കൊച്ചി: ചെല്ലാനം ഗ്രാമപഞ്ചായത്തിന്റെ മുഖമുദ്ര മാറ്റിമറിച്ച് ടെട്രാപോഡ് കടല്‍ഭിത്തിക്ക് സമാന്തരമായി നിര്‍മ്മിക്കുന്ന കടല്‍ത്തീര നടപ്പാത. സംസ്ഥാന സര്‍ക്കാര്‍ 344 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ കൊച്ചിയുടെ വിനോദ സഞ്ചാര മേഖലക്ക് പുതിയ വഴി തുറക്കുകയാണ് ചെല്ലാനത്തെ കടല്‍ത്തീര നടപ്പാത.
കടല്‍ഭിത്തി നിർമാണത്തിനൊപ്പം കടലിന് അഭിമുഖമായി ഒരുങ്ങുന്ന മെഗാ വാക്ക് വേ കൊച്ചി ടൂറിസത്തിന്റെ നാഴികക്കല്ലായി മാറുകയാണ്. കേരളത്തില്‍ വളരെ അപൂർവമായി കാണുന്ന ടെട്രാപോഡ് കടല്‍ത്തീര നടപ്പാത മത്സ്യത്തൊഴിലാളി ഗ്രാമമായ ചെല്ലാനത്തെ സുരക്ഷിതമാക്കുന്നതിനൊപ്പം വിനോദ സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണമാകും എന്നതില്‍ സംശയമില്ല.
സ്വദേശികള്‍ക്ക് ഒഴിവുസമയം ചെലവഴിക്കാനും കായികപ്രേമികളായ ചെറുപ്പക്കാര്‍ക്ക് വ്യായാമം ചെയ്യുന്നതിനും ഏറെ സൗകര്യപ്രദമായ ഒരിടമായിരിക്കും ഇത്. ചെല്ലാനം തീരദേശത്ത് 17 കലോമീറ്റര്‍ ദൂരം പദ്ധതിയിലുള്ള ടെട്രാപോഡ് കടല്‍ഭിത്തിയുടെ ആദ്യഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ കടല്‍ഭിത്തിക്ക് മുകളിലായി 7.3 കിലോമീറ്റര്‍ നീളത്തിലാണ് നടപ്പാത പണികഴിപ്പിച്ചിട്ടുള്ളത്.
ചെല്ലാനം സീ വാക്ക് വേ ഉടന്‍തന്നെ നാടിന് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന തീരദേശ ഹൈവേയുടെ നിർമാണം പുതിയ വാക്ക് വേക്ക് സമീപം പുരോഗമിക്കുന്നുണ്ടെന്നതും കൊച്ചി തീരദേശ ടൂറിസത്തിന്റെ മാറ്റുകൂട്ടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.