പ്രവാസികൾക്കായി ചാർട്ടേഡ് വിമാനങ്ങൾ : വിമാനകമ്പനികളുമായി ചർച്ച നടത്തും

തിരുവനന്തപുരം: ഉത്സവ, അവധിക്കാല സീസണുകളിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് വിമാന കമ്പനികൾ പലപ്പോഴും അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്നു എന്നത് ഏറെക്കാലമായി പ്രവാസികൾ ഉന്നയിക്കുന്ന പ്രശ്നമാണ്. ഇക്കാര്യത്തിൽ സംസ്ഥാനത്തിന് ഏതൊക്കെ തരത്തിൽ ഇടപെടാനാകും എന്നതു സംബന്ധിച്ച് വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതല അവലോകനയോഗം ചേർന്നു.

ഗൾഫ് മേഖലയിൽ നിന്നും നാട്ടിലേക്കു വരുന്ന സാധാരണക്കാരയ പ്രവാസികൾക്ക് സഹായകരമാകുന്ന തരത്തിൽ വിമാനടിക്കറ്റ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് നേരത്തേ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനായി ബജറ്റിലും തുക വകയിരുത്തിയിരുന്നു. ഇതിന്റെ തുടർനടപടി എന്ന നിലയിലാണ് അവലോകനയോഗം ചേർന്നത്.

ഓൺലെനായി ചേർന്ന യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വന്ത് സിൻഹ, ഗതാഗതവകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, സിയാൽ എം.ഡി. എസ്. സുഹാസ്, കിയാൽ എം.ഡി ദിനേഷ് കുമാർ, നോർക്ക റൂട്ട്സിൽ നിന്നും റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി.കെ, ജനറൽ മാനേജർ അജിത്ത് കോളശ്ശേരി എന്നിവർ സംബന്ധിച്ചു.

ഇന്ത്യയിൽ നിന്നുളള വിമാനകമ്പനികളുടെ നിരക്കിനേക്കാൾ കുറവിൽ ഗൾഫിൽ നിന്നും ചാർട്ടേഡ് ഫ്ളൈറ്റുകൾ ലഭ്യമാണോ എന്നത് പരിശോധിക്കും. ഇതിന്റെ ആദ്യപടിയായി വിമാനകമ്പനിയുമായി പ്രാഥമിക ചർച്ച നടത്താൻ യോഗത്തിൽ തീരുമാനമായി. ഇതിനായി സിയാൽ എം.ഡി യേയും നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയേയും യോഗം ചുമതലപ്പെടുത്തി.

വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുൾപ്പെടെ ചാർട്ടേഡ് വിമാനങ്ങൾ ഏകോപിപ്പിക്കാൻ സംവിധാനമുളള കമ്പനികളുമായാണ് ചർച്ച. പ്രാഥമിക ചർച്ചകൾക്കു ശേഷം അനുമതിക്കായി കേന്ദ്രവ്യോമയാന മന്ത്രാലയത്തെ സമീപിക്കാനും യോഗത്തിൽ തീരുമാനമായി. വിമാനസർവീസുകൾക്കു പുറമേ കപ്പൽമാർഗമുളള യാത്രാസാധ്യതകൾ സംബന്ധിച്ചും യോഗം വിലയിരുത്തി.

Tags:    
News Summary - Chartered flights for non-residents: Negotiations will be held with airlines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.