തിരുവനന്തപുരം: ബി.ജെ.പി- പി.ഡി.പി എന്നീ വർഗീയ കക്ഷികളോടുള്ള സി.പി.എം മമതാബന്ധത്തിൽ ദു:ഖിതരായ മതേതരവാദികളായ പത്തു ശതമാനത്തിലധികം സി.പി.എം അനുഭാവികളുടെ വോട്ട് കോൺഗ്രസിനും യു.ഡി.എഫിനും അനുകൂലമായി മറിയുമെന്ന് കെ.പി.സി.സി മാധ്യമ സമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്
ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ ഒരേ സമയം പ്രീണിപ്പിക്കുന്ന ദ്വിമുഖ അടവുനയത്തിനുള്ള തിരിച്ചടിയായാണ് സി.പി.എം വോട്ടിങ് അടിത്തറയിൽ വൻ വിള്ളൽ ഉണ്ടായിരിക്കുന്നത്. പൗരത്വ നിയമത്തിന്റെ പേരിൽ വർഗീയ ധ്രുവീകരണത്തിനുള്ള സി.പി.എം തന്ത്രം പൊളിഞ്ഞിരിക്കുകയാണ്. എല്ലാ ജാതി-മത വിഭാഗങ്ങൾക്കും തുല്യ നീതി എന്ന കോൺഗ്രസ് നിലപാടിനോടാണ് ഇടതുപക്ഷ ചിന്താഗതിക്കാർ ആഭിമുഖ്യം പുലർത്തുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ വർഗീയ വാദികളും മതേതര വാദികളും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. വർഗസമരത്തിലല്ല, വർഗീയ സമരത്തിലാണ് സി.പി.എം വിശ്വസിക്കുന്നത്. സി.പി.എം ന്റെ എല്ലാ ഘടകങ്ങളിലും വർഗ-ബഹുജന സംഘടനകളിലും മതഭീകരർ നുഴഞ്ഞുകയറുകയാണ്. ഇവരുടെ വർഗീയക്കളികൾ സി.പി.എമ്മിന് വൻവിപത്തായി തീർന്നിരിക്കുന്നു.
കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണിയിലെ സഖ്യകക്ഷിയായ സി.പി.എം. കേരളത്തിൽ കോൺഗ്രസ് മുക്ത ഭാരതം എന്ന ബി.ജെ.പി മുദ്രാവാക്യമാണ് മുഴക്കുന്നത്. മുഖ്യശത്രുവായി കോൺഗ്രസിനെ കാണുന്ന സി.പി.എം നിലപാടിനെതിരെ ഇടതുപക്ഷ വിശ്വാസികൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.