തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന് വേണ്ടിയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ രജിസ്‌ട്രേഷന്‍ അന്തിമഘട്ടത്തിലെത്തിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സര്‍ക്കാര്‍ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലേയും (4064) സ്വകാര്യ മേഖലയിലെ 81 ശതമാനം സ്ഥാപനങ്ങളിലേയും (4557) ജീവനക്കാരുടെ ജില്ലാതല രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ട്. ബാക്കിയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും എത്രയും വേഗം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മെഡിക്കൽ വിദ്യാര്‍ത്ഥികള്‍ക്കുമാണ് വാക്‌സിന്‍ ലഭ്യമാക്കുക. മോഡേണ്‍ മെഡിസിന്‍, ആയുഷ്, ഹോമിയോ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലേയും സ്ഥിരവും താത്ക്കാലികവുമായി നിലവില്‍ ജോലി ചെയ്യുന്ന എല്ലാവരേയും ഉൾപ്പെടുത്തും. 27,000ത്തോളം ആശ വര്‍ക്കര്‍മാരേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍, ദന്തല്‍, നഴ്‌സിംഗ്, പാരാമെഡിക്കല്‍ തുടങ്ങിയ എല്ലാ ആരോഗ്യ വിഭാഗം വിദ്യാര്‍ത്ഥികളേയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഇതുസംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ആരോഗ്യ പ്രവര്‍ത്തകരെ കൂടാതെ ഐ.സി.ഡി.എസ്. അങ്കണവാടി ജീവനക്കാരേയും ഐ.സി.ഡി.എസ്. ഉദ്യോഗസ്ഥരേയും ഇതോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരുടെ രജിസ്‌ട്രേഷനും പൂര്‍ത്തിയായിട്ടുണ്ട്. സംസ്ഥാനത്തെ 33,000ത്തോളം അങ്കണവാടികളിലെ ജീവനക്കാരെയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം വാക്‌സിന്‍ വിതരണത്തിന് സംസ്ഥാന തലത്തില്‍ ഒരു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വാക്‌സിന്‍ വിതരണത്തിനായി വലിയ മുന്നൊരുക്കമാണ് ആരോഗ്യ വകുപ്പ് നടത്തിയിട്ടുള്ളത്. ഇതിനായി സംസ്ഥാന തലത്തില്‍ സ്റ്റേറ്റ് നോഡല്‍ ഓഫീസറേയും സ്റ്റേറ്റ് അഡ്മിനേയും ചുമതലപ്പെടുത്തി. സ്റ്റേറ്റ് നോഡല്‍ ഓഫീസറുടെ കീഴില്‍ എല്ലാ ജില്ലകളിലും ജില്ലാ നോഡല്‍ അതോറിറ്റി രൂപീകരിച്ചിട്ടുണ്ട്.
ഇതുകൂടാതെ ആയുഷ്, ഹോമിയോ, വിഭാഗങ്ങളില്‍ പ്രത്യേക നോഡല്‍ ഓഫീസര്‍മാരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ഏകോപനത്തോടെയാണ് എല്ലാ വിഭാഗങ്ങളുടേയും വിവരങ്ങള്‍ ശേഖരിക്കുന്നത്. രജിസ്‌ട്രേഷനായി ഒരു സ്റ്റാന്റേര്‍ഡ് ഡേറ്റ ഷീറ്റ് തയ്യാറാക്കി എല്ലാ ജില്ലകള്‍ക്കും നല്‍കിയിട്ടുണ്ട്. അവരാണ് സര്‍ക്കാര്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ഇത് അയച്ച് കൊടുക്കുന്നത്. അവര്‍ പൂരിപ്പിച്ച ഡേറ്റ ഷീറ്റ് തിരികെ ജില്ലാ നോഡല്‍ അതോറിറ്റിക്ക് അയച്ച് കൊടുക്കുന്നു. ജില്ല നോഡല്‍ അതോറിറ്റി നേരിട്ട് കേന്ദ്ര സര്‍ക്കാരിന്‍റെ സൈറ്റിലേക്ക് അപ് ലോഡ് ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.