തൃശൂർ: ലോക്ഡൗൺ നിയന്ത്രണങ്ങൾ അയഞ്ഞിട്ടും മരുന്നുൽപാദനത്തിനുള്ള രാസവസ്തുക്കളുടെ വരവ് ഭാഗികം മാത്രം. മുംബൈയിൽ നിന്നാണ് പ്രധാനമായും ഇവയെത്തുന്നത്. ഇപ്പോൾ ഇരട്ടിത്തുകയാണ് ട്രക്ക് ഡ്രൈവർമാർ ആവശ്യപ്പെടുന്നതെന്ന് മരുന്നുനിർമാണമൊത്തവ്യാപാരികൾ പറയുന്നു. കൊണ്ടുവരുന്ന ഉൽപന്നത്തിെൻറ കിലോ കണക്കാക്കിയാണ് തുക നിശ്ചയിക്കുക. നേരത്തെ ഏഴോ എട്ടോ രൂപയുണ്ടായിരുന്നിടത്ത് ഇപ്പോൾ കിലോക്ക് 16 രൂപയാണ് ട്രക്കിൽ കൊണ്ടുവരാൻ ഇവർ ആവശ്യപ്പെടുന്നതെന്ന് സതേൺ യൂനിയൻ ഫാർമസ്യൂട്ടിക്കൽസ് മാനേജിങ് ഡയറക്ടർ പി.ജെ. പൊന്നപ്പൻ പറഞ്ഞു. മരുന്ന് കൊണ്ടുവരാൻ മതിയായ ട്രക്കുകൾ ലഭിക്കാത്ത അവസ്ഥയുമുണ്ട്.
ആവശ്യം വർധിച്ചതോടെ സാനിറ്റൈസർ നിർമിക്കാനുള്ള ഘടക രാസവസ്തുവായ ഐസോ പ്രൊപ്പൈൽ ആൽക്കഹോളിെൻറ വിലയും മുംബൈയിലെ നിർമാതാക്കൾ വർധിപ്പിച്ചു. 80 രൂപയുണ്ടായിരുന്ന ഈ രാസവസ്തുവിന് ഇപ്പോൾ വില 200 നടുത്താണ്.
കിലോക്ക് 60 രൂപയുണ്ടായിരുന്ന ഗ്ലിസറിൻ വില 100 രൂപയായി. ഗോദ്റജാണ് പ്രധാന നിർമാതാക്കൾ. ഡെറ്റോൾ പോലുള്ള ആൻറിസെപ്റ്റിക് ദ്രാവകങ്ങളുടെ വിലയും കുതിച്ചുയർന്നു. ഇത്തരം ആൻറിസെപ്റ്റിക് ദ്രാവകങ്ങളുണ്ടാക്കാനുള്ള പാരാ േക്ലാറോ മെറ്റോസൈലനോൾ എന്ന രാസപദാർഥത്തിെൻറ വിലയാണ് കിലോക്ക് 1000 രൂപയിൽ നിന്ന് 1800 ആയതെന്ന് മരുന്ന് നിർമാതാക്കൾ പറയുന്നു.
ചൈനയിൽ നിന്നുള്ള മരുന്നുചേരുവകളുടെ വരവ് നിലച്ചത് രാജ്യത്തെ മരുന്ന് മേഖലയെ ബാധിച്ചു. ഇന്ത്യയിലെ അവശ്യമരുന്നുകളിൽ ഉൾപ്പെടുത്തിയ 373 രാസവസ്തുക്കളിൽ 200 എണ്ണത്തിെൻറ പ്രധാന ചേരുവ ചൈനയിൽ നിന്നാണ്. വേദനസംഹാരിയായ പാരസെറ്റമോൾ കുറഞ്ഞ വിലയിൽ എത്തിയിരുന്നത് ചൈനയിൽ നിന്നായിരുന്നു. ഇന്ത്യൻ വിപണിയിലെ 70 ശതമാനം ആൻറിബയോട്ടിക്കുകളും വിറ്റാമിനുകളുമുൾപ്പെടെ മിക്ക മരുന്നുകളുടെ ചേരുവകളുടെയും ഇറക്കുമതിയും അവിടെ നിന്നാണ്. എന്നാൽ, ലോക്ഡൗൺ കാലത്ത് മരുന്നുവ്യാപാരം ഇടിഞ്ഞതിനാൽ വിലക്കയറ്റവും ലഭ്യതക്കുറവും ജനത്തെ ബാധിച്ചില്ല. ഇന്ത്യൻ മരുന്നുനിർമാണ കമ്പനികൾ ഈ അവസരം മുതലെടുത്ത് ഉൽപാദനം വർധിപ്പിച്ചത് ആഗോളവിപണിയിലും ആഭ്യന്തര വിപണിയിലും ചൈനയുടെ അപ്രമാദിത്തം കുറക്കാനിടയാക്കിയിട്ടുണ്ടെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.