പറവൂർ: രണ്ട് ഡി.സി.സി സെക്രട്ടറിമാരുള്ള പുത്തൻവേലിക്കര പഞ്ചായത്തിൽ സ്ഥിരം സമിതിയിൽ അംഗത്വമില്ലാത്തത് പാർട്ടിക്ക് നാണക്കേടായി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് അംഗങ്ങൾ കൃത്യസമയത്ത് പഞ്ചായത്ത് കമ്മിറ്റിയിൽ ഹാജരാകാതെ വന്നതാണ് വിനയായത്.
കൃത്യസമയത്ത് നോമിനേഷൻ കൊടുക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്യുന്നതിൽ ഡി.സി.സി സെക്രട്ടറിമാരുടെയും മണ്ഡലം ഭാരവാഹികളുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണ് ഇതിന് കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് സ്ഥിരംസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അറിവില്ലായ്മമൂലം അംഗങ്ങളുടെ െതരഞ്ഞെടുപ്പിൽ യു.ഡി.എഫ് അംഗങ്ങൾക്ക് പങ്കെടുക്കാനായില്ല. വ്യാഴാഴ്ച രാവിലെ 11നായിരുന്ന െതരഞ്ഞെടുപ്പ്.
വരണാധികാരി നോമിനേഷൻ അതിനുമുേമ്പ സ്വീകരിച്ചുതുടങ്ങിയിരുന്നു. ഭരണപക്ഷമായ എൽ.ഡി.എഫിലെ അംഗങ്ങൾ നോമിനേഷൻ കൊടുത്തെങ്കിലും പ്രതിപക്ഷമായ യു.ഡി.എഫിലെ അംഗങ്ങൾ കൃത്യസമയത്ത് നോമിനേഷൻ കൊടുത്തില്ല. അതിനാൽ, നോമിനേഷൻ കൊടുത്ത എൽ.ഡി.എഫ് അംഗങ്ങൾ മാത്രം വിവിധ സ്ഥിരംസമിതികളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന അവസ്ഥ സംജാതമായി. ഇനി സ്ഥിരംസമിതികളിൽ നികത്താനുള്ള ഒഴിവുകളിലേക്ക് മാത്രമേ യു.ഡി.എഫ് അംഗങ്ങൾക്ക് അംഗമാകാൻ കഴിയൂ.
നറുക്കെടുപ്പിലൂടെ ഏതെങ്കിലുമൊരു സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം ലഭിക്കാനുള്ള സാധ്യതയും ഇല്ലാതായി. തുടർച്ചയായി മൂന്നുതവണ യു.ഡി.എഫ് ഭരിച്ച പഞ്ചായത്താണ് പുത്തൻവേലിക്കര. ഇക്കുറി എൽ.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. എൽ.ഡി.എഫ് 10, യു.ഡി.എഫ് ആറ്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. പഞ്ചായത്ത് ഭരണം കൈവിട്ടതിന് പിന്നാലെ സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ നോമിനേഷൻ കൊടുക്കാൻ കഴിയാതെവന്നത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.