മൂന്നാർ: ഹൈഡൽ ടൂറിസത്തിന് കീഴിലെ മൂന്നാർ ഹൈഡൽ ഉദ്യാനത്തിലെ വിവാദ നിർമാണം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ഹൈകോടതി നിയോഗിച്ച എകാംഗ കമീഷൻ ഉദ്യാനത്തിലെത്തി തെളിവെടുപ്പ് നടത്തി.സി.പി.എം ഭരിക്കുന്ന മൂന്നാർ സർവിസ് സഹകരണ സംഘത്തിന് ടൂറിസം പദ്ധതികൾ നടപ്പാക്കാൻ ഉദ്യാനത്തിന്റെ ഒരുഭാഗം പാട്ടത്തിന് നൽകിയിരുന്നു.
റവന്യൂ വകുപ്പിന്റെ അനുമതി ഇല്ലാതെയും പുഴയോരത്തുനിന്ന് നിശ്ചിത അകലം പാലിക്കാതെയും ഇവിടെ നിർമാണങ്ങൾ നടത്തുന്നതായി കാട്ടി ഐ.എൻ.ടി.യു.സി മൂന്നാർ ബ്ലോക്ക് വൈസ് പ്രസിഡന്റ് ആർ. രാജാറാമാണ് ഹൈകോടതിയെ സമീപിച്ചത്. കോടതി നിർദേശപ്രകാരം റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പരിശോധന നടത്തി ഇവിടത്തെ നിർമാണങ്ങൾ തടഞ്ഞിരുന്നു.
ഇത് വകവെക്കാതെ സഹകരണസംഘം അധികൃതർ നിർമാണം തുടർന്നതോടെയാണ് രാജാറാം വീണ്ടും ഹൈകോടതിയെ സമീപിച്ചത്. നിരോധനം നിലനിൽക്കുമ്പോഴും ചട്ടങ്ങൾ ലംഘിച്ച് ഉദ്യാനത്തിൽ നിർമാണം നടക്കുന്നതായും കോടതി കമീഷനെ നിയോഗിച്ച് നേരിട്ട് ബോധ്യപ്പെടണമെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ ആവശ്യം.
ഇതേ തുടർന്നാണ് ഹൈകോടതി അഡ്വക്കറ്റ് നബീൽ കബീറിനെ കമീഷനായി നിയോഗിച്ചത്. ശനിയാഴ്ച രാവിലെ മൂന്നാറിലെത്തിയ അഡ്വ. നബീൽ ഉദ്യാനത്തിലെത്തി നിർമാണങ്ങളും നിലവിലെ സ്ഥിതിയും വിലയിരുത്തി. ദേവികുളം തഹസിൽദാർ ഗോപാലകൃഷ്ണപിള്ളയും ഒപ്പമുണ്ടായി. കോടതി നിർദേശമനുസരിച്ച് ഉടൻ റിപ്പോർട്ട് നൽകുമെന്ന് അഡ്വ. നബീൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.