തിരുവനന്തപുരം: ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്ന കാര്യത്തിൽ സർക്കാർ മലക്കം മറിഞ്ഞു. 2019 ജൂൺ ആറിന് റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവിൽ വെള്ളം ചേർത്താണ് ഇപ്പോഴത്തെ ഉത്തരവ്. 2006 മുതൽ സർക്കാർ ഹൈകോടതിയിൽ വാദിച്ചിരുന്നത് ചെറുവള്ളി അടക്കമുള്ള എസ്റ്റേറ്റുകൾ സർക്കാർ ഭൂമിയെന്നാണ്. ഹാരിസൺസ് കേസിൽ ചീഫ് സെക്രട്ടറി ഹൈകോടതിയിൽ സത്യവാങ്മൂലം നൽകിയതും സർക്കാർ ഭൂമിയെന്നാണ്. നിലവിൽ പാലാ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും സർക്കാറിെൻറ ഉടമസ്ഥതയിലുള്ള ഭൂമിയെന്നാണ് വാദിക്കുന്നത്. അതേസയം 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ചാണ് ഇപ്പോൾ ഭൂമി ഏറ്റെടുക്കാൻ ഉത്തരവിറക്കിയത്. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാൽ കലക്ടർ കോടതിയിൽ നഷ്ടപരിഹാര തുക കെട്ടിവെേച്ചക്കുമെന്നാണ് പുതിയ ഉത്തരവ്.
ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഇത്തരത്തിൽ കോടതിയിൽ നഷ്ടപരിഹാര തുക കെട്ടിവെക്കുന്നത് സ്വകാര്യ വ്യക്തികൾ തമ്മിൽ ഭൂവുടമസ്ഥതാ തർക്കമുള്ളപ്പോഴാണ്. കോടതിവിധിക്കുശേഷം ഭൂവുടമക്ക് തുക ലഭിക്കും.എന്നാൽ, ബ്രിട്ടീഷ് ഭരണകാലത്ത് തിരുവിതാംകൂർ രാജാവ് നൽകിയ പാട്ടത്തിലൂടെ ഭൂമി കൈവശം വെച്ചിരിക്കുന്ന വിദേശ കമ്പനിയും സർക്കാറും തമ്മിലാണ് ഉടമസ്ഥതാ തർക്കം.
സർക്കാർ സ്വന്തം ഭൂമിയാണെന്ന് വാദിക്കുന്നതിനാൽ നഷ്ടപരിഹാരത്തുക കെട്ടിവെക്കാതെ തന്നെ ഭൂമി ഏറ്റെടുക്കാമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സിവിൽ കോടതിയുടെ അന്തിമ വിധിക്കുശേഷം തുക നൽകാമെന്ന് സർക്കാറിന് കോടതിയെ അറിയിക്കാം.
മുൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി. ഹരൻ, ജസ്റ്റിസ് എൽ. മനോഹരൻ, ലാൻഡ് റവന്യൂ മുൻ അസിസ്റ്റൻറ് കമീഷണർ ഡോ.സജിത്ത് ബാബു, എ.ജി.എസ്. ശ്രീജിത്ത്, എം.ജി. രാജമാണിക്യം തുടങ്ങിയവരുടെയെല്ലാം അന്വേഷണ റിപ്പോർട്ടിൽ സർക്കാർ ഭൂമിയാണെന്ന് സ്ഥാപിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടുകളൊന്നും ഹൈകോടതി തള്ളിക്കളഞ്ഞില്ല. ചരിത്രത്തിൽ ആദ്യമായാണ് സർക്കാർ കൈയേറ്റക്കാരെൻറ ഉടമസ്ഥാവകാശം കോടതിയിൽ സറണ്ടർ ചെയ്യുന്നത്. രാജമാണിക്യത്തെ സ്പെഷൽ ഓഫിസർ സ്ഥാനത്ത് നിലനിർത്തണമെന്ന റവന്യൂമന്ത്രിയുടെ നിർദേശം മുഖ്യമന്ത്രി തള്ളിക്കളഞ്ഞതിനു പിന്നിൽ ഹാരിസൺസിെൻറ താൽപര്യമുണ്ടായിരുന്നെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.