കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിലും മധ്യകേരളം ലക്ഷ്യമിട്ട് മുന്നണികൾ. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിെൻറ വരവോടെ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ നേട്ടം നിയമസഭ തെരഞ്ഞെടുപ്പിലും ആവർത്തിക്കാനാണ് ഇടതുമുന്നണി ശ്രമം. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി അതിജീവിക്കാൻ മറുതന്ത്രങ്ങളുമായി യു.ഡി.എഫും സജീവമാണ്. കാൽലക്ഷത്തോളം വോട്ട് നേടിയ ചില മണ്ഡലങ്ങളിലാണ് എൻ.ഡി.എയുടെ നോട്ടം. മുന്നണി പ്രവേശന സാധ്യതകൾ അടഞ്ഞതോടെ പി.സി. ജോർജ് ഇക്കുറിയും പൂഞ്ഞാറിൽ സ്വതന്ത്രനായി രംഗത്തെത്തിയേക്കും. ഇതോടെ അവിെട ചതുഷ്കോണ മത്സരത്തിന് വേദിയാകും.
പാലായിൽ കേരള കോൺഗ്രസ്-എൻ.സി.പി തർക്കം പരിഹരിച്ചില്ലെങ്കിൽ മാണി സി. കാപ്പൻ യു.ഡി.എഫ് സ്ഥാനാർഥിയാകാനുള്ള സാധ്യതയും തള്ളാനാവില്ല. കാഞ്ഞിരപ്പള്ളിയെ ചൊല്ലി കേരള കോൺഗ്രസും സി.പി.ഐയും ഭിന്നതയിലാണ്. ജയസാധ്യതയുള്ള സീറ്റുകൾ കേരള കോൺഗ്രസിനുതന്നെ നൽകണമെന്ന അഭിപ്രായം ഇടതുമുന്നണിയിലുണ്ട്. 15 സീറ്റാണ് ജോസ് പക്ഷം ആവശ്യപ്പെടുന്നത്. 10 മുതൽ 13 വരെ സീറ്റുകൾ നൽകുമെന്നാണ് സൂചന. അതിനായി ചില വിട്ടുവീഴ്ചകൾക്കും ജോസ് പക്ഷം തയാറായിട്ടുണ്ട്.
അതേസമയം കേരള കോൺഗ്രസ് മത്സരിച്ച സീറ്റുകളിൽ കോൺഗ്രസിൽ സ്ഥാനാർഥി മോഹികൾ നിരവധിയുണ്ട്. അന്തിമഘട്ടത്തിൽ എ.ഐ.സി.സിയുടെ ഇടപെടൽ ഉണ്ടാകുമെന്ന ആശ്വാസത്തിലാണ് നേതാക്കൾ. കേരള കോൺഗ്രസ് മത്സരിച്ച മുഴുവൻ സീറ്റുകളിലും ജോസഫ് വിഭാഗം അവകാശവാദം ഉന്നയിക്കുന്നതും യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കുന്നു. 15 സീറ്റാണ് ജോസഫും ആവശ്യപ്പെടുന്നത്. എന്നാൽ, കേരള കോൺഗ്രസ് ജോസ്-ജോസഫ് വിഭാഗങ്ങൾ േനർക്കുനേർ മത്സരിച്ചേക്കാവുന്ന മണ്ഡലങ്ങളിൽ പോലും ജോസഫ് വിഭാഗത്തിന് അനുയോജ്യരായ സ്ഥാനാർഥികളില്ലെന്നത് കോൺഗ്രസിന് നേട്ടമാവുകയാണ്. ജയസാധ്യതയുള്ള സ്ഥാനാർഥികളുടെ അഭാവം ചൂണ്ടിക്കാട്ടി കടുത്തുരുത്തിയും തൊടുപുഴയും അടക്കം മൂന്നോ നാലോ സീറ്റുകൾ നൽകി ബാക്കിയെല്ലാം ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, പൂഞ്ഞാർ, ഇടുക്കി, കോതമംഗലം, കുട്ടനാട്, തിരുവല്ല തുടങ്ങിയ സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥി പട്ടികയും തയാറാക്കുന്നുണ്ട്. ഇടതുമുന്നണി മികച്ച സ്ഥാനാർഥികളെ തന്നെ മത്സരത്തിനിറക്കുമെന്നാണ് സൂചന. ബി.ജെ.പിയും ബി.ഡി.ജെ.എസും മധ്യകേരളത്തിൽ പലയിടത്തും മത്സരിക്കാൻ ധാരണയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.