തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വെബ്പോർട്ടലിന്‍റെ (സി.എം.ഒ പോർട്ടൽ) പ്രവർത്തന നിലവാരം മെച്ചപ്പെടുത്തുന്നതിനും പരാതി പരിഹാര സംവിധാനം കാര്യക്ഷമമാക്കുന്നതിനും എല്ലാ സർക്കാർ ഓഫിസുകളിലും ചാർജ് ഓഫിസർമാരെ നിയോഗിക്കാൻ നിർദേശം. സെക്രട്ടേറിയറ്റ് വകുപ്പുകൾ, സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം ഉന്നതശ്രേണിയിലെ ഉദ്യോഗസ്ഥനെ സി.എം.ഒ പോർട്ടൽ ചാർജ് ഓഫിസറായി ചുമതലപ്പെടുത്തേണ്ടതാണ്. ഈ ഉദ്യോഗസ്ഥന്‍റെ പേരുവിവരം ഫോൺ നമ്പർ സഹിതം ഓഫിസിന് പുറത്ത് പരസ്യപ്പെടുത്തണം.
ഇതോടൊപ്പം വിപുലമായ ചുമതലകളാണ് ചാർജ് ഓഫിസർമാർക്ക് നിഷ്കർഷിക്കുന്നത്. പരാതികളിൽ വേഗത്തിലുള്ള പരിഹാരവും അപേക്ഷകളിലെ അനാവശ്യ കാലതാമസം ഒഴിവാക്കലുമടക്കമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ സർക്കാർ ഓഫിസുകളും മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെകൂടി നിരീക്ഷണത്തിലാകുന്നു എന്ന പ്രത്യേകതയുമുണ്ട്. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിൽ ലഭിക്കുന്ന അപേക്ഷകളെയും പരാതികളെയും കുറിച്ച് ഫോണിലും നേരിട്ടുമുള്ള അന്വേഷണങ്ങൾക്ക് മറുപടി നൽകേണ്ട ഉത്തരവാദിത്തം ചാർജ് ഓഫിസർമാർക്കാണ്.
ഓഫിസുകളിൽ നേരിട്ടെത്തുന്നവർക്കായി എല്ലാ പ്രവൃത്തി ദിവസങ്ങളിലും വൈകുന്നേരം മൂന്നുമുതൽ നാലുവരെ സമയം ചാർജ് ഓഫിസർമാർ വിനിയോഗിക്കണം. എല്ലാ സർക്കാർ ഓഫിസുകളിലും ഏപ്രിൽ 30ന് മുമ്പ് ചാർജ് ഓഫിസറെ നിയോഗിക്കണമെന്നും സർക്കുലറിലുണ്ട്. വകുപ്പ് മേധാവിമാരുടെ ഓഫിസുകളിൽ തൊട്ട് താഴത്തെ തസ്തികയിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനാകും ചാർജ് ഓഫിസറാകുക. സർവകലാശാല, കമ്പനി, കോർപറേഷൻ, ബോർഡ്, സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സ്ഥാപന മേധാവി നിശ്ചയിക്കുന്ന ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനും.
കലക്ടറേറ്റുകളിൽ ഡെപ്യൂട്ടി കലക്ടർമാരും സെക്രട്ടേറിയറ്റിൽ സ്പെഷൽ സെക്രട്ടറിയോ ജോയന്‍റ് സെക്രട്ടറിയോ അഡീഷണൽ സെക്രട്ടറിയോ ആകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.