മുഖ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കാൻ ഗൂഢാലോചന- മന്ത്രി വി.ശിവൻകുട്ടി

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനെ ശാരീരികമായി ആക്രമിക്കാൻ ഗൂഢാലോചനയെന്ന് മന്ത്രി വി.ശിവൻകുട്ടി. കല്ലിയൂർ പഞ്ചായത്തിലെ തരിശായി കിടന്ന രണ്ട് ഏക്കർ സ്ഥലത്ത് സി.പി.എം ലോക്കൽ കമ്മിറ്റി നടത്തിയ നെൽകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ ഭരണത്തുടർച്ച ഉറപ്പാക്കുമെന്ന ഭയമാണ് രാഷ്ട്രീയ ശത്രുക്കൾക്കുള്ളത്.

വിമോചന സമരം മാതൃകയിലുള്ള സമരം സംഘടിപ്പിക്കാനാണ് ശ്രമം. കാലം മാറിയത് രാഷ്ട്രീയ ശത്രുക്കൾക്ക് മനസ്സിലായിട്ടില്ല. കേരള ജനത ഒന്നടങ്കം മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്നിൽ അണിനിരന്നത് മികച്ച ഭരണാധികാരി എന്നതുകൊണ്ട് തന്നെയാണ്. അതുകൊണ്ടാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 99 സീറ്റ് നൽകി ജനം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അധികാരത്തിൽ എത്തിച്ചത്.

തൃക്കാക്കരയിൽ എന്തോ അത്ഭുതം സംഭവിച്ചു എന്ന മട്ടിലാണ് പ്രചാരണം. അതിന്റെ പിന്നാലെയാണ് മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമം നടന്നിരിക്കുന്നത്. യുഡിഎഫ് സീറ്റ് അവർ നിലനിർത്തിയത് എൽഡിഎഫിന് തിരിച്ചടിയായി എന്ന മട്ടിലാണ് പ്രചാരണം.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്രഏജൻസികൾ നിരവധി അന്വേഷണങ്ങൾ നടത്തി. അതിൽ ഇപ്പോൾ ആക്ഷേപിക്കപ്പെട്ട തരത്തിലുള്ള ഒരു കണ്ടുപിടുത്തവും നടത്തിയില്ല. രണ്ടുപേർ നടത്തിയ സംഭാഷണം റെക്കോർഡ് ചെയ്തു ആളുകളെ കേൾപ്പിച്ചതിനപ്പുറം ഒരു തെളിവും പുതിയതായി ഉണ്ടായിട്ടില്ല.

മുഖ്യമന്ത്രിക്ക് സുരക്ഷ കൂട്ടിയെന്ന് ആക്ഷേപിച്ച് അപകടം ഉണ്ടാക്കാനാണ് ശ്രമം. കൃത്യമായ സൂചനകൾ ഉണ്ടായത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് സുരക്ഷ കൂട്ടിയത്. മുഖ്യമന്ത്രിക്ക് ആവശ്യമായ സുരക്ഷ നൽകേണ്ട ഉത്തരവാദിത്വം കേരള പോലീസിനുണ്ട്. റോഡിലൂടെ തനിയെ നടന്നാൽ പോലും പിണറായി വിജയനെ സംരക്ഷിക്കാൻ ലക്ഷക്കണക്കിനാളുകളുണ്ട്. ഒരു പദവിയിൽ ഇരിക്കെ അതിന്റെ പ്രോട്ടോകോൾ പാലിക്കേണ്ടതുണ്ട്.

പേടിപ്പിക്കൽ വിരട്ടലും കേരളത്തിൽ നടക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കല്ലിയൂർ പഞ്ചായത്തിലെ തരിശായി കിടന്ന രണ്ട് ഏക്കർ സ്ഥലത്ത് സി.പി.എമ്മിന്റെ ആഭിമുഖ്യത്തിൽ നെൽകൃഷി നടത്തുകയായിരുന്നു. കല്ലിയൂർ അരി എന്ന ബ്രാന്റിൽ ഈ അരി അറിയപ്പെടും. ബ്രാന്റ് ലോഗോയും കവറും മന്ത്രി പുറത്തിറക്കി.

Tags:    
News Summary - Conspiracy to physically assault CM: Minister V Sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.