പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയെ പാലാ പൊലീസ് മര്‍ദിച്ചതായി പരാതി. വളയന്‍ചിറങ്ങര കണിയാക്കപറമ്പില്‍ മധുവിന്റെ മകന്‍ കെ.എം. പാര്‍ഥിപനെയാണ് (17) 29ന് വാഹന പരിശോധനക്കിടെ പാലാ പൊലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ചതായി പറയുന്നത്. പരാതിയെത്തുടര്‍ന്ന് വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തി പാലാ പൊലീസ് കേസെടുത്തു.
നെല്ലിക്കുഴി ഇന്ദിര ഗാന്ധി പോളിടെക്‌നിക് കോളജിലെ മെക്കാനിക്കല്‍ വിഭാഗം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ പാര്‍ഥിപന്‍ കൂട്ടുകാരനെ കാണാന്‍ കാറില്‍ പോകുമ്പോൾ വാഹന പരിശോധനയുടെ പേരില്‍ കസ്റ്റഡിയിലെടുത്ത് മർദിച്ചെന്നാണ് പരാതി. മയക്കുമരുന്ന് കൈവശമുണ്ടെന്ന കാരണം പറഞ്ഞ് കസ്റ്റഡിയിലെടുത്ത തന്നെ രണ്ട് പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ചെന്ന് യുവാവ് പറയുന്നു.
എന്നാല്‍, കൈകാണിച്ചിട്ട് വാഹനം നിര്‍ത്താതെ പോയതിന് കേസെടുക്കുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. മര്‍ദനം പൊലീസ് നിഷേധിച്ചു. യുവാവ് പാലായിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ശാരീരിക പ്രയാസങ്ങളെ തുടര്‍ന്ന് ഇപ്പോള്‍ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിശോധനയില്‍ ഇടുപ്പെല്ലിന് പൊട്ടല്‍ കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.