ജനദ്രോഹ ഭരണത്തിനെതിരെ കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് വളയും -കെ. സുധാകരൻ

കണ്ണൂര്‍: സംസ്ഥാന സർക്കാരിന്‍റെ ഭരണ പരാജയങ്ങൾക്കും ജനദ്രോഹത്തിനുമെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആവിഷ്ക്കരിക്കാൻ കെ.പി.സി.സി യോഗം തീരുമാനിച്ചതായി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി. കെ.പി.സി.സി ഭാരവാഹിയോഗ തീരുമാനം വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് മാസത്തേക്കുള്ള പാർട്ടി പരിപാടികൾക്കും പ്രക്ഷോഭ പരിപാടികൾക്കുമാണ് കെ.പി.സി.സി അന്തിമരൂപം നല്‍കിയത്. സമരപരമ്പരകളുടെ ആദ്യഘട്ടമായി നവംബർ 3 ന് സംസ്ഥാനത്തെ എല്ലാ ജില്ലാ കലക്ടറേറ്റുകളിലേക്കും കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. "പിണറായി ഭരണത്തിനെതിരെ പൗര വിചാരണ" എന്ന പേരിലുള്ള തുടർപ്രക്ഷോഭങ്ങളുടെ ആദ്യഘട്ടമായാണ് കലക്ടറേറ്റ് മാർച്ചുകൾ നടത്തുന്നത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലേക്കായിരിക്കും മാർച്ച് നടത്തുന്നത്.

സർക്കാരിനെതിരായ പ്രക്ഷോഭത്തിന്‍റെ രണ്ടാം ഘട്ടമായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന വാഹന പ്രചരണ ജാഥകൾ നവംബർ 20 മുതൽ 30 വരെയുള്ള തീയ്യതികളിൽ സംഘടിപ്പിക്കും. ഡിസംബർ രണ്ടാം വാരത്തിൽ സെക്രട്ടേറിയറ്റിന് മുന്നില്‍ പതിനായിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കുന്ന 'സെക്രട്ടേറിയറ്റ് വളയൽ' സമരം മൂന്നാം ഘട്ട പ്രക്ഷോഭത്തിന്‍റെ ഭാഗമായി നടത്തുമെന്നും സുധാകരന്‍ പറഞ്ഞു.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഒക്ടോബർ 31ന് വിപുലമായ അനുസ്മരണ പരിപാടികളോടെ ആചരിക്കും.ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ അനുസ്മരണം സംഘടിപ്പിക്കുന്നതോടൊപ്പം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ "ഭാരത് ജോഡോ പ്രതിജ്ഞ" ചൊല്ലി പൊതുപരിപാടികൾ സംഘടിപ്പിക്കും.

"നരബലിയുടെ തമസ്സിൽ നിന്ന് നവോത്ഥാനത്തിന്‍റെ തുടർച്ചയിലേക്ക്" എന്ന മുദ്രാവാക്യമുയർത്തി ജവഹർലാൽ നെഹ്രുവിന്‍റെ ജന്മദിനമായ നവംബർ 14ന് അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ക്യാമ്പയിന് കോൺഗ്രസ് പാർട്ടി തുടക്കം കുറിക്കും. ഇതിന്‍റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നവംബർ 14 ന് നവോത്ഥാന സദസ്സുകൾ സംഘടിപ്പിക്കും. മയക്കുമരുന്ന് വ്യാപനവും പ്രതികാരക്കൊലകളുമടക്കമുള്ള സാമൂഹ്യ തിന്മകൾക്കെതിരായ ബോധവൽക്കരണം നടത്തും. പാർട്ടി പ്രവർത്തകരോടൊപ്പം എഴുത്തുകാരും ചിന്തകരും സാമൂഹ്യ പ്രവർത്തകരും ഉള്‍പ്പെടെയുള്ളവര്‍ ഈ ക്യാമ്പയിന്‍റെ ഭാഗമായി അണിനിരക്കും. ഇതിന്‍റെ തുടർച്ചയായി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ "അന്ധവിശ്വാസത്തിനെതിരെ ആയിരം സദസ്സുകൾ" സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - Congress statewide protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.