കോഴിക്കോട്: വില വീണ്ടും കൂപ്പുകുത്തിയതോടെ നാളികേര കർഷകർ പെരുവഴിയിൽ. ഉൽപാദന ചെലവിന്റെ പകുതിപോലും ലഭിക്കാതായതോടെ പലരും തെങ്ങിൽനിന്ന് നാളികേരം പറിക്കുന്നതുവരെ നിർത്തിവെച്ചിരിക്കുകയാണ്. നിലവിൽ കിലോ നാളികേരത്തിന് 24 രൂപയാണ് വില ലഭിക്കുന്നത്.
ഒരുമാസം മുമ്പ് 28 രൂപയുണ്ടായിരുന്നതാണിപ്പോൾ കുറഞ്ഞ് 24ൽ എത്തിയത്. വില മുമ്പ് വർധിച്ചതിൽ പിന്നെ ഇത്രകണ്ട് കുറഞ്ഞിട്ടില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. നാളികേരത്തിന് സർക്കാർ നിശ്ചയിച്ച താങ്ങുവിലതന്നെ 32 രൂപയാണെന്നിരിക്കെയാണ് വില ഇത്രയും കുറഞ്ഞത്. സഹകരണ സംഘങ്ങൾ നാളികേരം സംഭരിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾക്ക് പരിഗണന ലഭിക്കാത്തതാണ് വില ഇത്രകണ്ട് ഇടിയാൻ കാരണമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
ജില്ലയിൽ ആവശ്യത്തിന് സംഭരണ കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ മിക്കവരും നാളികേരം പൊതുവിപണിയിൽ കിട്ടുന്നവിലയ്ക്ക് വിൽക്കേണ്ട അവസ്ഥയിലാണ്.
തമിഴ്നാട്ടിലേക്കാണ് നാളികേരം ഏറെയും കയറ്റിപ്പോകുന്നത്. എന്നാൽ, കാലാവസ്ഥ അനുകൂലമായതോടെ മുമ്പത്തേക്കാൾ കേരളത്തിൽ ഉൽപാദനം വർധിച്ചതും കുറഞ്ഞ ചെലവിൽ തമിഴ്നാട്ടിൽ വലിയതോതിൽ നാളികേരം ഉൽപാദിപ്പിക്കുന്നതുമാണ് ആവശ്യവും വിലയും കുറയാൻ കാരണം. മുമ്പ് നാളികേര വില കിലോക്ക് 44 വരെ എത്തിയിരുന്നു.
അതാണിപ്പോൾ പകുതിയോളമായത്. ശരാശരി വലുപ്പമുള്ള മൂന്ന് നാളികേരമുണ്ടെങ്കിലേ ഒരുകിലോ തൂക്കമാവുകയുള്ളൂ. ആ നിലക്ക് നോക്കുമ്പോൾ ഒരു നാളികേരത്തിന് എട്ടുരൂപയോളമാണിപ്പോൾ ലഭിക്കുന്നത്.
ചുരുങ്ങിയത് ഒരു നാളികേരത്തിന് 15 രൂപയെങ്കിലും കിട്ടുകയും കിലോക്ക് 45 രൂപയും ലഭിക്കുകയും ചെയ്തെങ്കിൽ മാത്രമേ ഈ രംഗത്ത് തുടരാനാവൂ എന്നാണ് കർഷകർ പറയുന്നത്. നാളികേരത്തിന് വില കുറഞ്ഞപ്പോൾ തന്നെ കൃഷിപ്പണിക്കാരുടെയും തേങ്ങപറിക്കുന്നവരുടെയും കൂലിയും വളത്തിന്റെ വിലയും കൂടുകയാണ് ചെയ്തത്. ഇതും ഈ രംഗത്തുള്ളവരെ പ്രതിസന്ധിയിലാക്കുകയാണ്.
കൊപ്രക്ക് നേരത്തേ ക്വിന്റലിന് 12,000 രൂപവരെ ലഭിച്ചിരുന്നുവെങ്കിൽ ഇപ്പോഴിത് ശരാശരി 8000 രൂപയായിട്ടുണ്ട്. നാളികേര വില മെച്ചപ്പെടാൻ സംഭരണകേന്ദ്രങ്ങൾ കൂട്ടണമെന്ന് കൃഷി വകുപ്പ് ഭരിക്കുന്ന സി.പി.ഐയുടെ ജില്ല സമ്മേളനത്തിൽ പ്രമേയം വന്നിട്ടും ഔദ്യോഗിക തലത്തിൽ കാര്യമായ ഇടപെടലുകളൊന്നും ഉണ്ടായിട്ടില്ല.
സംഭരണ കേന്ദ്രങ്ങൾ നാമമാത്രം
കോഴിക്കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നാളികേരം ഉൽപാദിപ്പിക്കുന്ന ജില്ലയിൽ പച്ചതേങ്ങ സംഭരണത്തിന് മതിയായ കേന്ദ്രങ്ങളില്ലാത്തതാണ് വലിയ വെല്ലുവിളി. വി.എഫ്.പി.സി.കെയുടെ 11ഉം സഹകരണ സംഘങ്ങളുടെ അഞ്ചും കേരഫെഡിന്റെ നടുവണ്ണൂരിലെ കേന്ദ്രത്തിലുമാണ് നിലവിൽ പച്ചതേങ്ങ സംഭരിക്കുന്നത്. മാർക്കറ്റ് വിലയേക്കാൾ എട്ടുരൂപ അധികം കിട്ടുമെങ്കിലും ഇവിടേക്ക് നാളികേരം എത്തിക്കുന്നതിനുള്ള വാഹന വാടകയാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. ദൂരദിക്കിലുള്ളവർ ഇവിടേക്ക് നാളികേരം എത്തിച്ച് ലഭിക്കുന്ന തുകയിൽ നിന്ന് വാഹന വാടക കഴിച്ചാൽ പൊതുവിപണിയിലെ വിലയേക്കാൾ കുറവായിരിക്കും ലഭിക്കുക. ഇക്കാരണത്താൽ തന്നെ പലതും പ്രാദേശിക വിപണികളിൽ കുറഞ്ഞ വിലക്ക് തേങ്ങ നൽകുകയാണ്. കൃഷി ഭവനുകൾ നേരിട്ട് പച്ചതേങ്ങ സംഭരിച്ചാൽ ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പൊതുവിലയിരുത്തൽ.
അതിനിടെ, നാഫെഡിന്റെ പിടിവാശിയിൽ കേരളത്തിലെ കൊപ്രസംഭരണവും പാളുകയാണ്. താങ്ങുവിലയ്ക്കുള്ള കൊപ്രസംഭരണം നവംബർ ആറുവരെ നീട്ടിയെങ്കിലും കർഷകർക്ക് കാര്യമായ പ്രയോജനമുണ്ടാവില്ല. കേരളത്തിലിപ്പോൾ കൊപ്ര സംഭരണത്തിന് നാഫെഡ് അനുമതി മാർക്കറ്റ് ഫെഡിന് മാത്രമാണ്. സംസ്ഥാനത്ത് മാർക്കറ്റ് ഫെഡിന് മൂന്നുസംഘങ്ങൾ മാത്രമാണുള്ളത്. നൂറുകണക്കിന് കേന്ദ്രങ്ങളുള്ള കേരഫെഡിനെ വെളിച്ചെണ്ണ നിർമാണ സംഘമാണെന്ന കാരണം കാണിച്ചാണ് ഒഴിച്ചുനിർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.