തിരുവനന്തപുരം: വിക്രം സാരാഭായ് സ്പേസ് സെന്‍റർ (വി.എസ്.എസ്.സി) രാജ്യവ്യാപകമായി നടത്തിയ പരീക്ഷയിൽ കോപ്പിയടിക്കുന്നതിനിടെ ഹരിയാന സ്വദേശികൾ തിരുവനന്തപുരത്ത് അറസ്റ്റിൽ. ടെക്നീഷ്യൻ (ഇലക്ട്രീഷ്യൻ ഗ്രേഡ് ബി) പരീക്ഷക്കിടെയാണ് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള കോപ്പിയടി.
ഹരിയാന സ്വദേശികളായ സുനിൽ (26), സുമിത്ത് (25) എന്നിവരാണ് പിടിയിലായത്. പട്ടം സെന്റ്മേരീസ് സ്കൂളിൽ പരീക്ഷ എഴുതിയ സുമിത്തിനെ മെഡിക്കൽ കോളജ് പൊലീസാണ് അറസ്റ്റ് ചെയ്തത്. വഴുതക്കാട് കോട്ടൺഹിൽ സ്കൂളിൽ പരീക്ഷ എഴുതിയ സുനിലിനെ മ്യൂസിയം പൊലീസും അറസ്റ്റ് ചെയ്തു.
വയറിൽ ബെൽറ്റ് കെട്ടി അതിലാണ് ഫോൺ സൂക്ഷിച്ചിരുന്നത്. ഫോൺ ഉപയോഗിച്ച് ചോദ്യ പേപ്പറുകളുടെ ചിത്രം എടുത്ത് പുറത്തേക്കയച്ചു. ബ്ലൂടുത്ത് ഹെഡ്സെറ്റ് വഴിയും സ്മാർട്ട് വാച്ചിലെ സ്ക്രീനിലൂടെയും ഉത്തരങ്ങൾ മനസ്സിലാക്കിയ സുനിൽ 75 മാർക്കിന് എഴുതി. സുമിത്തിന് ഒന്നും എഴുതാൻ സാധിച്ചില്ല.
പരീക്ഷക്കെത്തുന്ന ഹരിയാന സ്വദേശികൾ തട്ടിപ്പ് നടത്തുമെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് പൊലീസ് എല്ലാ പരീക്ഷ കേന്ദ്രങ്ങളിലേക്കും ജാഗ്രത നിർദേശം നൽകി. അധ്യാപകർ നടത്തിയ പരിശോധനയിൽ ചെവിക്കുള്ളിലെ ഹെഡ്സെറ്റ് ശ്രദ്ധയിൽപെട്ട് പൊലീസിനെ വിവരമറിയിച്ചതോടെയാണ് അറസ്റ്റിലായത്.
കോപ്പിയടിച്ചത് ഇങ്ങനെ....
പഴയ മൊബൈലിന്‍റെ കാമറ മാത്രം ഷർട്ടിന്റെ ബട്ടൺ ദ്വാരത്തിലൂടെ പുറത്തേക്ക് കാണുന്ന വിധം വയറിൽ കെട്ടിവെച്ചു. കൈയിൽ കരുതിയിരുന്ന വളരെ ചെറിയ റിമോട്ട് അമർത്തി ചോദ്യങ്ങൾ സ്കാൻ ചെയ്തു ക്ലൗഡിൽ ശേഖരിച്ചു. ഉത്തരങ്ങൾ ലഭിക്കാൻ കാത്തിരുന്നു. ഇതിനിടയിൽ പരീക്ഷ ഹാളിൽ ഉണ്ടായിരുന്ന അധ്യാപകൻ പിടികൂടിയതിനാൽ ഒരു ചോദ്യത്തിനും ശരി ഉത്തരം എഴുതാൻ സാധിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.