പ്രസംഗവും ദൃശ്യങ്ങളും പ്രചരിപ്പിച്ചത് ആസൂത്രിതം; ദിവ്യക്കെതിരായ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കുമെന്നും പ്രോസിക്യൂഷൻ

തലശ്ശേരി: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ സി.പി.എം നേതാവും മുന്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യക്കെതിരെ പ്രോസിക്യൂഷൻ. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് പ്രോസിക്യൂഷൻ ശക്തമായ വാദങ്ങൾ ഉന്നയിച്ചത്.

ദിവ്യയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യണമെന്നും അവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. യാത്രയയപ്പ് ചടങ്ങിലെ പ്രസംഗവും ദൃശ്യങ്ങളും പ്രചരിപ്പിച്ചത് ആസൂത്രിതമാണ്. എ.ഡി.എമ്മിനെ അപമാനിക്കുകയായിരുന്നു ലക്ഷ്യം. നവീൻ ബാബുവിന്‍റെ മരണ കാരണം ദിവ്യയുടെ വ്യക്തിഹത്യയാണ്. ചിത്രീകരിച്ച ദൃശ്യങ്ങൾ ചോദിച്ചുവാങ്ങി. പ്രസംഗം റെക്കോഡ് ചെയ്തത് ആസൂത്രിതമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കലക്ടർ മൊഴി നൽകിയിട്ടുണ്ട്. സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച പരിപാടിയിൽ ദിവ്യ പങ്കെടുക്കേണ്ട ആവശ്യമില്ലായിരുന്നു. പത്തു വർഷം ലഭിക്കാവുന്ന ശിക്ഷയാണ് ചെയ്തത്. ദിവ്യയുടേത് വ്യക്തമായ ഭീഷണി സ്വരമാണ്. രണ്ടു ദിവസം കൊണ്ട് വ്യക്തമാകും എന്ന് പറഞ്ഞത് ഇതിന് തെളിവാണ്. ജില്ല കലക്ടറോട് രാവിലെ ദിവ്യ പരാതി പറഞ്ഞു. എന്നാൽ, യാത്രയയപ്പ് ചടങ്ങിൽ ഇക്കാര്യം പറയരുതെന്നും അതിനുള്ള വേദിയല്ലെന്നും കലക്ടർ മറുപടി നൽകിയതായും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. നേരത്തെ, ദിവ്യയുടെ വിവാദ പ്രസംഗം അഭിഭാഷകൻ കോടതിയിൽ വായിച്ചിരുന്നു.

തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് ഹരജി പരിഗണിക്കുന്നത്.

അഭിഭാഷകനായ കെ. വിശ്വൻ മുഖേനയാണു ദിവ്യ മുൻ‌കൂർ ജാമ്യഹരജി സമർപ്പിച്ചത്. അഴിമതിക്കെതിരെ പ്രവർത്തിക്കുന്നതു പൊതുപ്രവർത്തകരുടെ ഉത്തരവാദിത്തമാണെന്നാണ് ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. തനിക്കെതിരായ ആരോപണങ്ങളിൽ പലതും കെട്ടുകഥകളാണ്. ദീർഘകാലമായി പൊതുപ്രവർത്തന രംഗത്തുണ്ട്. മികച്ച പ്രവർത്തനത്തിന് അവാർഡുകൾ നേടിയിട്ടുണ്ട്. അഴിമതിക്കെതിരെ ശക്തമായ നിലപാടുള്ളയാളാണു താനെന്നും ദിവ്യ വ്യക്തമാക്കി.

നവീൻ ബാബുവിനെതിരെ രണ്ടു പരാതികൾ ലഭിച്ചിരുന്നു. കലക്ടർ അനൗപചാരികമായാണ് യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചത്. വരുമെന്ന് ഫോണിൽ കലക്ടറെ വിളിച്ചു പറഞ്ഞു. സംസാരിക്കാൻ ക്ഷണിച്ചത് ഡെപ്യൂട്ടി കലക്ടറാണ്. തന്‍റെ പരാമർശം ആത്മഹത്യയിലേക്ക് നയിക്കുന്നതല്ലെന്നും ദിവ്യ കോടതിയിൽ വ്യക്തമാക്കി. ആത്മഹത്യ പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്നും വാദിച്ചു.

ഹരജിയിൽ വാദം കേൾക്കുന്നത് തൽക്കാലം നിർത്തിവെച്ചു. ഉച്ചക്കുശേഷം 2.30ന് വീണ്ടും പരിഗണിക്കും. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള തുടര്‍നടപടികളിലേക്ക് പൊലീസ് കടന്നേക്കും. കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ചപ്പോൾ റിപ്പോർട്ട് സമർപ്പിക്കാൻ സമയം വേണമെന്നു പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ ആവശ്യപ്പെട്ടതിനെ തുടർന്ന് വാദം കേൾക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. ജാമ്യാപേക്ഷയെ എതിർത്തു കക്ഷിചേരാൻ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കു വേണ്ടി അഡ്വ. പി.എം.സജിത വക്കാലത്ത് നൽകിയിരുന്നു.

14ന് കണ്ണൂരിൽ സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണ പരിപാടിയിൽ കണ്ടപ്പോൾ കലക്ടർ, തന്നെ എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങിലേക്കു ക്ഷണിച്ചിരുന്നതായാണു ദിവ്യ മുൻകൂർ ജാമ്യഹരജിയിൽ പറഞ്ഞിരുന്നത്. എന്നാൽ നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്കു ദിവ്യയെ താൻ ക്ഷണിച്ചിട്ടില്ലെന്നു കലക്ടർ അരുൺ കെ. വിജയൻ പൊലീസിന് മൊഴി നൽകിയത്.

Tags:    
News Summary - Charge of abetment of suicide against PP Divya will remain -Prosecution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.