തിരുവനന്തപുരം: പരമാവധി വിവാദങ്ങള്‍ ഒഴിവാക്കി സ്ഥാനാർഥി നിര്‍ണയം നടത്തണമെന്ന് കെ.പി.സി.സി തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ധാരണ. സ്ഥാനാർഥികളുടെ സാധ്യതാപട്ടിക പോലും പുറത്തുവിടാന്‍ പാടില്ലെന്നും വ്യാഴാഴ്ച രാത്രി വൈകി അവസാനിച്ച യോഗം നിർദേശിച്ചു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍, സ്ഥാനാർഥി നിർണയ സമയത്ത് പാര്‍ട്ടിക്കുള്ളിലുണ്ടായ അനാവശ്യ വിവാദങ്ങൾ തിരിച്ചടിക്ക് പ്രധാന കാരണമായെന്ന നിഗമനത്തിലാണ് പുതിയ ധാരണ. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുംമുമ്പ് സാധ്യതാപട്ടിക തയാറാക്കണം. സ്വയം പ്രഖ്യാപിത സ്ഥാനാർഥികള്‍ ഇത്തവണ ഉണ്ടാകരുത്. ഒരു മണ്ഡലത്തിൽ ഒന്നിലേറെപേർ സ്ഥാനാർഥിത്വം ആഗ്രഹിക്കുന്നുവെങ്കിൽ അന്തിമ തീരുമാനമെടുക്കുംമുമ്പ് എല്ലാവരുമായും ചർച്ച നടത്തി സമവായത്തിലെത്തണം. സ്ഥാനാർഥി ചര്‍ച്ചയുടെ രഹസ്യസ്വഭാവം കര്‍ശനമായി കാത്തുസൂക്ഷിക്കണം. വിജ്ഞാപനം പുറത്തുവരുന്നതിന് പിന്നാലെ അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചാല്‍ മതിയെന്നും യോഗത്തിൽ ധാരണയായി.
നിയോജക മണ്ഡലങ്ങളിൽ പ്രചാരണം ഉൾപ്പെടെ ഏകോപന ചുമതല അതത് പ്രദേശങ്ങളിലെ എം.പിമാര്‍ക്കായിരിക്കും. എം.പിമാർക്കും തെരഞ്ഞെടുപ്പ് സമിതി അംഗങ്ങള്‍ക്കും സ്ഥാനാർഥികളുടെ പേരുകള്‍ നിർദേശിക്കാം. പ്രകടനപത്രിക തയാറാക്കുംമുമ്പ് താഴെത്തട്ടില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നതിെൻറ ഭാഗമായി നിയോജക മണ്ഡലങ്ങളിൽ ഉടൻ ജനസഭ സംഘടിപ്പിക്കും. പാർട്ടിക്ക് അർഹമായ രാജ്യസഭാ സീറ്റ് തുടർച്ചയായി ഘടകകക്ഷികൾക്ക് വിട്ടുകൊടുക്കുന്ന നേതൃത്വത്തിെൻറ നിലപാടിനെതിരെ യോഗത്തിൽ വിമർശനം ഉയർന്നു.
ഘടകകക്ഷികളുമായി നടന്നുവരുന്ന സീറ്റ് വിഭജന ചർച്ച ഒരാഴ്ചക്കകം പൂർത്തീകരിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല യോഗത്തിൽ അറിയിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് സംഘടന സംവിധാനം പലയിടത്തും കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് എ.ഐ.സി.സി പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. പ്രതിപക്ഷനേതാവ് നയിച്ച െഎശ്വര്യ കേരള യാത്ര വൻ വിജയമായെന്നും യോഗം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.