തിരുവനന്തപുരം: മരുന്നുകമ്പനികൾക്ക് കഴുത്തറുപ്പിന് വഴിയൊരുക്കി മരുന്നുവില വർധനക്ക് കേന്ദ്രത്തിന്റെ അനുമതി. അവശ്യ മരുന്നുകൾക്ക് 12 ശതമാനം വരെ വില വർധിപ്പിക്കാൻ നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയാണ് (എൻ.പി.പി.എ) നിർമാതാക്കൾക്ക് അനുമതി നൽകിയത്.
ഏപ്രിൽ ഒന്നു മുതലാകും വില വർധന സാധാരണക്കാരെ സംബന്ധിച്ച് മരുന്നിലും പൊള്ളിത്തുടങ്ങുക. അവശ്യമരുന്ന് പട്ടികയിൽ ഉൾപ്പെടാത്ത മരുന്നുകൾക്കും 10 ശതമാനംവരെ വില കൂടും. ഫലത്തിൽ ചികിത്സാച്ചെലവും കുതിച്ചുയരുമെന്നാണ് വിലയിരുത്തൽ. അവശ്യമരുന്നുകളുടെ വില മൊത്തവ്യാപാര വിലസൂചികയുടെ അടിസ്ഥാനത്തിൽ വർഷംതോറും പുതുക്കാറുണ്ട്. എങ്കിലും ഇത്രയും വലിയ വര്‍ധന ആദ്യം.
2013ല്‍ ഡ്രഗ് പ്രൈസ് കണ്ട്രോളര് നിലവില്‍ വന്നതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വര്‍ധനയാണിത്. 2020ല്‍ 0.5 ശതമാനം മാത്രമായിരുന്നു വില വർധന. സാധാരണ ഒന്ന് മുതൽ നാല് ശതമാനം വരെ മാത്രമാണ് വാര്‍ഷിക വര്‍ധന അനുവദിച്ചിരുന്നത്. കഴിഞ്ഞ വർഷം മുതലാണ് കേന്ദ്രം മരുന്നുനിർമാതാക്കളെ ൈകയയച്ച് സഹായിച്ച് തുടങ്ങിയത്. കഴിഞ്ഞവർഷം പത്തുശതമാനത്തിൽ അധികമായിരുന്നു വർധന. മരുന്ന് നിർമാണച്ചെലവ് വലിയതോതിൽ വർധിച്ചുവെന്നാണ് കമ്പനികളുടെ വാദം.
384 മരുന്നുകളുെടയും ആയിരത്തോളം മെഡിസിന് ഫോര്മുലേഷനുകളുെടയും വില ഉയരും. പ്രമേഹം, അമിത രക്തസമ്മർദം, ഹൃദ്രോഗം, കൊളസ്ട്രോൾ തുടങ്ങി വിവിധ ജീവിതശൈലീരോഗമുള്ളവർ ദിവസവും മരുന്നു കഴിക്കേണ്ടതുണ്ട്. അർബുദ മരുന്നുകൾ, വേദന സംഹാരികൾ, ആന്റിബയോട്ടിക്കുകൾ, അലർജി മരുന്നുകൾ, നാഡി സംബന്ധമായ മരുന്നുകൾ ഇവക്കെല്ലാം വിലവർധനയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.