ഒറ്റ ആശയം നടപ്പാക്കാന്‍ ശ്രമിക്കുന്നതിന്‍റെ ദുരന്തഫലമാണ് മണിപ്പൂർ- മുഖ്യമന്ത്രി

ന്യൂഡല്‍ഹി: വൈവിധ്യത്തെയും ബഹുസ്വരതയെയും അംഗീകരിക്കാതെ ഒറ്റ ആശയം നടപ്പാക്കാന്‍ ശ്രമിക്കുന്നതിന്‍റെ ദുരന്തഫലമാണ് മണിപ്പൂരിൽ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗോത്ര വിഭാഗങ്ങള്‍ ഐക്യത്തോടെ കഴിഞ്ഞിരുന്ന മണിപ്പൂരിൽനിന്ന് ഉള്ളുപൊള്ളിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. രാജ്യത്തിന്‍റെ പല ദിക്കുകളിലും വിദ്വേഷം പുകയുകയാണ്.

വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ചിലര്‍ രാഷ്ട്രീയ താൽപര്യങ്ങള്‍ മുന്‍നിര്‍ത്തി ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ നവീകരിച്ച ട്രാവന്‍കൂര്‍ പാലസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരള ഹൗസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

കേരളത്തിന്‍റെ മതനിരപേക്ഷതയെയും സാഹോദര്യത്തെയും ഇകഴ്ത്തിക്കാണിക്കാനും ആസൂത്രിതമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിനെ ഒരുമിച്ച് എതിർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ മുതിര്‍ന്ന സാഹിത്യകാരന്‍ ഓംചേരി എന്‍.എന്‍. പിള്ള, നര്‍ത്തകരായ ജയപ്രഭ മേനോന്‍, ഡോ. രാജശ്രീ വാര്യര്‍ എന്നിവരെ ആദരിച്ചു.

ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, പി. രാജീവ്, ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്, എം.പിമാരായ എളമരം കരീം, ബിനോയ് വിശ്വം, പി.വി. അബ്ദുൽ വഹാബ്, തോമസ് ചാഴികാടന്‍ എന്നിവർ സംസാരിച്ചു. 68 മുറികളുള്ള നവീകരിച്ച ട്രാവന്‍കൂര്‍ പാലസില്‍ അഞ്ച് ആര്‍ട്ട് ഗാലറികളുമുണ്ട്.

Tags:    
News Summary - Chief Minister Pinarayi Vijayan inaugurated the renovated Delhi Travancore Palace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.