കാമറ അഴിമതിയിൽ മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുക്കൾക്ക് പങ്കെന്ന് ആരോപണം

തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് കാമറ അഴിമതിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത ബന്ധുക്കൾക്ക് പങ്കെന്ന് ആരോപണം. കരാർ, ഉപകരാർ കമ്പനികൾക്ക് മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുക്കൾക്ക് ബന്ധമുണ്ടെന്നാണ് ആരോപണം ഉയരുന്നത്. കരാർ വ്യവസ്ഥ പ്രകാരം ടെണ്ടറിൽ പങ്കെടുക്കുന്ന കമ്പനി ഒരു നിർമാണ കമ്പനിയാകണം. അല്ലെങ്കിൽ കമ്പനിയുടെ യഥാർഥ ഏജന്റ് ആണെന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം. കെൽട്രോണിൽ നിന്നും കരാർ ഏറ്റെടുത്ത എസ്.ആർ.ഐ.ടി എന്ന കമ്പനി മാനുഫാക്ച്വറോ ഏജന്റോ അല്ല.

അതിനാൽ ട്രോയിസ്, മീഡിയാട്രോണിക്‌സ് എന്നീ കമ്പനികളുടെ സർട്ടിഫിക്കറ്റിന്റെ സഹായത്തോടെയാണ് കരാർ നേടിയത്. അതിൽ സാങ്കേതിക സഹായം നൽകുമെന്ന് എസ്.ആർ.ഐ.ടി അവകാശപ്പെട്ട കമ്പനിയാണ് ട്രോയിസ്. ട്രോയിസിന്റെ ഡയറക്ടർ ടി. ജിതേഷ് എസ്.ആർ.ഐ.ടിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്. കെ. ഫോൺ പദ്ധതിയിലെ നടത്തിപ്പുകാരിൽ ഒരാളും ഇദ്ദേഹമാണ്.

സംസ്ഥാനത്തെ വിവിധ പദ്ധതി നടത്തിപ്പിലെ ഒളിഞ്ഞും തെളിഞ്ഞും പങ്കാളിയായ ഇദ്ദേഹത്തിന് സർക്കാരിൽ ഉന്നത സ്വാധീനമുണ്ട്. കെൽട്രോണും എസ്.ആർ.ഐ.ടിയുമായുള്ള കരാറിലെ സാക്ഷിയുമാണ് ഇദ്ദേഹം. എസ്.ആർ.ഐ.ടിക്കുവേണ്ടി കൺട്രോൾ റൂമുകളുടെ നിർമാണം അടക്കം സിവിൽ വർക്കുകൾ ചെയ്ത പ്രസാഡിയോ ടെക്‌നോളജീസ് കമ്പനി ഉടമയും മുഖ്യമന്ത്രിയുടെ ബന്ധുവിന്റേതാണെന്ന ആരോപണമുണ്ട്. പ്രസാഡിയോയുടെ ഡയറക്ടർ രാംജിത്ത് നിരവധി തവണ ക്ലിഫ്ഹൗസിലെത്തിയിരുന്നു.

കെ.ടി.ഡി.സിയിൽ സെയിൽസ് ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം. വിവാദം ഉയർന്നതിന് പിന്നാലെ പ്രസാഡിയോയുടെ വെബ്‌സൈറ്റ് തകരാറിലാണ്. പ്രസാഡിയോ ടെക്‌നോളജീസിന്റെ വെബ്‌സൈറ്റിൽ നിന്ന് മാനേജിങ് ഡയറക്ടറുടെയും ഡയറക്ടർമാരുടെയും ചിത്രങ്ങളും വിശദാംശങ്ങളും ഒഴിവാക്കി.

ഇതിന്റെ യഥാർഥ ഉടമസ്ഥനും മുഖ്യമന്ത്രിയുടെ അടുത്തബന്ധുവുമായ മറ്റൊരാൾ കെൽട്രോണുമായുള്ള ഓൺലൈൻ യോഗത്തിൽ പങ്കെടുത്തിരുന്നുവെന്ന് നേരത്തെ വാർത്ത വന്നിരുന്നു. എസ്.ആർ.ഐ.ടി കമ്പനിക്ക് കെ ഫോൺ, കേരള വൈഡ് ഏരിയ നെറ്റുവർക്ക് തുടങ്ങിയ സർക്കാർ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ഊരാളുങ്കലുമായും ഇവർക്ക് സംയോജിത പദ്ധതികളുണ്ട്.

മുഖ്യമന്ത്രിയുമായി പദ്ധതി നടത്തിപ്പുകാർക്ക് ബന്ധമുള്ളതു കൊണ്ടാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടും ആറു തവണ ധനകാര്യവകുപ്പ് അനുമതി നിഷേധിച്ചിട്ടും പദ്ധതി ഉദ്ഘാടനം ചെയ്തതെന്നാണ് ആരോപണം.

Tags:    
News Summary - Close relatives of the Chief Minister are accused of involvement in the camera scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.