മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം: രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാൻ ഗവർണർ; വീണ്ടും കത്ത് നൽകും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദ ഹിന്ദു പത്രത്തിലെ മലപ്പുറം പരാമർശത്തിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാനൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൂടുതൽ വിശദാംശങ്ങൾ തേടി വീണ്ടും സർക്കാരിന് കത്ത് നൽകും.

കഴിഞ്ഞദിവസം വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും ഗവർണർ വിളിപ്പിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി ഇത് തടഞ്ഞു. ഗവർണർ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നത് ജനാധിപത്യ ഭരണതത്വങ്ങൾക്കും ഭരണഘടന വ്യവസ്ഥകൾക്കും എതിരാണെന്ന് വ്യക്തമാക്കിയാണ് മുഖ്യമന്ത്രി തടഞ്ഞത്. ചീഫ് സെക്രട്ടറിയും ഡി.ജി.പിയും രാജ്ഭവനിൽ ഹാജരായി വിശദീകരിക്കണമെന്ന കത്ത് പിൻവലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. വിഷയം കേന്ദ്ര സർക്കാറിന്‍റെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനാണ് ഗവർണർ നീക്കം. സർക്കാർ മറുപടി നൽകിയാലും ഉദ്യോഗസ്ഥരെ നേരിട്ട് വിളിപ്പിക്കാനാണ് ഗവർണറുടെ തീരുമാനം. മലപ്പുറം പരാമര്‍ശത്തില്‍ നേരത്തെ ഗവര്‍ണര്‍ രൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

സാങ്കേതികത്വം പറഞ്ഞു ക്രിമിനൽ പ്രവർത്തനം മറച്ചുവെക്കാൻ ആകില്ലെന്നും മുഖ്യമന്ത്രി എന്തോ ഒളിക്കുന്നുണ്ടെന്നും വിമർശിച്ചു കൊണ്ടാണ് ഗവർണർ കത്തെഴുതിയത്. ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും വിളിപ്പിച്ചത് ചട്ടപ്രകാരമാണെന്നും കാര്യങ്ങൾ വിശദീകരിക്കാത്തത് ചട്ടലംഘനമായി കണക്കാക്കുമെന്നും ഗവർണർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, തെരഞ്ഞെടുക്കപ്പെട്ട സർക്കാർ അറിയാതെ ഉദ്യോഗസ്ഥരെ ഗവർണർക്ക് വിളിപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രി കത്തിൽ മറുപടി നൽകി. ആവശ്യപ്പെട്ട വിവരങ്ങൾ ശേഖരിച്ചുവരികയാണ്. വിശദമറുപടി വൈകാതെ നൽകുമെന്നും കത്തിൽ പറയുന്നു. മുഖ്യമന്ത്രി വെളിപ്പെടുത്തിയ ദേശവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച് രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സംക്ഷിപ്ത വിവരം തേടിയതെന്ന് ഗവർണർ മറുപടി കത്തിൽ പറയുന്നു.

ചീഫ് സെക്രട്ടറി വിശദീകരണം നൽകണമെന്ന അഭ്യർഥന ഒഴിവാക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടത് ആശ്ചര്യകരമാണ്. വിവരങ്ങൾ നൽകാതിരിക്കുന്നതിൽ മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ടെന്ന തോന്നൽ സൃഷ്ടിക്കുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 167 പ്രകാരം ഗവർണർ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്ന് അംഗീകരിച്ചതിനെ അഭിനന്ദിക്കുന്നു. ദേശവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ നൽകണമെന്ന ഗവർണറുടെ അഭ്യർഥന സാധാരണ ഭരണപരമായ കാര്യമായി പരിഗണിക്കുന്നത് ഭരണഘടനപരമായ കടമയിൽനിന്ന് സർക്കാർ ഒഴിഞ്ഞുമാറുന്നതാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Chief Minister's Malappuram remarks: The Governor is about to give a report to the President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.