക്കോയ മദനി (കെ.എൻ.എം), എം.െഎ. അബ്ദുൽ അസീസ്( ജമാഅത്തെ ഇസ്ലാമി കേരള അമീർ), ഒ. അബ്ദുറഹ്മാൻ (മാധ്യമം ഗ്രൂപ് എഡിറ്റർ), തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി (ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ, ഹജ്ജ് കമ്മിറ്റി ചെയർമാൻ), പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ (വഖഫ് ബോർഡ് ചെയർമാൻ) അലിയാരുകുട്ടി (മെക്ക), എ.പി. അബ്ദുൽ വഹാബ് (ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ചെയർമാൻ), പി.ടി.എ. റഹീം എം.എൽ.എ തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.