തിരുവനന്തപുരം: സാമൂഹിക സുരക്ഷ പെൻഷൻ തുക ആരാണ് നൽകുന്നതെന്നതിനെ ചൊല്ലി രാഷ്ട്രീയ വിവാദങ്ങൾ തുടരുമ്പോൾ സംസ്ഥാന സർക്കാറാണ് പെൻഷന്റെ സിംഹഭാഗവും വഹിക്കുന്നതെന്ന വിവരങ്ങൾ പുറത്ത്. കേന്ദ്ര സർക്കാറിന്റെ നാമമാത്ര വിഹിതത്തിൽപോലും 483 കോടി രൂപ കുടിശ്ശികയാണ്.
സംസ്ഥാനത്ത് 1600 രൂപയാണ് പ്രതിമാസ സാമൂഹിക സുരക്ഷ പെൻഷൻ. ഇതിൽ കേന്ദ്ര വിഹിതം 200 - 500 രൂപയാണ്. 2021 ജനുവരിമുതൽ ഈ വിഹിതവും നൽകുന്നില്ല. 2021 ജനുവരിമുതൽ ഈ വർഷം ജനുവരി 31 വരെ 483.29 കോടി രൂപയാണ് കേന്ദ്ര കുടിശ്ശികയെന്ന് രാജു വാഴക്കാലക്ക് ധനകാര്യ വകുപ്പ് നൽകിയ വിവരാവകാശ മറുപടി വ്യക്തമാക്കുന്നു. വിവിധ മേഖലയിലെ അശരണരും ആലംബഹീനരുമായവരെ ലക്ഷ്യമിട്ടാണ് സാമൂഹിക ക്ഷേമ പെൻഷൻ നൽകുന്നത്. ഇതിൽ ഇന്ദിര ഗാന്ധി ദേശീയ വാർധക്യകാല പെൻഷൻ, വിധവ-വികലാംഗ പെൻഷനുകളിൽ മാത്രമാണ് കേന്ദ്ര വിഹിതം.
കർഷക തൊഴിലാളി പെൻഷൻ, 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ തുടങ്ങിയവ സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് പൂർണമായും നൽകുന്നത്. വാർധക്യകാല പെൻഷനിൽ 80 വയസ്സിന് താഴെയുള്ളവർക്കുള്ള 1600 രൂപയിൽ 200 രൂപയാണ് കേന്ദ്ര വിഹിതം. 80ന് മുകളിലുള്ളവർക്ക് 500 രൂപയും. വികലാംഗ, വിധവ പെൻഷന് 300 ഉം 500 ഉം രൂപ മാത്രമാണ് കേന്ദ്ര വിഹിതം. 3,61,376 പേർക്ക് നൽകുന്ന കർഷകത്തൊഴിലാളി പെൻഷനും 85,076 അവിവാഹിതർക്ക് നൽകുന്ന 1600 രൂപ വീതമുള്ള പെൻഷൻ തുക പൂർണമായും വഹിക്കുന്നത് സംസ്ഥാന സർക്കാറാണ്. ആകെ 50,54,809 പേർക്കാണ് 1600 രൂപ വീതം വിവിധ സാമൂഹിക ക്ഷേമ പെൻഷൻ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.