ഗവർണർക്കെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. പ്രകോപനം സൃഷ്ടിക്കുന്ന ഗവർണറെ നിയന്ത്രിക്കണമെന്നതാണ്​ കത്തിലെ ആവശ്യം. ഭരണഘടനപരമായ ബാധ്യതകൾ നിർവഹിക്കുന്നില്ലെന്നും പ്രോട്ടോകോൾ ലംഘനം നടത്തുന്നെന്നും കത്തിൽ പറയുന്നു.

ഭരണഘടനപരമായ ബാധ്യതകൾ നിർവഹിക്കുന്നില്ലെന്നതിന് നിയമസഭ പാസാക്കിയ ബില്ലുകൾ ദീർഘകാലം പിടിച്ചുവെച്ചത്​ തെളിവായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തിരുവനന്തപുരത്ത് എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ ഗവർണർ പ്രോട്ടോകോൾ ലംഘിച്ച് പുറത്തിറങ്ങുകയും എസ്.എഫ്.ഐ പ്രവർത്തകരോട് കയർക്കുകയും ചെയ്തിരുന്നു. കാലിക്കറ്റ്​ സർവകാലശാലയിൽ വിദ്യാർഥി പ്രതിഷേധത്തിനിടയിലേക്കും ഗവണർ ഇറങ്ങിവന്നു. സുരക്ഷ ഉദ്യോഗസ്ഥരെ അറിയിക്കാതെ കോഴിക്കോട് മിഠായിത്തെരുവിൽ ജനങ്ങൾക്കിടയിലേക്കിറങ്ങി. പ്രോട്ടോകോൾ ലംഘിച്ചുള്ള ഇത്തരം പെരുമാറ്റങ്ങൾ സുരക്ഷ ഭീഷണിയാണെന്ന് കത്തിൽ പറയുന്നു..

മുഖ്യമന്ത്രിക്കും മന്ത്രിസഭക്കുമെതിരെ ഗവർണർ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പ്രകോപന പ്രതികരണങ്ങളും കത്തിൽ എടുത്തുപറയുന്നുണ്ട്​.

ഗവർണർക്കെതിരെ വീണ്ടും എസ്.എഫ്.ഐ കരിങ്കൊടി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ തിരുവനന്തപുരത്ത് വീണ്ടും എസ്.എഫ്.ഐ പ്രതിഷേധം. വൈകുന്നേരം രാജ്ഭവനിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെയാണ് എസ്.എഫ്.ഐക്കാർ കരിങ്കൊടി കാട്ടി മുദ്രാവാക്യം വിളിച്ചത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തന്നെ ആക്രമിക്കാൻ മുഖ്യമന്ത്രി ഗുണ്ടകളെ അയക്കുകയാണെന്ന് വിമാനത്താവളത്തിലെത്തിയ ഗവർണർ പ്രതികരിച്ചു. അങ്ങനെയുള്ളയാൾ ഒരു മറുപടിയും അർഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Chief Minister sent letter to President and Prime Minister against the Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.