പ്രതിയെ പിടികൂടാനെത്തിയ സി.ഐക്കും പൊലീസുകാരനും കുത്തേറ്റു

ഒല്ലൂര്‍ (തൃശൂർ): കള്ളുഷാപ്പിലെ വാക്തര്‍ക്കത്തിനിടെ ഒരാളെ കുത്തിയ പ്രതിയെ പിടികൂടാനെത്തിയ ഒല്ലൂര്‍ സി.ഐ ടി.പി. ഫര്‍ഷാദിനും പൊലീസുകാരൻ വിനീതിനും കുത്തേറ്റു. സാരമായി പരിക്കേറ്റ സി.ഐയെ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.ഒ വിനീത് തൃശൂരിലെ ആശുപത്രിയില്‍ ചികിത്സ തേടി.

വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് പടവരാടിലെ കള്ളുഷാപ്പില്‍ പടവരാട് എലവള്ളി വീട്ടിൽ മാരി എന്ന അനന്തുവും മറ്റൊരാളും തമ്മിൽ തര്‍ക്കമുണ്ടായത്. തുടർന്ന് അനന്തു അപരനെ ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി. എന്നാല്‍, അനന്തു അഞ്ചേരി അയ്യപ്പന്‍ കാവിന് സമീപത്തെ കോഴി ഫാം പരിസരത്തേക്ക് രക്ഷപ്പെട്ടതായി വിവരം ലഭിച്ചു. അവിടെയെത്തിയ പൊലീസ് സംഘത്തെ കണ്ടതോടെ അനന്തു കത്തിയെടുത്ത് വീശുകയായിരുന്നു.

മൽപിടിത്തത്തിനിടെ സി.ഐയുടെ ചുമലിലും കൈക്കും കുത്തേറ്റു. സി.പി.ഒ വിനീതിനും പരിക്കേറ്റു. നേരത്തേ ക്രിമിനല്‍ കേസുകളില്‍ ഉൾപ്പെട്ടിട്ടുള്ള അനന്തു ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നു. സ്റ്റേഷനിലെത്തിയ ശേഷവും ഇയാൾ ബഹളംവെക്കുകയും ആക്രമണസ്വഭാവം കാണിക്കുകയും ചെയ്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

Tags:    
News Summary - CI was stabbed while arresting KAAPA accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.