പാലക്കാട്: അഴിമതി-കൈക്കൂലി ആരോപണങ്ങളും ക്രമക്കേടുകളും നേരിടുന്ന ഷോളയൂര്‍ വില്ലേജ് ഓഫീസര്‍ ഇ.എസ്. അജിത് കുമാറിനെ അന്വേഷണവിധേയമായി സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു. ജോലിയില്‍ ക്രമേക്കേട്, അഴിമതി എന്നിവ കാണിച്ചതായി കണ്ടെത്തിയതിന്റെയും സേവനങ്ങള്‍ക്കായി പൊതുജനങ്ങളില്‍നിന്നും കൈക്കൂലി വാങ്ങുന്നുവെന്ന ആരോപണത്തിന്റെയും അടിസ്ഥാനത്തിലാണ് സസ്പെന്‍ഷനെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
സംസ്ഥാനതല ഇന്‍സ്‌പെക്ഷന്‍ സ്‌ക്വാഡ് ഷോളയൂര്‍ വില്ലേജ് ഓഫീസില്‍ നടത്തിയ മിന്നല്‍ പരിശോധനയെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. റവന്യു വകുപ്പിലെ സേവനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളില്‍നിന്ന് ലഭ്യമാകുന്ന പരാതികള്‍ സര്‍ക്കാര്‍ തലത്തില്‍ പരിശോധിക്കുന്നതിന്റെ ഭാഗമായായിരുന്നു പരിശോധന. ജോലിയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനു പുറമേ, കൈക്കൂലി നല്‍കിയാല്‍ മാത്രമേ ഇദ്ദേഹം സേവനം നല്‍കാറുള്ളൂ എന്ന് പൊതുജനങ്ങള്‍ പരിശോധന സംഘത്തിന് പരാതി നല്‍കിയിരുന്നു.
അതേസമയം, സ്വന്തം ഭൂമിയിൽനിന്ന് ഭീഷണിപ്പെടുത്തി ഇറക്കിവിടാൻ ഷോളയൂർ വില്ലേജ് ഓഫീസർ അജിത് കുമാറും സംഘവും ശ്രമിച്ചുവെന്ന് അട്ടപ്പാടിയിലെ വെള്ളകുളത്ത് ആദിവാസി കുടുംബം നേരത്തെ അഗളി ഡി.വൈ.എസ്.പിക്ക് പരാതി നൽകിയിരുന്നു. കുടിയിറക്കാൻ മന്ത്രിയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് വെള്ളകുളത്ത് താമസിക്കുന്ന ലക്ഷ്മിയാണ് പരാതി നൽകിയത്.
പരാതി പ്രകാരം ഷോളയൂർ വില്ലജ് ഓഫിസർ, പുതൂർ വില്ലേജ് അസിസ്റ്റൻറ് ശിവസ്വാമി എന്നിവരുടെ നേതൃത്വത്തിൽ കണ്ടാലറിയിറുയന്ന 10 ലധികം പേരാണ് നിരവധി വാഹനങ്ങളിലായി വെള്ളകുളത്ത് എത്തിയത്. അവരോടൊപ്പം വന്ന അരുൺ സുകുമാരൻ എന്നയാളും സംഘവും ബലമായി ആദിവാസി ഭൂമിയിൽ പ്രവേശിച്ച് സർവേ നടത്തി. ഭൂമി അളക്കാൻ വില്ലേജ് ഓഫിസറോടൊപ്പം എത്തിയത് സ്വകാര്യ സർവേ സംഘമായിരുന്നു.
ലക്ഷ്മിയുടെ ഭർത്താവിൻറെ മുത്തച്ഛൻ പെരുമാളിന്റെ പേരിൽ ഷോളയൂർ വില്ലേജിൽ സർവ്വേ നമ്പർ 1834 ലുള്ള ഭൂമിയിലാണ് കുടുംബം താമസിക്കുന്നത്. ഭൂമി അവരുടെ കൈവശമാണ്. ഇതുവരെ ആരും അവകാശവാദം ഉന്നയിച്ചിട്ടില്ല. വില്ലേജിലെ എ ആൻഡ് ബി രജിസ്റ്ററിലും ആദിവാസി ഭൂമിയാണ്. 'മാധ്യമം' ഓൺലൈൻ ആണ് സംഭവം പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.