വിദേശമദ്യം വാങ്ങിയതിലെ ക്രമക്കേട്: സി.എന്‍. ബാലകൃഷ്ണന്  എതിരെ വിജിലന്‍സ് കേസ്

തൃശൂര്‍: കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസില്‍ മുന്‍ മന്ത്രി സി.എന്‍.ബാലകൃഷ്ണനുള്‍പ്പെടെ എട്ടുപേരെ പ്രതി ചേര്‍ത്ത് വിജിലന്‍സ് കേസെടുത്തു. എഫ്. ഐ.ആര്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. വിദേശമദ്യം വാങ്ങിയതിലെ ക്രമക്കേടിലാണ് അന്വേഷണം. 

ആര്‍ക്കെങ്കിലും എതിരെയോ ലക്ഷ്യമിട്ടോ ആകരുത് അന്വേഷണമെന്നും എന്നാല്‍ തെളിവ് കിട്ടിയാല്‍ പ്രതി ചേര്‍ക്കാമെന്നും ഈമാസം മൂന്നിന് കേസ് പരിഗണിക്കവേ കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് പ്രാഥമികാന്വേഷണത്തിലെ കണ്ടത്തെലുകളുടെ അടിസ്ഥാനത്തില്‍ സി.എന്‍. ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്തത്. മലയാളവേദി പ്രസിഡന്‍റും പൊതുപ്രവര്‍ത്തകനുമായ ജോര്‍ജ് വട്ടുകുളമാണ് പരാതിക്കാരന്‍. കണ്‍സ്യൂമര്‍ഫെഡ് മുന്‍ എം.ഡി ജോയ് തോമസ്, സഹകരണ വകുപ്പ് മുന്‍ അഡീഷനല്‍ രജിസ്ട്രാര്‍ വി. സനില്‍കുമാര്‍, കണ്‍സ്യൂമര്‍ഫെഡ് മുന്‍ എം.ഡി റിജി ജി. നായര്‍, മുന്‍ ചീഫ് മാനേജര്‍ ആര്‍. ജയകുമാര്‍, മുന്‍ റീജനല്‍ മാനേജര്‍മാരായ എം. ഷാജി, സ്വിഷ് സുകുമാരന്‍, വിദേശ മദ്യ വിഭാഗത്തിലെ മുന്‍ മാനേജര്‍ സുജിതകുമാരി, മുന്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ എന്നിവരാണ് ഒന്നു മുതല്‍ എട്ടു വരെ എതിര്‍കക്ഷികള്‍. എതിര്‍കക്ഷികളെ ഒഴിവാക്കി അന്വേഷിക്കാനായിരുന്നു നേരത്തെ കോടതി നിര്‍ദേശം. 

വിദേശമദ്യം വാങ്ങിയ ഇനത്തില്‍ ലഭിച്ച ഇന്‍സെന്‍റീവില്‍ നടന്ന ക്രമക്കേട് ഗൗരവകരമാണെന്ന് കോടതി വിലയിരുത്തി. 2001-‘02ല്‍ 5.23 ലക്ഷമാണ് ഇന്‍സെന്‍റീവ് ലഭിച്ചത്. വില്‍പന പതിന്മടങ്ങ് കൂടിയിട്ടും 2014 -‘15ല്‍ ലഭിച്ച ഇന്‍സെന്‍റീവ് 4.10 ലക്ഷമാണ്. മദ്യക്കമ്പനികള്‍ക്ക് ഇളവ് നല്‍കിയതായോ മറ്റേതെങ്കിലും വകുപ്പുകളിലേക്ക് വക മാറ്റിയതായോ രേഖകളൊന്നും ഇല്ലാത്തത് പ്രഥമദൃഷ്ട്യാ ക്രമക്കേട് വ്യക്തമാക്കുന്നതാണെന്ന് കാണിച്ചാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. 

നൂറ് കോടിയിലേറെ രൂപയുടെ അഴിമതി നടന്നതായാണ് ഹരജിക്കാരന്‍ ഉന്നയിച്ചത്. ഇന്‍സെന്‍റീവ് ഇനത്തിലെ കുറവ്, മൊബൈല്‍ ത്രിവേണി സ്റ്റോറുകള്‍ക്കായി വാഹനങ്ങള്‍ നിര്‍മിച്ചതിലെ ക്രമക്കേട്, കണ്‍സ്യൂമര്‍ഫെഡിന്‍െറ തൃശൂര്‍ പടിഞ്ഞാറെ കോട്ട ഒൗട്ട്ലെറ്റില്‍ നിന്ന് മന്ത്രിയായിരുന്ന സി.എന്‍.ബാലകൃഷ്ണന്‍െറ ഓഫിസിലേക്ക് ലക്ഷം രൂപ കൊടുത്തയച്ചത്, അഴിമതിയുണ്ടെന്ന് വ്യക്തമാക്കുന്നതിനായി ബാലകൃഷ്ണന്‍െറ സ്റ്റാഫംഗമായിരുന്ന കോണ്‍ഗ്രസ് നേതാവ് പി.എ.ശേഖരന്‍ അന്നത്തെ മുഖ്യമന്ത്രിക്കെഴുതിയ കത്ത് എന്നിവയിലാണ് കോടതി ത്വരിതാന്വേഷണം നിര്‍ദേശിച്ചത്. വിദേശമദ്യം വാങ്ങിയതിലെ ക്രമക്കേട് ഒഴികെയുള്ളവ കോടതി തള്ളിയിരുന്നു. എന്നാല്‍, മറ്റ് ഇടപാടുകളിലും ക്രമക്കേട് നടന്നിട്ടുണ്ടെന്ന സൂചനയാണ് എഫ്.ഐ.ആറിലുള്ളത്. 
വിജിലന്‍സ് എറണാകുളം സ്പെഷല്‍ സെല്‍ യൂനിറ്റാണ് കേസ് അന്വേഷിക്കുന്നത്.
Tags:    
News Summary - CN balakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.