ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ 35 കോടി ചെലവിട്ട് പൂർത്തിയാക്കിയ നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും വിവിധ പദ്ധതികളുടെ നിർമാണോദ്ഘാടനവും മന്ത്രി വീണ ജോർജ് വെള്ളിയാഴ്ച വൈകീട്ട് നാലിന് നിർവഹിക്കും. 27.2 കോടി ചെലവിട്ട് ഏഴു നിലയിലായി പണിപൂർത്തിയാക്കിയ ഫാർമസി കോളജ് അടക്കമുള്ള നിർമാണ പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും.
അത്യാഹിത വിഭാഗത്തിൽ രണ്ടരക്കോടി മുടക്കി പൂർത്തീകരിച്ച മൂന്നു മോഡുലാർ ഓപറേഷൻ തിയറ്റർ, കുട്ടികളുടെ ആശുപത്രിയിൽ പണിത 15 ഓക്സിജൻ ബെഡ്, നാല് എച്ച്.ഡി.യു, രണ്ട് ഐ.സി.യു, കാർഡിയോളജി വിഭാഗത്തിലെ 4ഡി എക്കോ മെഷീൻ, പോർട്ടബിൾ എക്കോ മെഷീൻ, അഗ്നിബാധയിൽ നശിച്ചതിനെത്തുടർന്ന് നവീകരിച്ച മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി, ആർപ്പൂക്കര പഞ്ചായത്ത് നിർമിച്ചു നൽകിയ എയ്റോബിക് കംപോസ്റ്റിങ് യൂനിറ്റ്, പുതുതായി പണിത മൂന്നു ലിഫ്റ്റ്, അത്യാഹിത വിഭാഗം, മൂന്നാം നിലയിലെ 25 ഐ.സി.യു ബെഡ്, നഴ്സിങ് ഓഫിസ് നവീകരണം, നവീകരിച്ച ഒ.പി ഫാർമസി, നവീകരിച്ച കാസ്പ് കൗണ്ടർ, വെരിക്കോസ് വെയിൻ ചികിത്സക്കുള്ള ലേസർ സർജറി യൂനിറ്റ്, സ്ട്രോക് യൂനിറ്റ്, പാലിയേറ്റിവ് കെയർ യൂനിറ്റ്, റീഹാബിലിറ്റേഷൻ യൂനിറ്റ്, ഗ്രീഫ് കെയർ സർവിസുകൾ, ബയോകെമിസ്ട്രി ലാബിൽ രോഗ നിർണയ പരിശോധനക്കായി സ്ഥാപിച്ച ഇന്റഗ്രേറ്റഡ് അനലൈസർ-റോഷ് കൊബാസ് പ്യൂവർ എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുക.
ഗൈനക്കോളജി വിഭാഗത്തിൽ ആരംഭിക്കുന്ന ആധുനിക സംവിധാനങ്ങളോടു കൂടിയ നെഗറ്റിവ് പ്രഷർ ഐ.സി.യു, ഓഫ്താൽമോളജി ഓപറേഷൻ തിയറ്റർ, ഒ.പി ബ്ലോക്ക് നവീകരണം എന്നിവയുടെ നിർമാണോദ്ഘാടനവും ഇതിനൊപ്പം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.